Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2017 1:58 PM IST Updated On
date_range 22 Aug 2017 1:58 PM ISTപദ്ധതി നടത്തിപ്പ്: താഴെ തലങ്ങളിൽ ആസൂത്രണം കാര്യക്ഷമമാകണം –കെ.വി. സുമേഷ്
text_fieldsbookmark_border
കണ്ണൂർ: ഹരിതകേരളം മിഷൻ ഉൾപ്പെടെ സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ പലതും വേണ്ടവിധം താഴേത്തട്ടിൽ നടപ്പാക്കുന്നതിൽ തദ്ദേശസ്ഥാപനങ്ങൾ പലപ്പോഴും പരാജയപ്പെടുന്നതായി ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്. ഹരിതകർമസേന രൂപവത്കരണവുമായി ബന്ധപ്പെട്ട ബ്ലോക്ക്തല പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മാലിന്യനിർമാർജനം, ജലസംരക്ഷണം, ജൈവകൃഷിവ്യാപനം തുടങ്ങിയ പദ്ധതികൾ വേണ്ടവിധത്തിൽ നടപ്പാക്കാൻ പലയിടങ്ങളിലും സാധിച്ചിട്ടില്ല. പരിശീലനത്തിെൻറ കുറവല്ല, പദ്ധതികളുടെ ആസൂത്രണത്തിലും നിർവഹണത്തിലുമുള്ള പാളിച്ചകളാണ് പ്രശ്നം. കാമ്പയിനുകൾ പലതും മുകൾത്തട്ടിലെ പരിശീലനങ്ങളിലും ചർച്ചകളിലും ഒതുങ്ങുകയാണ്. മാലിന്യത്തിൽനിന്ന് സ്വാതന്ത്ര്യം കാമ്പയിെൻറ ഭാഗമായുള്ള പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് ധാരണയില്ലാത്ത ജനപ്രതിനിധികൾ ഉണ്ടാവുന്നത് അതുകൊണ്ടാണ്. ഈ രീതിയിൽ മുന്നോട്ടുപോയാൽ കാമ്പയിനുകൾ വെറും പരിശീലനങ്ങളിൽ ഒതുങ്ങുന്ന സ്ഥിതിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മാലിന്യത്തിൽനിന്ന് സ്വാതന്ത്ര്യം കാമ്പയിനിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് ഓരോ തദ്ദേശസ്ഥാപനങ്ങളിലുമുള്ള മാലിന്യപ്രശ്നത്തിന് ശാശ്വതപരിഹാരം കാണലാണ്. ശുചിത്വമിഷൻ ഇതിനായി 20 ലക്ഷം രൂപയാണ് ഓരോ തദ്ദേശസ്ഥാപനത്തിനും നൽകുന്നത്. ഓരോ വീട്ടിലുമുണ്ടാവുന്ന ജൈവമാലിന്യങ്ങൾ വീട്ടുവളപ്പിൽതന്നെ സംസ്കരിക്കാൻ സംവിധാനം ഒരുക്കണം. അവ തെരുവിൽ വലിച്ചെറിയുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് തദ്ദേശസ്ഥാപനങ്ങളാണ്. ഇക്കാര്യത്തിൽ ശക്തമായ പരിശോധനവേണം. അജൈവമാലിന്യങ്ങളുടെ കാര്യത്തിൽ തദ്ദേശസ്ഥാപനതലത്തിൽ പദ്ധതികളുണ്ടാവണം. കാമ്പയിെൻറ ഭാഗമായി സംഘടിപ്പിച്ച ശുചിത്വസർവേയുടെ അടിസ്ഥാനത്തിൽ ഓരോ തദ്ദേശസ്ഥാപനവും സമഗ്ര മാലിന്യസംസ്കരണപദ്ധതി തയാറാക്കി െസപ്റ്റംബർ 15നകം സമർപ്പിക്കണമെന്നും ജില്ല പഞ്ചായത്ത് പ്രസിഡൻറ് നിർദേശിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കുടുവൻ പത്മനാഭൻ അധ്യക്ഷതവഹിച്ചു. ജില്ല പ്ലാനിങ് ഓഫിസർ കെ. പ്രകാശൻ, എ.ഡി.സി ജനറൽ പ്രദീപ്കുമാർ, ജില്ല ഹരിതകേരളം മിഷൻ കോ-ഓഡിനേറ്റർ ഇ.കെ. സോമശേഖരൻ, ശുചിത്വമിഷൻ അസി. കോ-ഓഡിനേറ്റർ സുരേഷ് കസ്തൂരി തുടങ്ങിയവർ സംസാരിച്ചു. ഹരിതകേരള മിഷനും കിലയും സംയുക്തമായാണ് പരിശീലനം സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story