Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2017 1:53 PM IST Updated On
date_range 20 Aug 2017 1:53 PM ISTസംസ്കാരത്തിെൻറ പ്രതീകമാണ് ഭാഷയെന്ന് തിരിച്ചറിഞ്ഞു -^എം. മുകുന്ദൻ
text_fieldsbookmark_border
സംസ്കാരത്തിെൻറ പ്രതീകമാണ് ഭാഷയെന്ന് തിരിച്ചറിഞ്ഞു --എം. മുകുന്ദൻ മാഹി: ദേശീയതയുടെ പ്രതീകമായാണ് പണ്ട് ഭാഷകളെ കണ്ടിരുന്നതെങ്കിൽ ഇന്നത് സംസ്കാരത്തിെൻറ പ്രതീകമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് എഴുത്തുകാരൻ എം. മുകുന്ദൻ പറഞ്ഞു. മാഹി മഹാത്മാഗാന്ധി ഗവ. ആർട്സ് കോളജിൽ മലയാള ബിരുദപഠനം ആരംഭിച്ചതിെൻറ 30ാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റഷ്യൻ ഭാഷയുടെ മേൽ കെട്ടിപ്പൊക്കിയ സോവിയറ്റ് രാഷ്ട്രത്തിെൻറ പതനത്തിനുശേഷം പഴയ റഷ്യയിലെ പ്രാദേശിക സംസ്കാരങ്ങളും ഭാഷകളും ഉയിർത്തെഴുന്നേറ്റു. അർമീനിയയിലെയും ജോർജിയയിലെയും മറ്റും പ്രാദേശിക സംസ്കാരങ്ങൾ കലയിലും സാഹിത്യത്തിലും വലിയ മുന്നേറ്റമാണ് നേടിയത്. അവരുടെ രചനകളാണ് പുതിയ റഷ്യൻ സാഹിത്യമായി മാറിയത്. പുതിയ സാങ്കേതികവിദ്യയും ആഗോളവത്കരണവും പ്രാദേശികതകളെയും ഭാഷകളെയും ഇല്ലാതാക്കുകയല്ല വളർത്തുകയാണ് ചെയ്യുന്നതെന്നതാണ് നമ്മുടെ അനുഭവം. ഗൂഗിൾ വരുന്നതോടെ തിരച്ചിലിെൻറ ഭാഷ ഇംഗ്ലീഷാകുമെന്ന ഭയം ഇന്ന് ഇല്ലാതായി. മലയാളം ഉൾപ്പെടെ എല്ലാ ഇന്ത്യൻ ഭാഷകളിലും തിരയാൻ ഗൂഗിളിൽ സാധിക്കും. പ്രാദേശിക സംസ്കാരവും ഭാഷകളും മുമ്പത്തേക്കാൾ പ്രാധാന്യം നേടുന്ന കാലമാണിതെന്നും അദ്ദേഹം പറഞ്ഞു. മലയാള വിഭാഗം മേധാവി ഡോ. മഹേഷ് മംഗലാട്ട് അധ്യക്ഷത വഹിച്ചു. എം. മുസ്തഫ, ഡോ. ടി.കെ. ഗീത, സി.പി. പുഷ്കരൻ, ബേബി ഋഷിക എന്നിവർ സംസാരിച്ചു. മാഹി കോളജിലെ മലയാള വിഭാഗം നേരിടുന്ന അവഗണനയെക്കുറിച്ച് ചടങ്ങിൽ പരാതി ഉയർന്നു. വിവരവിനിമയ വിദ്യയും ഭാഷാപഠനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കേരളത്തിലെ സർവകലാശാലകൾ ആലോചിക്കുന്നതിനും ഒരു പതിറ്റാണ്ട് മുെമ്പങ്കിലും മലയാളം കമ്പ്യൂട്ടിങ് അടക്കം ഉൾപ്പെടുത്തി ആധുനീകരിച്ച സിലബസ് ആണ് മാഹിയിലെ മലയാള വിഭാഗത്തിലേത്. എന്നിട്ടും മലയാളത്തിന് ബിരുദത്തിനപ്പുറം പി.ജിയോ ഗവേഷണ കേന്ദ്രമോ മാഹിയിൽ ആരംഭിക്കാൻ കഴിഞ്ഞില്ല എന്നത് ദുഃഖകരമാണെന്നും അഭിപ്രായമുയർന്നു. അത്യന്തം പ്രാധാന്യമുള്ള ഈ വിഷയങ്ങൾ അധികാരികളുടെയും ബഹുജനങ്ങളുടെയും ശ്രദ്ധയിൽ കൊണ്ടുവരണമെന്ന വികാരമാണ് 30ാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടന വേദി ഉയർത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story