Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതെരഞ്ഞെടുപ്പ്...

തെരഞ്ഞെടുപ്പ് ഗോദയില്‍ മാത്രമല്ല ട്രാക്കിലും എല്‍ദോ താരമാണ്

text_fields
bookmark_border
പയ്യന്നൂര്‍: 40116 നമ്പര്‍ ജഴ്സിയണിഞ്ഞ് ട്രാക്കില്‍ മത്സരിച്ചോടിയ താരം ഒരു ജനപ്രതിനിധിയാണെന്ന് ആദ്യം തിരിച്ചറിഞ്ഞവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. എന്നാല്‍, ആ കായികതാരം മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാമാണെന്നറിഞ്ഞപ്പോള്‍ ആ ജനപ്രതിനിധിയുടെ സ്ഥാനം അടയാളപ്പെട്ടത് കായികപ്രേമികളുടെ ഹൃദയത്തില്‍. പയ്യന്നൂര്‍ കോളജ് മൈതാനത്ത് നടക്കുന്ന മുപ്പത്തിയാറാമത് സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലാണ് എം.എല്‍.എ ട്രാക്കിലെ താരമായത്. 400, 800 മീറ്റര്‍ ഓട്ടമത്സരങ്ങളിലാണ് എം.എല്‍.എ മാറ്റുരക്കുന്നത്. തെരഞ്ഞെടുപ്പു ഗോദയില്‍ എതിരാളി കോണ്‍ഗ്രസിന്‍െറ ശക്തനായ വക്താവ് ജോസഫ് വാഴക്കനെ പൊരുതി തോല്‍പിച്ച എല്‍ദോക്ക് ആദ്യദിവസം ആ വിജയം കളിമൈതാനത്തുനിന്നു ലഭിച്ചില്ല. കാറ്റഗറി 40 വിഭാഗത്തില്‍ പോര്‍ക്കളത്തിലിറങ്ങിയ 41 വയസ്സുകാരനായ ഈ ജനപ്രതിനിധിക്ക് ഏഴാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 800 മീറ്റര്‍ ഓട്ടമത്സരം ഇന്ന് നടക്കും. ഇതില്‍ വിജയം എത്തിപ്പിടിക്കാനുള്ള ശ്രമത്തിലാണ് എം.എല്‍.എ. സ്കൂള്‍ വിദ്യാഭ്യാസകാലം മുതല്‍ സ്പോര്‍ട്സിനെ പ്രണയിക്കുന്ന എല്‍ദോ മഹാത്മാ ഗാന്ധി സര്‍വകലാശാല ഇന്‍റര്‍കൊളീജിയറ്റ് മീറ്റ്, ഐ.ടി മീറ്റ്, ജില്ല അമച്വര്‍ അത്ലറ്റിക് മീറ്റ് തുടങ്ങിയ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. നല്ളൊരു കായികതാരമാകാനാണ് ആഗ്രഹിച്ചത്. എന്നാല്‍, ചെറുപ്പംമുതല്‍ സാധാരണക്കാരന്‍െറ എല്ലാവിധ ജീവിതപ്രയാസങ്ങളും അനുഭവിച്ചറിഞ്ഞ ഇദ്ദേഹം എത്തിച്ചേര്‍ന്നത് പൊതുപ്രവര്‍ത്തനത്തിലും. രാഷ്ട്രീയരംഗത്തത്തെിയതോടെ കായികപരിശീലനത്തിന് സമയം കിട്ടാതായി. സ്കൂള്‍, കോളജ് തലങ്ങളില്‍ കായിക താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ സര്‍ക്കാര്‍ പദ്ധതികളുണ്ടെങ്കിലും മാസ്റ്റേഴ്സ് താരങ്ങള്‍ അവഗണനയിലാണെന്ന് എല്‍ദോ വിശ്വസിക്കുന്നു. ജീവിതശൈലീ രോഗങ്ങള്‍ പെരുകുന്ന കേരളത്തില്‍ യുവാക്കളുടെയും പ്രായമുള്ളവരുടെയും ആരോഗ്യം നിലനിര്‍ത്താന്‍ പ്രായമുള്ളവരുടെ കായികവിനോദം പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ഇദ്ദേഹം പറയുന്നത്. കേരളത്തില്‍ കൂടുതല്‍ സിന്തറ്റിക് ട്രാക്കുകള്‍ വേണം. മറ്റു മൈതാനങ്ങള്‍ വികസിപ്പിച്ച് നാട്ടുകാര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ മാറ്റിയെടുക്കാന്‍ നടപടി വേണമെന്നും ഇതിനുവേണ്ടി നിയമസഭയില്‍ ആവശ്യപ്പെടുമെന്നും എം.എല്‍.എ പറഞ്ഞു. 2006, 2011 വര്‍ഷത്തെ പിറവം എം.എല്‍.എ എം.ജെ. ജേക്കബും പയ്യന്നൂരില്‍ ചരിത്രമെഴുതുകയാണ്. 75 വയസ്സുള്ള ഇദ്ദേഹം ഇന്നലെ മത്സരിച്ച 1500 മീറ്റര്‍ ഓട്ടത്തിലും ലോങ്ജംപിലും ഒന്നാംസ്ഥാനം നേടി. 70 വയസ്സുകാരോട് വരെ പൊരുതിയാണ് ഈ വിജയം നേടിയത്. ഇന്ന് 800 മീറ്ററില്‍ മത്സരിക്കുന്നു. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍, പാമ്പാക്കുട ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്, മൂന്നുതവണ തിരുവാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങള്‍ അലങ്കരിച്ച ഇദ്ദേഹവും പൊതുരംഗത്ത് സജീവമാണ്. എല്‍ദോ എബ്രഹാം എം.എല്‍.എയെ വെറ്ററന്‍ കായികരംഗത്ത് വരാന്‍ പ്രോത്സാഹിപ്പിച്ചതും ഇദ്ദേഹമാണ്. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 1400ഓളം കായികതാരങ്ങള്‍ മാറ്റുരക്കുന്ന മേള ഇന്ന് സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story