Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅധ്യാപക പരിശീലനത്തില്‍...

അധ്യാപക പരിശീലനത്തില്‍ 25 വര്‍ഷം താണ്ടി കണ്ണൂര്‍ ഡയറ്റ്

text_fields
bookmark_border
തലശ്ശേരി: വിദ്യാപരിശീലനത്തില്‍ കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ കണ്ണൂര്‍ ഡയറ്റ് രജതജൂബിലിയുടെ നിറവില്‍. വിദ്യാര്‍ഥികളെ അക്ഷരലോകത്തേക്ക് കൈപിടിച്ചുനടത്തിക്കാന്‍ ആയിരക്കണക്കിന് അധ്യാപകരെ പരിശീലിപ്പിച്ച ഡയറ്റ് വേറിട്ട കാല്‍പ്പാടുകളാണ് അധ്യയനരംഗത്ത് പതിപ്പിച്ചത്. ആഗസ്റ്റ് എട്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നതോടെ ഒരുവര്‍ഷം നീളുന്ന രജതോത്സവത്തിന് തുടക്കമാകും. കാലത്തിന് മായ്ക്കാനാവാത്ത വിജയഗാഥ വിദ്യാഭ്യാസചരിത്രത്തില്‍ കുറിച്ചിട്ട കണ്ണൂര്‍ ഡയറ്റ് മികവിന്‍െറയും വളര്‍ച്ചയുടെയും പുതിയ വഴിയിലേക്കാണ് രജതോത്സവത്തിലൂടെ കുതിക്കാനൊരുങ്ങുന്നത്. 1986ലെ ദേശീയ വിദ്യാഭ്യാസനയത്തിന്‍െറ ഭാഗമായാണ് കേരളത്തില്‍ ജില്ലാ വിദ്യാഭ്യാസ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ (ഡയറ്റ്) സ്ഥാപിച്ചത്. എന്നാല്‍, 1991ലാണ് ധര്‍മടം പഞ്ചായത്തിലെ പാലയാട് ചിറക്കുനിയില്‍ കണ്ണൂര്‍ ഡയറ്റ് പ്രവര്‍ത്തനമാരംഭിച്ചത്. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ഗവ. ബേസിക് ട്രെയ്നിങ് സ്കൂളാണ് ഡയറ്റായി ഉയര്‍ത്തിയത്. അന്നു മുതല്‍ ജില്ലയിലെ വിദ്യാഭ്യാസ നിലവാരമുയര്‍ത്തുന്ന പരിശീലന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിലും മികവുറ്റ പരിശീലകരെ സൃഷ്ടിക്കുന്നതിലും നിരന്തരം ഇടപെട്ടുവരുകയാണ് ഈ സ്ഥാപനം. അധ്യാപകര്‍, സാക്ഷരതാപ്രവര്‍ത്തകര്‍, പ്രധാനാധ്യാപകര്‍ തുടങ്ങി വിദ്യാഭ്യാസമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കുമായി 21 ദിവസംവരെയുള്ള പരിശീലനങ്ങള്‍ക്കു പുറമേ നൂതനമായ ഒട്ടനവധി പരിപാടികളും നടത്തിയിരുന്നു. സ്ഥാപനം സ്ഥിതിചെയ്യുന്ന ധര്‍മടം പഞ്ചായത്തില്‍ തുടര്‍ച്ചയായി രണ്ടു വര്‍ഷം വിദ്യാഭ്യാസമേളകള്‍ സംഘടിപ്പിച്ചാണ് നൂതന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചത്. 1992ല്‍ 28 പ്രൈമറി വിദ്യാലയങ്ങളും ഒരു ഹൈസ്കൂളും ചേര്‍ന്ന ശിവപുരം വിദ്യാഭ്യാസ കോംപ്ളക്സ് രൂപവത്കരിച്ചാണ് പരിശീലന പ്രവര്‍ത്തനങ്ങള്‍ ജില്ലയിലെമ്പാടും വ്യാപിപ്പിച്ചത്. 1964ലെ കോത്താരി കമീഷന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ച വിദ്യാഭ്യാസസമുച്ചയം എന്ന ആശയം ഇന്ത്യയില്‍ ആദ്യമായി യാഥാര്‍ഥ്യമായത് ഇതിലൂടെയായിരുന്നു. പഞ്ചായത്തടിസ്ഥാനത്തില്‍ രൂപവത്കരിക്കപ്പെട്ട ധര്‍മടം, കല്യാശ്ശേരി വിദ്യാഭ്യാസ കോംപ്ളക്സുകള്‍ക്ക് മൂല്യനിര്‍ണയത്തിലും ജനകീയ മോണിറ്ററിങ്ങിലും പുതിയ മാതൃകകള്‍ സൃഷ്ടിച്ചു. അക്ഷരപ്പുലരി പദ്ധതി, ഒന്നാം ക്ളാസ് ഒന്നാന്തരമാക്കല്‍, ജില്ലാപഞ്ചായത്തുമായി സഹകരിച്ചുനടപ്പാക്കിയ ഗുരുകുലം പദ്ധതി എന്നിവ ജില്ലയിലെ വിദ്യാഭ്യാസവളര്‍ച്ചക്ക് നാന്ദികുറിച്ച പദ്ധതികളാണ്. 10 വര്‍ഷത്തിനകം ഇന്ത്യയിലെ മികച്ച ഡയറ്റിനുളള കേന്ദ്ര മാനവ വിഭവശേഷി വികസനവകുപ്പിന്‍െറ ദേശീയപുരസ്കാരം കണ്ണൂര്‍ ഡയറ്റിനെ തേടിയത്തെി. 1998-99 വര്‍ഷം മുതല്‍ കേരളത്തില്‍ ശിശുകേന്ദ്രീകൃത പാഠ്യപദ്ധതി ആവിഷ്കരിച്ച് നടപ്പാക്കി. സാമൂഹികവും പാരിസ്ഥിതികവും കരകൗശലപരവുമായ പ്രാധാന്യമുള്‍ക്കൊള്ളുന്ന ശുചിത്വവീഥി, ഹരിതനിധി, സേവന തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു. ഗുരുകുലം പദ്ധതിക്കുശേഷം ഹൈസ്കൂളുകളില്‍ നടപ്പാക്കിയ കണ്ണൂര്‍ ജില്ലാപഞ്ചായത്തിന്‍െറ അഭിമാനപദ്ധതിയായ മുകുളം സമഗ്ര വിദ്യാഭ്യാസപദ്ധതിക്ക് അക്കാദമികപിന്തുണയാണ് ഡയറ്റ് നല്‍കിയത്. എസ്.എസ്.എല്‍.സി വിജയശതമാനത്തില്‍ സംസ്ഥാനത്ത് ഒന്നാമതത്തൊന്‍ കണ്ണൂരിന് ഇതിലൂടെ പലവട്ടം സാധിച്ചു. ജില്ലാ സാക്ഷരതാമിഷന്‍ നടത്തുന്ന നാലാംതരം, ഏഴാംതരം, 10ാം തരം തുല്യതാ പരിപാടികളുടെ അക്കാദമിക മേല്‍നോട്ടവും ഡയറ്റ് നടത്തുന്നുണ്ട്. ഭാഷ, ഗണിതം വിഷയങ്ങളിലെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി മുന്നേറ്റം, തിളക്കം പദ്ധതികളിലൂടെ ഡയറ്റ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. 25 സഫലവര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ കണ്ണൂര്‍ ജില്ലയെ വിദ്യാഭ്യാസത്തിന്‍െറ മുന്‍നിരയില്‍ നിലനിര്‍ത്താനും അതിനുള്ള പുനരര്‍പ്പണത്തിലൂടെ അന്തര്‍ദേശീയ നിലവാരമുള്ള ഒരു വിദ്യാഭ്യാസ പരിശീലനസ്ഥാപനമായി സ്വയം നവീകരിക്കാനുമുള്ള പരിശ്രമത്തിലാണ് ഡയറ്റ്. മികവുള്ള വിദ്യാലയങ്ങളില്‍നിന്ന് മികച്ചസമൂഹത്തിലേക്ക്, നമ്മുടെ കുഞ്ഞുങ്ങള്‍ തൊട്ടടുത്ത പൊതു വിദ്യാലയത്തിലേക്ക് എന്നീ ആശയങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് രജതോത്സവത്തിന്‍െറ ഭാഗമായി ആസൂത്രണം ചെയ്തിട്ടുള്ളത്. ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ് ചെയര്‍മാനും ഡയറ്റ് പ്രിന്‍സിപ്പല്‍ സി.എം. ബാലകൃഷ്ണന്‍ ജനറല്‍ കണ്‍വീനറുമായുള്ള സ്വാഗതസംഘമാണ് രജതോത്സവ പരിപാടികള്‍ക്ക് ചുക്കാന്‍പിടിക്കുന്നത്. ആഗസ്റ്റ് എട്ടിന് വൈകീട്ട് മൂന്നിന് പാലയാട് ഡയറ്റ് ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രജതോത്സവ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് മുഖ്യാതിഥിയാകും. ഭാവികേരളത്തിന്‍െറ വിദ്യാഭ്യാസപരിപ്രേക്ഷ്യം തയാറാക്കുന്നതിന് വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി ജില്ലയിലെ വ്യത്യസ്തകേന്ദ്രങ്ങളില്‍ സെമിനാറുകള്‍, ശില്‍പശാലകള്‍, 1000 വിദ്യാഭ്യാസ ജനസംവാദ സദസ്സുകള്‍, 1000 ക്രിയാ ഗവേഷണങ്ങള്‍, ക്ളാസ് റൂം പഠന പ്രശ്നങ്ങള്‍ക്ക് പരിഹാരങ്ങള്‍ സ്വയം കണ്ടത്തെുന്നതിനും അധ്യാപനത്തില്‍ മികവ് കൈവരിക്കുന്നതിനുമുള്ള അധ്യാപക ശാക്തീകരണപരിപാടി തുടങ്ങി വൈവിധ്യമാര്‍ന്ന ഒട്ടേറെ പദ്ധതികള്‍ക്ക് രൂപംനല്‍കിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story