Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2017 9:32 AM GMT Updated On
date_range 1 Aug 2017 9:32 AM GMTപി.വി. കൃഷ്ണൻ അന്തരിച്ചു
text_fieldsകണ്ണൂർ: മുതിർന്ന േട്രഡ് യൂനിയൻ നേതാവും കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനുമായ പി.വി. കൃഷ്ണൻ അന്തരിച്ചു. 89 വയസ്സായിരുന്നു. അർബുദ രോഗബാധയെ തുടർന്ന് ആറുമാസത്തിലധികമായി ചികിത്സയിലായിരുന്നു. കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് അന്ത്യം. അരനൂറ്റാണ്ടായി കണ്ണൂർ മോട്ടോർ ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂനിയൻ ജനറൽ സെക്രട്ടറിയാണ്. സി.പി.എം മയ്യിൽ ഏരിയ കമ്മിറ്റി അംഗം, സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം, കണ്ണൂർ ജില്ല സെക്രട്ടറി, ബസ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി, കോൺഫെഡറേഷൻ ഓഫ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചുവരുകയായിരുന്നു. ഓൾ ഇന്ത്യ റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ വൈസ് പ്രസിഡൻറായും അടുത്തകാലം വരെ പ്രവർത്തിച്ചു. മയ്യിൽ കണ്ടക്കൈയിൽ കെ. കുഞ്ഞപ്പ-അമ്മാളുവമ്മ ദമ്പതിമാരുടെ മകനാണ്. കണ്ടക്കൈ കൃഷ്ണവിലാസം എ.എൽ.പി സ്കൂൾ, മയ്യിൽ ഹയർ എലിമെൻററി സ്കൂൾ എന്നിവിടങ്ങളിലായി എട്ടാം ക്ലാസ് വരെ പഠിച്ചു. സ്വകാര്യ ബസ് കണ്ടക്ടറായി പ്രവർത്തിക്കുന്നതിനിടെ േട്രഡ് യൂനിയൻ രംഗത്ത് സജീവമായി. 1965ൽ യൂനിയൻ അസിസ്റ്റൻറ് സെക്രട്ടറിയായാണ് നേതൃനിരയിലേക്കെത്തിയത്. 1968ൽ ജനറൽ സെക്രട്ടറിയായി. അടിയന്തരാവസ്ഥക്കാലത്ത് ഒളിവിലും ജയിലിലും കഴിയേണ്ടിവന്ന ചെറിയൊരിടവേളയൊഴികെ 50 വർഷം തുടർച്ചയായി ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരാനായി. സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റി അംഗവും അവിഭക്ത കണ്ണൂർ ഏരിയ കമ്മിറ്റി അംഗവുമായിരുന്നു. മയ്യിൽ ഏരിയ കമ്മിറ്റി രൂപവത്കരിച്ചതുമുതൽ അംഗമാണ്. കണ്ണൂർ ജില്ല ബസ് ട്രാൻസ്പോർട്ട് എംപ്ലായീസ് സഹകരണസംഘം രൂപവത്കരിക്കുന്നതിൽ മുന്നിൽനിന്നു പ്രവർത്തിച്ചു. ഭാര്യ: പരേതയായ പി.വി. ലക്ഷ്മി. മക്കൾ: പി.വി. തങ്കമണി (പടിയൂർ), പി.വി. രമണി (അംഗൻവാടി അധ്യാപിക, കുറ്റ്യാട്ടൂർ), പി.വി. വത്സൻ (ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്, ഇരിക്കൂർ), പി.വി. അജയൻ (ബസ് ട്രാൻസ്പോർട്ട് വർക്കേഴ്സ് സഹകരണസംഘം, കണ്ണൂർ), പി.വി. പ്രസന്ന (കാർഷിക വികസന ബാങ്ക്, മയ്യിൽ, സെക്രട്ടറി മഹിള അസോസിയേഷൻ കണ്ടക്കൈ വില്ലേജ് കമ്മിറ്റി). മരുമക്കൾ: ബാലൻ (പടിയൂർ), എസ്.കെ. ഗോവിന്ദൻ (കുറ്റ്യാട്ടൂർ), കോമളവല്ലി, ടി.വി. സുഷമ (എൽ.ഐ.സി എംപ്ലോയീസ് സഹകരണ സംഘം). സഹോദരങ്ങൾ: പി.വി. ബാലകൃഷ്ണൻ, പരേതരായ പി.വി. കുഞ്ഞിരാമൻ, പി.വി. ചാത്തുക്കുട്ടി, പി.വി. കമലാക്ഷി. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് കണ്ടക്കൈ പൊതുശ്മശാനത്തിൽ. മൃതദേഹം എ.കെ.ജി ആശുപത്രിയിൽ. ചൊവ്വാഴ്ച രാവിലെ എട്ടുമുതൽ 10 വരെ സി.പി.എം ജില്ല കമ്മിറ്റി ഓഫിസായ കണ്ണൂർ അഴീക്കോടൻ മന്ദിരത്തിലും 11 മുതൽ രണ്ടുവരെ സി.പി.എം മയ്യിൽ ഏരിയ കമ്മിറ്റി ഓഫിസായ പാട്യം സ്മാരക മന്ദിരത്തിലും പൊതുദർശനത്തിന് വെക്കും. തുടർന്ന് വീട്ടിലേക്ക് കൊണ്ടുപോവും.
Next Story