Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2017 8:33 AM GMT Updated On
date_range 6 July 2017 8:33 AM GMTതളിപ്പറമ്പിൽ രണ്ട് വാഹനാപകടങ്ങളിൽ രണ്ട് സ്ത്രീകൾ മരിച്ചു
text_fieldsതളിപ്പറമ്പ്: തളിപ്പറമ്പിൽ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് സ്ത്രീകൾ മരിച്ചു. ആറുപേർക്ക് പരിക്കേറ്റു. കുപ്പത്തും ടാഗോർ വിദ്യാനികേതൻ സ്കൂളിന് സമീപവുമാണ് അപകടങ്ങൾ നടന്നത്. മണക്കടവിൽനിന്നും പൊൻകുന്നത്തേക്ക് പോവുകയായിരുന്ന കെ.എൽ 15 എ 1214 സൂപ്പർ ഫാസ്റ്റ് ബസ് നിയന്ത്രണം വിട്ട് റോഡരികിലെ കടയിലേക്ക് കയറിയാണ് ആദ്യ അപകടം. രാവിലെ 6.15ഓടെ ടാഗോറിന് സമീപം നടന്ന അപകടത്തിൽ ബസ് യാത്രക്കാരിയായ ചെമ്പേരി കംബ്ലാരിയിലെ ഇലവുങ്കൽ ത്രേസ്യാമ്മ (62)യാണ് മരിച്ചത്. എതിരെ വന്ന നാഷനൽ പെർമിറ്റ് ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടെ റോഡരികിലെ അടഞ്ഞുകിടന്ന കടയിലേക്ക് ബസ് കയറുകയായിരുന്നു. കടയിൽ ആസ്ബസ്റ്റോസ് ഷീറ്റ് പാകുന്നതിനായി സ്ഥാപിച്ച ഇരുമ്പ് കമ്പി ബസിെൻറ ഷട്ടർ തുളച്ച് മുൻ സീറ്റിലിരുന്ന ത്രേസ്യാമ്മയുടെ കഴുത്തിൽ കയറുകയായിരുന്നു. ഉടൻ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലോറിയും ബസും അമിതവേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പരേതനായ മാത്യുവിെൻറ ഭാര്യയാണ്. മക്കൾ: ബിനു, ബെന്നി, അൽഫോൻസ, ബിനോയി. മരുമക്കൾ: ബൈജു, ജോളി. രാവിലെ 8.30ന് കുപ്പത്ത് ഓട്ടോയും കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ യാത്രികയായ കുപ്പം പുളിയോട്ടെ മീത്തലെ വീട്ടിൽ യശോദ (55) യാണ് മരിച്ചത്. ഷോപ്പിങ് മാളിൽ ജീവനക്കാരിയായ യശോദ ഓട്ടോയിൽ തളിപ്പറമ്പിലേക്ക് വരുകയായിരുന്നു. എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടമെന്ന് നാട്ടുകാർ പറഞ്ഞു. പിന്നാലെ വന്ന ബൈക്കും അപകടത്തിൽപ്പെട്ടു. ഓട്ടോ ഡ്രൈവർ തിരുവട്ടൂരിലെ മണ്ടേൻറകത്ത് അഷറഫ് (50), വി.വി. സജീവൻ (46), കുപ്പത്തെ സി.എം. സയ്യിദ് (35), ബൈക്ക് യാത്രികരായ ഏമ്പേറ്റിലെ പി. മുരളീധരൻ (48), ഭാര്യ ദാസിനി (47), കാർ യാത്രികരായ മലപ്പുറം കൊണ്ടോട്ടിയിലെ മുജീബ് (60) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരേതനായ ബാലകൃഷ്ണനാണ് യശോദയുടെ ഭർത്താവ്. മക്കൾ: വൈഷ്ണവി, ഓംനാഥ്, ലാൽ കൃഷ്ണൻ.
Next Story