Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2017 10:57 AM IST Updated On
date_range 20 Dec 2017 10:57 AM ISTദേശീയപാത വികസനം: ആശങ്കയുടെ നെരിപ്പോടിൽ 932 കുടുംബങ്ങൾ
text_fieldsbookmark_border
കാസർകോട്: ''ഞാങ്ങൊ ഏട്ത്തേക്ക് പോണ്ടത്? എന്ത്ന്ന് ചെയ്യല്? ഒന്നും തിരിയ്ന്നില്ല... ആലോയ്ക്കുെമ്പാ തലചുറ്റ്ന്ന്...'' ദേശീയപാത നാലുവരിയാക്കി വികസിപ്പിക്കാൻ നടപടികൾ പുരോഗമിക്കുേമ്പാൾ കുടിയൊഴിഞ്ഞു േപാകേണ്ടുന്നവരുടെ നെഞ്ചിലെ ആശങ്കയുടെ നെരിപ്പോടിൽനിന്ന് പുറത്തുവന്നത് കനൽച്ചൂടുള്ള വാക്കുകളാണ്. ഭൂമി ഏറ്റെടുക്കൽ തുടങ്ങിയതുമുതൽ ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണിവർ. ജില്ലയിൽ തലപ്പാടി മുതൽ കാലിക്കടവ് വരെ 932 വീടുകളാണ് ദേശീയപാത വികസനത്തിനായി പൊളിച്ചുനീക്കാൻ ഏറ്റെടുത്തത്. ഇതിൽ 95 ശതമാനവും ശരാശരി വരുമാനക്കാരായ സാധാരണക്കാരാണ്. ഭൂമി ഏറ്റെടുക്കൽ പൂർത്തിയായെന്ന് അധികൃതർ പറയുേമ്പാൾ ഇതേവരെ ഒരാൾക്കുപോലും നഷ്ടപരിഹാരത്തുക നൽകിയിട്ടില്ല. വീടും ഭൂമിയും കൈയൊഴിയേണ്ടി വരുന്നവർ എവിടെ താമസിക്കും എന്നതിനും അധികൃതർക്ക് മറുപടിയില്ല. ഒഴിപ്പിക്കപ്പെടുന്ന വീടുകളിലെ അംഗങ്ങളും പൊളിച്ചനീക്കപ്പെടുന്ന മറ്റു സ്ഥാപനങ്ങളിലെ ജീവനക്കാരും ഉൾപ്പെടെ 22,000ത്തോളം ആളുകളെ ദേശീയപാതക്ക് വേണ്ടിയുള്ള കുടിയൊഴിക്കൽ നേരിട്ട് ബാധിക്കും. സർക്കാർ നിശ്ചയിച്ച നഷ്ടപരിഹാരത്തുകക്ക് നിലവിലെ മാർക്കറ്റ് നിരക്ക് പ്രകാരം പകരം ഭൂമിയും വീടും കിട്ടാൻ ഏറെ പ്രയാസപ്പെടേണ്ടിവരും. തലപ്പാടി മുതൽ ചെർക്കള വരെയുള്ള ഭാഗത്തെ ദേശീയപാതയുടെ നിർമാണ പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ കഴിഞ്ഞ മാസം പൂർത്തീകരിച്ചു. ചെർക്കള മുതൽ കാലിക്കടവ് വരെയുള്ള ഭാഗത്തിെൻറ ടെൻഡർ ഈ മാസം 22നകം സമർപ്പിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. 306 ഹെക്ടർ ഭൂമിയാണ് 84 കിലോമീറ്റർ റോഡ് വികസനത്തിന് ആവശ്യം. ഇതിൽ 101.34 ഹെക്ടർ സ്വകാര്യ ഉടമസ്ഥതയിലുള്ളതാണ്. എട്ട് ഹെക്ടർ ഒഴികെയുള്ള ഭാഗത്തിെൻറ ഏറ്റെടുക്കൽ നടപടി പൂർത്തിയായെന്ന് നോട്ടിഫിക്കേഷനിൽ പറയുന്നു. ഏറ്റെടുത്ത ഭൂമിക്ക് മാത്രം നഷ്ടപരിഹാരം നൽകാൻ 3500 കോടി രൂപ വേണ്ടിവരുമെന്നാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്. ആദ്യഘട്ടമെന്ന നിലയിൽ 24 പേർക്ക് 2.5 കോടി രൂപ വിതരണംചെയ്യുമെന്ന് കഴിഞ്ഞ നവംബറിൽ അധികൃതർ അറിയിച്ചിരുന്നു. എന്നാൽ, ഇതേവരെ തുക ലഭിച്ചിട്ടില്ലെന്ന് ദേശീയപാത ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറയുന്നു. വീടുകൾ പൂർണമായി നഷ്ടപ്പെടുന്നവർക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചിട്ടില്ല. നഷ്ടപരിഹാരം മാത്രമേ നൽകേണ്ടതുള്ളൂ, പുനരധിവാസം തങ്ങളുടെ ബാധ്യതയല്ല എന്ന നിലപാടിലാണ് സർക്കാറും ദേശീയപാത അതോറിറ്റിയും. 2132 വ്യാപാര വാണിജ്യ കെട്ടിടങ്ങൾ, 14 ക്ഷേത്രങ്ങൾ, 15 മസ്ജിദുകൾ, ഒരു ക്രിസ്ത്യൻ പള്ളി എന്നിവയും പൊളിച്ചുനീക്കാനായി ഏറ്റെടുത്തവയിൽ ഉൾപ്പെടും. നിലവിലെ ദേശീയപാതക്ക് ഇരുവശങ്ങളിലായി പലയിടത്തും ദേശീയപാത വിഭാഗത്തിെൻറ ഉടമസ്ഥതയിലുള്ള ഭൂമി ലഭ്യമാണെങ്കിലും അലൈൻമെൻറ് നിശ്ചയിച്ചതിലെ അപാകതയും അശാസ്ത്രീയതയുമാണ് കുടിയൊഴിപ്പിക്കലിന് കാരണമായതെന്ന് ആക്ഷേപമുണ്ട്. ബംഗളൂരു ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയാണ് നാലുവരിപ്പാതയുടെ അലൈൻമെൻറ് നിശ്ചയിച്ചത്. കമ്പനി പ്രതിനിധികൾ നേരിട്ട് സ്ഥലപരിശോധന നടത്താതെ ആകാശസർവേ നടത്തിയാണ് അലൈൻമെൻറ് തയാറാക്കിയതെന്ന് ദേശീയപാത ആക്ഷൻ കൗൺസിൽ ആരോപിക്കുന്നു. പദ്ധതി നടപ്പാക്കുന്നതിനുമുമ്പ് പാരിസ്ഥിതിക ആഘാത പഠനം നടത്തിയിട്ടില്ലെന്നതും ന്യൂനതയായി ചൂണ്ടിക്കാട്ടുന്നു. കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് ജില്ലയിലെ സർക്കാർ പുറേമ്പാക്കിൽനിന്ന് ഭൂമി അനുവദിക്കണമെന്നും നഷ്ടപരിഹാരത്തുകയിൽ നിന്ന് ഇതിന് സർക്കാർ നിരക്കിലുള്ള വില ഈടാക്കാവുന്നതാണെന്നും നിർദേശമുയർന്നിട്ടുണ്ട്. വേണു കള്ളാർ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story