Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2017 8:25 AM GMT Updated On
date_range 6 July 2017 8:25 AM GMTവ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടി: ബത്തേരി കാർഷിക ബാങ്ക് മുൻ സെക്രട്ടറി അറസ്റ്റിൽ
text_fieldsസുൽത്താൻ ബത്തേരി: ബത്തേരി പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്കിൽ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലിനേടിയ കേസിൽ മുൻ സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബത്തേരി ശാന്തിനഗർ ഹൗസിങ് കോളനിയിലെ മധു സണ്ണിയെയാണ് (35) ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. മാസങ്ങളായി വിദേശത്ത് ഒളിവിലായിരുന്ന പ്രതി ചൊവ്വാഴ്ച രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയപ്പോഴാണ് പിടിയിലായത്. ബുധനാഴ്ച വൈകീട്ടോടെ ബത്തേരി ജെ.സി.എം (ഒന്ന്) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തശേഷം മൂന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. വ്യാജ ബിരുദ രേഖകൾ ചമച്ചതുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. തെളിവെടുപ്പിനായി ഇയാളെ ആലപ്പുഴയിലേക്ക് കൊണ്ടുപോയി. ബാങ്കിലെ മറ്റു നിയമന അഴിമതിയുമായി ബന്ധപ്പെട്ട വിജിലൻസ് കേസിനെ തുടർന്ന് കഴിഞ്ഞ മാർച്ചിൽ ജില്ല സഹകരണ സംഘം ജോയൻറ് രജിസ്ട്രാർ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടിരുന്നു. തുടർന്ന് ചുമതലയേറ്റ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി കൺവീനർ കെ. ശശാങ്കൻ നൽകിയ പരാതിയിലാണ് ബാങ്ക് സെക്രട്ടറി, പ്രസിഡൻറ് എന്നിവരടക്കമുള്ള അഞ്ചു പേർക്കെതിരെ ബത്തേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിലെ ഒന്നാം പ്രതിയാണ് മധു സണ്ണി. മറ്റു പ്രതികൾ നേരേത്ത മുൻകൂർ ജാമ്യം നേടിയിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ വിദേശത്തേക്ക് കടന്ന് മാസങ്ങൾക്കുശേഷം ദുബൈയിൽനിന്ന് മടങ്ങിയെത്തിയ മധു സണ്ണിയെ പൊലീസ് പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസ് പ്രകാരം എമിഗ്രേഷൻ വിഭാഗമാണ് പിടികൂടിയത്.
Next Story