Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2017 9:50 AM GMT Updated On
date_range 2 Aug 2017 9:50 AM GMTപൈലിങ് സാമഗ്രികൾ ഒഴുകിപ്പോയ സംഭവം: ഉന്നതതല സംഘം സ്ഥലം സന്ദർശിച്ചു
text_fieldsഇരിട്ടി: തലശ്ശേരി-വളവുപാറ കെ.എസ്.ടി.പി റോഡ് നിർമാണത്തിെൻറ ഭാഗമായി ഇരിട്ടിയിൽ നിർമിക്കുന്ന പുതിയ പാലത്തിെൻറ പൈലിങ് സാമഗ്രികൾ മഴയിൽ പുഴയിലെ കുത്തൊഴുക്കിൽ ഒഴുകിപ്പോയ സംഭവത്തിൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഉന്നതസംഘം സ്ഥലം സന്ദർശിച്ചു. സംസ്ഥാന പൊതുമരാമത്ത് െസക്രട്ടറി ബിജു പ്രഭാകർ, പ്രോജക്ട് ഡയറക്ടർ അജിത്ത് പാട്ടീൽ എന്നിവരടങ്ങുന്ന സംഘമാണ് പാലം നിർമാണം നടക്കുന്ന സ്ഥലം സന്ദർശിച്ചത്. പെരുമ്പാവൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇ.കെ.കെ കൺസ്ട്രക്ഷൻ കമ്പനിയാണ് കരാർ പ്രവൃത്തി ഏറ്റെടുത്ത് നടത്തി വരുന്നത്. രണ്ടാഴ്ച മുമ്പ് മലയോരത്തുണ്ടായ കനത്ത മഴയിൽ പുഴയിൽ പൈലിങ്ങിനായി മണ്ണിട്ട് നികത്തി നിർമിച്ച റോഡും പൈലിങ് നടത്തി നിർമിച്ച കോൺക്രീറ്റ് തൂണും അനുബന്ധ ഉപകരണങ്ങളും ഒഴുകിപ്പോയിരുന്നു. ഇത് വിവാദമായതിനെ തുടർന്ന് പൊതുമരാമത്ത് മന്ത്രിയുടെയും മറ്റും നിർദേശ പ്രകാരമാണ് ഉന്നതതല സംഘം നേരിട്ട് സ്ഥലം സന്ദർശിച്ചത്. കമ്പനി അധികൃതരുമായി നടത്തിയ ചർച്ചയിൽ അവർ നൽകിയ വിശദീകരണത്തിലും നിർമാണപ്രവൃത്തിയിലും അധികൃതർ അതൃപ്തി രേഖപ്പെടുത്തി. പുഴയുടെ സ്വഭാവം കണക്കിലെടുക്കാതെയുള്ള പ്രവൃത്തിയാണ് പൈലിങ് ഉപകരണങ്ങൾ ഒഴുകിപ്പോകാൻ കാരണമെന്ന് ഉന്നത സംഘം കണ്ടെത്തി. ഐ.ഐ.ടിയുടെയും ലോകബാങ്കിെൻറയും വിദഗ്ധ സംഘത്തെയെത്തിച്ച് രൂപരേഖ തയാറാക്കി ഉടൻ പ്രവൃത്തി പുനരാരംഭിക്കണമെന്ന് കമ്പനിയോട് ആവശ്യപ്പെട്ടു. കാലാവധി അവസാനിക്കുന്ന 2018 ഡിസംബറിനുമുമ്പ് പാലം പണി പൂർത്തിയാക്കിയില്ലെങ്കിൽ പിഴ അടക്കമുള്ള നടപടി നേരിടേണ്ടിവരുമെന്നും കമ്പനി അധികൃതർക്ക് താക്കീത് നൽകി. തുടർന്ന് സംഘം കൂട്ടുപുഴയിൽ പാലം നിർമിക്കുന്ന സ്ഥലവും സന്ദർശിച്ചു.
Next Story