Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2017 8:29 AM GMT Updated On
date_range 7 July 2017 8:29 AM GMT497 ഏക്കര്‍ ഭൂമി വ്യവസായശാലക്ക് കൈമാറാന്‍ സന്നദ്ധരായി 459 ഉടമകള്‍
text_fieldsമംഗളൂരു: ദക്ഷിണ കന്നട ജില്ലയില്‍ അഞ്ചു വില്ലേജുകളില്‍ മംഗളൂരു റിഫൈനറീസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ (എം.ആര്‍.പി.എല്‍) വിപുലീകരണ പദ്ധതിക്കായി കൃഷിഭൂമി കൈമാറുന്ന നടപടികള്‍ പൂര്‍ത്തിയാകുന്നു. 937 പേരുടെ 865.34 ഏക്കര്‍ അക്വയര്‍ ചെയ്തതില്‍ 459 ഉടമകള്‍ 496.86 ഏക്കര്‍ കൈമാറുന്നതിന് ഉടമ്പടിയില്‍ ഒപ്പുവെച്ചു. കൃഷിഭൂമി ഇല്ലാതാകുന്നതിനെതിരെ പ്രദേശവാസികള്‍ പ്രക്ഷോഭം തുടരുന്നതിനിടെയാണ് സര്‍ക്കാര്‍തലത്തില്‍ നടപടികള്‍ ചടുലമാകുന്നത്. ഇവര്‍ക്ക് 2013ലെ ഭൂമി ഏറ്റെടുക്കല്‍- പുനരധിവാസം-ഒത്തുതീര്‍പ്പ് നിയമപ്രകാരം നഷ്ടപരിഹാരം ലഭിക്കുമെന്ന് ജില്ല ഡെപ്യൂട്ടി കമീഷണര്‍ ഡോ. കെ.ജി. ജഗദീശ പറഞ്ഞു. കര്‍ണാടക വ്യവസായമേഖല വികസന ബോര്‍ഡാണ് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഭൂമി കൃഷിക്കായി നിലനിർത്തണം എന്നാവശ്യപ്പെട്ട് കൃഷിഭൂമി സംരക്ഷണസമിതി പ്രക്ഷോഭത്തിലാണ്. 1050 ഏക്കര്‍ ഭൂമി എണ്ണശുദ്ധീകരണശാലക്ക് കൈമാറുകയാണെന്നും ഇതില്‍ പല ഭൂപ്രദേശവും വ്യവസായശാല ഉപയോഗിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി സമിതി മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് നിവേദനം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ മാസം അവസാനവാരം ജില്ലഭരണകൂടം വിളിച്ചുചേര്‍ത്ത ബന്ധപ്പെട്ടവരുടെ യോഗത്തിൽ ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച ഇതുവരെയുള്ള പുരോഗതി കൃത്യതയോടെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതായി ജഗദീശ പറഞ്ഞു. എം.ആര്‍.പി.എല്‍ അനധികൃതമായി ഉപയോഗിക്കുന്നതായി ആരോപിക്കുന്ന ഭൂമി ജയപ്രകാശ് എൻജിനീയറിങ് ആൻഡ് സ്റ്റീല്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതും ഉപയോഗത്തിലില്ലാത്തതുമായ നിലവില്‍ കൃഷിയോഗ്യമല്ലാത്ത സ്ഥലമാണ്. എം.ആര്‍.പി.എല്‍ കമ്പനിയുടെ നാലാംഘട്ട വികസനപദ്ധതിക്കാണ് ഭൂമി കൈമാറുന്നത്.
Next Story