Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതെരുവുനായ് നിയന്ത്രണം: ...

തെരുവുനായ് നിയന്ത്രണം: എ.ബി.സി പദ്ധതിക്ക് തുടക്കം

text_fields
bookmark_border
പാപ്പിനിശ്ശേരി: രൂക്ഷമായ തെരുവുനായ് ശല്യത്തിന് പരിഹാരം കാണുന്നതിന്‍െറ ഭാഗമായി ജില്ലാ പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ നടപ്പാക്കുന്ന അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എ.ബി.സി) പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ഇതിനായി പാപ്പിനിശ്ശേരി മൃഗാശുപത്രിയോടനുബന്ധിച്ച് തയാറാക്കിയ തെരുവുനായ് പ്രജനന നിയന്ത്രണ ഉപകേന്ദ്രം പി.കെ ശ്രീമതി എം.പി ഉദ്ഘാടനം ചെയ്തു. മൃഗങ്ങളില്‍ ഏറ്റവും കൂടുതല്‍ മനുഷ്യനുമായി ഇണങ്ങുന്നതും പ്രതിരോധ സേനകളുടെ സേവനത്തിനടക്കം ഉപയോഗിക്കുകയും ചെയ്യുന്ന നായ്ക്കള്‍ ഇന്ന് വലിയ ആക്രമണോത്സുകത പ്രകടിപ്പിക്കുന്നത് മനുഷ്യന്‍െറ തന്നെ ചെയ്തികള്‍ കാരണമാണെന്ന് അവര്‍ പറഞ്ഞു. എന്നാല്‍, ഇവയെ കൊല്ലുന്നത് ആഘോഷമാക്കുന്ന രീതി പരിഷ്കൃത സമൂഹത്തിന് ഭൂഷണമല്ല. ഇവയുടെ എണ്ണം ക്രമാനുഗതമായി കുറച്ചുകൊണ്ടുവരുന്നതിനുള്ള ജില്ലാ പഞ്ചായത്തിന്‍െറ പദ്ധതി മാതൃകാപരമാണെന്നും എം.പി ചൂണ്ടിക്കാട്ടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. പടിയൂര്‍ പഞ്ചായത്ത് വിട്ടുനല്‍കിയ രണ്ട് ഏക്കര്‍ സ്ഥലത്ത് കെട്ടിടങ്ങളുള്‍പ്പെടെയുള്ള സംവിധാനങ്ങളൊരുക്കാന്‍ സമയമെടുക്കുമെന്നതിനാലാണ് പാപ്പിനിശ്ശേരിയില്‍ ഉപകേന്ദ്രം ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ബംഗളൂരു ആസ്ഥാനമായ അനിമല്‍ റൈറ്റ്സ് ഫണ്ട് എന്ന ഏജന്‍സിയാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു നായ്ക്ക് 1450 രൂപ എന്ന നിരക്കില്‍ ഒരു വര്‍ഷത്തേക്കാണ് ഏജന്‍സിയുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ഗ്രാമ പഞ്ചായത്തുകള്‍, നഗരസഭകള്‍, കോര്‍പറേഷന്‍ എന്നിവയുമായി ചേര്‍ന്നാണ് ജില്ലാ പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്ക് ചെലവ് വരുന്ന 2.98 കോടി രൂപയുടെ 70 ശതമാനം സംസ്ഥാന സര്‍ക്കാറും 30 ശതമാനം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളും വഹിക്കും. നായ്ക്കളെ പിടികൂടി വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാക്കുകയും പേവിഷ ബാധക്കെതിരായ കുത്തിവെപ്പ് നടത്തുകയുമാണ് പദ്ധതിയുടെ ഭാഗമായി ചെയ്യുക. അതിനുള്ള സംവിധാനങ്ങള്‍ പാപ്പിനിശ്ശേരിയിലെ ഉപകേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്. പേവിഷ ബാധക്കെതിരായ കുത്തിവെപ്പ് നല്‍കുന്നതിനാല്‍ പേയിളകാനുള്ള സാധ്യതയും ഇല്ലാതാകും. പാപ്പിനിശ്ശേരി, അഴീക്കോട്, മയ്യില്‍, കണ്ണൂര്‍ കോര്‍പറേഷന്‍ തുടങ്ങിയ തെരുവുനായ ശല്യം രൂക്ഷമായ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. പദ്ധതി ശരിയായ രീതിയില്‍ നടക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് വിവിധ തലങ്ങളിലായി ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ മോണിറ്ററിങ് കമ്മിറ്റികളും സാങ്കേതിക മേല്‍നോട്ടം വഹിക്കുന്നതിന് വെറ്ററിനറി ഓഫിസര്‍മാരടങ്ങുന്ന ടെക്നിക്കല്‍ കമ്മിറ്റികളും രൂപവത്കരിച്ചിട്ടുണ്ട്.മേയര്‍ ഇ.പി ലത, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.പി. ദിവ്യ, പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്‍റ് കെ. നാരായണന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ വി.കെ. സുരേഷ്ബാബു, കെ.പി. ജയബാലന്‍, ടി.ടി. റംല, കെ.ശോഭ, മെംബര്‍മാരായ പി.പി. ഷാജിര്‍, തോമസ് വര്‍ഗീസ്, അജിത്ത് മാട്ടൂല്‍, അന്‍സാരി തില്ലങ്കേരി, ജോയി കൊന്നക്കല്‍, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ടി.വി. ഉണ്ണികൃഷ്ണന്‍, ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ.പി.പി. കണാരന്‍, എസ്.എല്‍.ബി.പി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സി.കെ ഖലീല്‍, ഡോ.പി.വി. മോഹനന്‍, പീപ്പ്ള്‍ ഫോര്‍ അനിമല്‍ വെല്‍ഫെയര്‍ കമ്മിറ്റി പ്രസിഡന്‍റ് സുഷമ പ്രഭു, ജില്ലാ പഞ്ചായത്ത് മുന്‍ സെക്രട്ടറി എം.കെ. ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story