Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2017 8:35 AM GMT Updated On
date_range 2 July 2017 8:35 AM GMTനടി ആക്രമിക്കപ്പെട്ട സംഭവം: 'അമ്മ'യെ ന്യായീകരിച്ച് ബാലകൃഷ്ണപിള്ള
text_fieldsകണ്ണൂർ: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് 'അമ്മ'യുടെ നിലപാടിനെ ന്യായീകരിച്ച് മുന്നാക്ക വികസന കോർപറേഷൻ ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള. സ്വന്തം സംഘടനയിൽപെട്ടയാളെ സംരക്ഷിക്കുമെന്നാണ് ഗണേഷും മുകേഷും മറ്റും പറഞ്ഞത്. അത് ന്യായമാണ്. സംഘടനയെന്ന നിലക്ക് അവരുടെ അംഗങ്ങളെ സംരക്ഷിക്കേണ്ടതുണ്ട്. കണ്ണൂർ െഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.എസ്. അച്യുതാനന്ദൻ അടക്കമുള്ള ഇടതു നേതാക്കൾ 'അമ്മ' നിലപാടിനെതിരെ രംഗത്തുവന്നതിന് പിന്നാലെയാണ് ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്ന പിള്ള 'അമ്മ'യെ ന്യായീകരിച്ച് രംഗത്തുവന്നത്. ഇരയാക്കപ്പെട്ട നടിയെയും ആരോപണ വിധേയനായ നടനെയും സംരക്ഷിക്കുമെന്ന് 'അമ്മ' ഭാരവാഹികൾ പറഞ്ഞതിൽ പ്രശ്നമൊന്നും കാണുന്നില്ല. കോടതിയിൽ തെളിയിക്കപ്പെടുന്നതുവരെ ആരെയും കുറ്റവാളിയായി കാണാനാവില്ലെന്നാണ് നമ്മുടെ നാട്ടിലെ നിയമം. എന്നാൽ, വാർത്തസമ്മേളനത്തിൽ ചോദ്യങ്ങൾ ഉന്നയിച്ച മാധ്യമപ്രവർത്തകർക്കുനേരെ 'അമ്മ' അംഗങ്ങൾ കൂക്കിവിളിച്ചതും മറ്റും ശരിയായ നടപടിയല്ല. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മാന്യമായി മറുപടി പറയുകയാണ് വേണ്ടിയിരുന്നത്. രാഷ്ട്രീയ നേതാക്കൾക്ക് ജനങ്ങളിലേക്ക് ഇറങ്ങാൻ പൊലീസ് അകമ്പടി വേണമെന്ന് വരുന്ന നിമിഷം പൊതുപ്രവർത്തനം അവസാനിപ്പിക്കുകയാണ് വേണ്ടതെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. മുന്നാക്ക വികസന കോർപറേഷൻ ചെയർമാൻ എന്ന നിലക്ക് മന്ത്രിമാർക്കുള്ള സൗകര്യങ്ങൾ ഉപയോഗിക്കാം. എന്നാൽ പൊലീസ് അകമ്പടി, ഒാഫിസ്, കൂടുതൽ സ്റ്റാഫ് തുടങ്ങിയ സൗകര്യങ്ങളൊന്നും താൻ ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story