ഭൂവിനിയോഗ നിയമം: കാലാനുസൃത ഭേദഗതി കൊണ്ടുവരണം -കെ.കെ. ശിവരാമൻ

05:01 AM
09/11/2019
കട്ടപ്പന: ഭൂവിനിയോഗ നിയമത്തിൽ കാലാനുസൃത ഭേദഗതികൾ കൊണ്ടുവരണമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. ശിവരാമൻ ആവശ്യപ്പെട്ടു. 1964ലെ ഭൂമി പതിവ് ചട്ടപ്രകാരം കേരളത്തിൽ ആകെയും '93ലെ ചട്ടപ്രകാരം കേരളത്തിലെ മലയോര മേഖലയിലും നൽകിയ പട്ടയങ്ങളിൽ കൃഷിയും കൃഷിക്കാരനും വാസസ്ഥലവും ഉണ്ടാകുന്നതിനാണ് പട്ടയം നൽകിയത്. എന്നാൽ, ഇങ്ങനെ പട്ടയം ലഭിച്ച സ്ഥലങ്ങളിൽ വാണിജ്യ-വ്യാപാര-പൊതുസേവന ആവശ്യങ്ങൾക്കുള്ള ധാരാളം നിർമാണം നടത്തുകയും അതിന് ആരും തടസ്സം ഉണ്ടാക്കുകയും ചെയ്തിട്ടില്ല. മൂന്നാർ ടൂറിസം മേഖലയിലെ കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട് ഹൈകോടതിയുടെ ഇടപെടൽ ഉണ്ടാകുകയും റവന്യൂ വകുപ്പ് അനധികൃത നിർമാണങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. ഇത് അവഗണിച്ച് 330ഓളം റിസോർട്ടുകൾ 260ഓളം വ്യക്തികൾ നിർമിച്ചു. ഇവയിൽ പലതും പൂർത്തീകരിച്ചു. പലതും നിർമാണം പൂർത്തിയാക്കാതെ നിർത്തിെവച്ചു. ഇങ്ങനെയുള്ളവയെ സംബന്ധിച്ചാണ് കോടതി നിർദേശപ്രകാരം ആഗസ്റ്റ് 22ന് സർക്കാർ നിയന്ത്രണം കൊണ്ടുവന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവ് ജില്ലയാകെ ബാധകമാകുന്ന സാഹചര്യത്തിൽ അത് സർക്കാറിനെ ബോധ്യപ്പെടുത്തുകയും അവ്യക്തമായ കാര്യങ്ങൾ നീക്കി സർക്കാർ പുതുക്കിയ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഇതുപ്രകാരം എട്ട് വില്ലേജുകൾക്ക് മാത്രമേ ഉത്തരവ് ബാധകമാകുകയുള്ളൂ. ജില്ലയിൽ മറ്റ് പ്രദേശങ്ങളിൽ മുമ്പുള്ള സ്ഥിതി തുടരും. എന്നാൽ, യു.ഡി.എഫും ഒരു പറ്റം ഉദ്യോഗസ്ഥരും ജനത്തെ തെറ്റിദ്ധരിപ്പിക്കുന്ന കള്ളപ്രചാരണം നടത്തുകയും അവരിൽ ഭീതി സൃഷ്ടിക്കുകയുമാണ് ചെയ്യുന്നത്. '64ലെ ചട്ടങ്ങൾ ഉണ്ടാക്കിയത് ഇന്നത്തെ കേരള കോൺഗ്രസ് കൂടി ഉൾപ്പെട്ട കോൺഗ്രസ് സർക്കാറാണ്. ദ്രോഹകരമായ നിയമങ്ങൾ കർഷകർക്കെതിരെ കൊണ്ടുവന്നപ്പോൾ അതിനെതിരെ കൃഷിക്കാർക്കുവേണ്ടി പോരാടി നിൽക്കുന്നതും എൽ.ഡി.എഫാണ്. കോൺഗ്രസ് ഉണ്ടാക്കിയ ചട്ടം ഭേദഗതി ചെയ്തതും ചെയ്യാൻ പോകുന്നതും കമ്യൂണിസ്റ്റുകാരാണ്. കോൺഗ്രസുകാർ ചരിത്രം മറന്നാലും കർഷരും സാധാരണ ജനങ്ങളും ചരിത്രം മറക്കരുതെന്നും അദ്ദേഹം വാർത്തക്കുറിപ്പിൽ പറഞ്ഞു. ഭൂപ്രശ്നം: കർഷക കോൺഗ്രസ് സമരം ആരംഭിച്ചു കുമളി: ഇടുക്കി ജില്ലയിലെ ഭൂപ്രശ്നത്തിനു ശാശ്വത പരിഹാരം തേടി കർഷക കോൺഗ്രസ് ആരംഭിക്കുന്ന സമരപരിപാടികളുടെ ഭാഗമായി താലൂക്കിലെ മുഴുവൻ വില്ലേജുകളിലേക്കും മാർച്ചും ധർണയും നടത്തും. രണ്ടാം ഘട്ടമായി കർഷക പ്രക്ഷോഭയാത്രയും മൂന്നാം ഘട്ടമായി താലൂക്ക് ഓഫിസ് മാർച്ചും സംഘടിപ്പിക്കും. മണ്ഡലം കമ്മിറ്റി നേതൃത്വത്തിലാണ് വില്ലേജ് ഓഫിസ് ധർണ സംഘടിപ്പിച്ചിരിക്കുന്നത്. മേഖലാതലങ്ങളിൽ കർഷക സദസ്സുകളും നടത്തും. 1964ലെ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുക, ജില്ലയിലെ നിർമാണ നിയന്ത്രണം ഒഴിവാക്കുക, താലൂക്കിലെ വിവിധ വില്ലേജുകളിലെ പട്ടയയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണുക, കൃഷി വായ്പകളുടെ മൊറട്ടോറിയം നീട്ടുക, മൊറട്ടോറിയ കാലയളവിൽ പലിശ ഒഴിവാക്കുക, വന്യജീവി ആക്രമണങ്ങളിൽനിന്ന് കർഷകരെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. നിയോജക മണ്ഡലം പ്രസിഡൻറ് മജോ കാരിമുട്ടം അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് ആൻറണി കുഴിക്കാട് ഉദ്ഘാടനം ചെയ്തു. വർക്കി പൊടിപാറ, തങ്കച്ചൻ ഏറത്തേൽ, ശിവരാമൻ ചെട്ടിയാർ, അജി കീഴ്‌വാറ്റ്, സി.ജെ. ജോണി, കെ.വി. ജോസഫ്, ജോസ് അഴകം പ്രായിൽ, സിനോജ് ജേക്കബ്, തോമസ് ജോൺ, കെ.സി. സുകുമാരൻ എന്നിവർ സംസാരിച്ചു.
Loading...