Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2017 8:39 AM GMT Updated On
date_range 4 July 2017 8:39 AM GMTകഥാകാരനു മുന്നിൽ ജുമൈലയുടെ ചിത്രഭാഷ്യം രചിച്ച് വിദ്യാർഥികൾ
text_fieldsകാഞ്ഞങ്ങാട്: നിലവിളി തൊണ്ടയിലമർത്തിപ്പിടിച്ച് ജുമൈല ഓടുകയാണ്. ഇരുട്ട് കമ്പിളി പുതച്ച പാതിരാത്രിയുടെ തെരുവുകളിലൂടെ കറുത്ത റോഡിനെ നനച്ചുകൊണ്ട് ആകാശത്തിെൻറ കണ്ണീരുപോലെ പെയ്യുന്ന ചാറ്റൽമഴയിലൂടെ..... അംബികാസുതൻ മാങ്ങാടിെൻറ 'ആർത്തുപെയ്യുന്ന മഴയിൽ ഒരു ജുമൈല' എന്ന കഥയിലെ ആദ്യ ഖണ്ഡികയുടെ ചിത്രഭാഷ്യം രചിച്ച കുട്ടികൾക്കു മുന്നിൽ കഥാകാരൻ അതെഴുതിയ മുഹൂർത്തം വിവരിച്ചു. കേട്ടിരുന്നവർ കരഞ്ഞു. കഥയുടെ ചിത്രഭാഷ്യം രചിച്ച കുട്ടികളിൽ അഞ്ചുപേർക്ക് കഥാകാരൻതന്നെ സമ്മാനം നൽകി. പിന്നെ കുട്ടിചിത്രകാരന്മാരോടൊപ്പം ഒരു ഫോട്ടോയെടുത്തു. ഒന്നാം സമ്മാനം നേടിയ ചായ്യോത്ത് ജി.എച്ച്.എസ്.എസിലെ കെ.വി. സിദ്ധാർഥിന് പുരസ്കാരത്തോടൊപ്പം വേദിയിലിരുന്ന് വരച്ച ജുമൈലയുടെ ചിത്രം കൂടി കഥാകാരൻ സമ്മാനമായി നൽകിയതോടെ ഇരട്ടി മധുരമായി. വായന പക്ഷാചരണത്തോടനുബന്ധിച്ച് ജില്ല ഇൻഫർമേഷൻ ഓഫിസും പി.എൻ. പണിക്കർ ഫൗണ്ടേഷനും പൊതുവിദ്യാഭ്യാസ വകുപ്പും ഹോസ്ദുർഗ് ജി.വി.എച്ച്.എസ്.എസിൽ സംഘടിപ്പിച്ച വായനയുടെ ചിത്രഭാഷ്യം മത്സരമാണ് കഥാകാരെൻറ സാന്നിധ്യത്തിൽ ശ്രദ്ധേയമായി മാറിയത്. ഗോവയിൽ കൊല്ലപ്പെട്ട കാസർകോട്ടെ പെൺകുട്ടി സഫിയയുടെ ഉമ്മയുടെ വേദന കാസർകോട് പുതിയ ബസ്സ്റ്റാൻഡ് പരിസരത്തെ സമരമുഖത്തുകണ്ട് 2008ൽ എഴുതിയതാണ് ഈ കഥയെന്നും ചിത്രഭാഷ്യത്തിന് നൽകിയ വരികൾ ഉദ്ധരിച്ച് അംബികാസുതൻ മാങ്ങാട് പറഞ്ഞു. കുറ്റവാളിക്കുപോലും കുറ്റബോധമുണ്ടാക്കിയ ഈ കഥ ഏറെ പ്രശംസ പിടിച്ചുപറ്റിയതായും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് അസി. എഡിറ്റർ എം. മധുസൂദനൻ അധ്യക്ഷത വഹിച്ചു. ചിത്രകാരന്മാരായ പല്ലവ നാരായണൻ, ദിനേശൻ പൂച്ചക്കാട് എന്നിവർ സംസാരിച്ചു. പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ല സെക്രട്ടറി കെ.വി. രാഘവൻ സ്വാഗതവും രാമകൃഷ്ണൻ മോനാച്ച നന്ദിയും പറഞ്ഞു.
Next Story