Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2017 8:53 AM GMT Updated On
date_range 2 July 2017 8:53 AM GMTഇടതുഭരണത്തിൽ എസ്.ഐ സുരേന്ദ്രൻ കല്യാടന് ഏഴാം തവണയും സ്ഥലംമാറ്റം
text_fieldsശ്രീകണ്ഠപുരം: ഇടതുസർക്കാർ അധികാരത്തിൽ വന്നശേഷം ഏഴാം തവണ എസ്.ഐക്ക് സ്ഥലംമാറ്റം. എസ്.െഎ സുരേന്ദ്രൻ കല്യാടനാണ് ഇൗ അനുഭവം. യു.ഡി.എഫ് ഭരണത്തിൽ മയ്യിൽ എസ്.ഐയായിരുന്നു സുരേന്ദ്രൻ കല്യാടൻ. ഇടതുമുന്നണി അധികാരത്തിൽ വന്നശേഷം സുരേന്ദ്രനെ മയ്യിൽനിന്ന് കതിരൂരിലേക്ക് മാറ്റി. ഏതാനും നാൾ കഴിഞ്ഞപ്പോൾ അവിടെനിന്ന് തിരുവനന്തപുരത്തേക്ക്. ഇതിനെതിരെ സുരേന്ദ്രൻ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചു. തുടർന്ന് പരാതി പരിഗണിച്ചശേഷം എസ്.ഐമാരെ ജില്ലക്ക് പുറത്തേക്ക് മാറ്റരുതെന്ന് ട്രൈബ്യൂണൽ ഉത്തരവിട്ടു. ഈ ഉത്തരവ് മുഴുവൻ എസ്.ഐമാർക്കും ഗുണകരമാവുകയും ചെയ്തു. ഉത്തരവിനെ തുടർന്ന് സുരേന്ദ്രൻ കല്യാടന് പാനൂർ കൺട്രോൾ റൂമിലേക്ക് നിയമനം കിട്ടി. പേക്ഷ, ചുമതലയേറ്റ് ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവിടെനിന്ന് ന്യൂ മാഹിയിലേക്ക് മാറ്റി. അധികം താമസിയാതെ കുടിയാന്മല സ്റ്റേഷനിലേക്കായി. കുടിയാന്മലയിൽ നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കിയതിനിടെ ഭരണക്കാരുടെ അതൃപ്തിയെ തുടർന്ന് രണ്ടാഴ്ച മുമ്പ് വയനാട്ടിലേക്ക് സ്ഥലംമാറ്റി ഐ.ജി ഉത്തരവിറക്കുകയായിരുന്നു. എന്നാൽ, ഇത് മാധ്യമങ്ങളിൽ വാർത്തയാവുകയും ഏറെ വിവാദമാവുകയും ചെയ്തപ്പോഴാണ് സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ചത്. എന്നാൽ, കഴിഞ്ഞദിവസം ടി.പി. സെൻകുമാർ ഡി.ജി.പി സ്ഥാനത്തുനിന്ന് വിരമിക്കുകയും ലോക്നാഥ് ബെഹ്റ ചുമതലയേൽക്കുകയും ചെയ്തതിനു പിന്നാലെ സുരേന്ദ്രൻ കല്യാടനെ എറണാകുളം േറഞ്ചിലേക്ക് സ്ഥലംമാറ്റുകയായിരുന്നു. മയ്യിൽ ഉൾപ്പെടെ ജോലിചെയ്ത സ്ഥലങ്ങളിലെല്ലാം മണൽമാഫിയക്കെതിരെ കർശനനടപടി സ്വീകരിച്ചതും ഒതുക്കാൻ രാഷ്ട്രീയസമ്മർദമുണ്ടായപ്പോൾ വഴങ്ങാത്തതുമാണ് എസ്.ഐയെ നിരന്തര സ്ഥലംമാറ്റി പീഡിപ്പിക്കുന്നതിലേക്ക് നയിച്ചതത്രെ. നാറാത്ത് ആയുധപരിശീലന കേസ് ഉൾപ്പെടെ പ്രധാനപ്പെട്ട ഒട്ടേറെ കേസുകൾ കൈകാര്യം ചെയ്ത മികച്ച പൊലീസ് ഓഫിസറാണ് സുരേന്ദ്രൻ കല്യാടൻ.
Next Story