Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2019 5:00 AM IST Updated On
date_range 27 Jun 2019 5:00 AM ISTകുളമാവ് ലോറി അപകടം; രക്ഷാപ്രവര്‍ത്തനം വൈകിയെന്ന് പരാതി
text_fieldsbookmark_border
തൊടുപുഴ: കുളമാവ് അയ്യക്കാട് കൊക്കയിൽ മദ്യലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ അലംഭാവമുണ്ടായതായി ആക്ഷേപം. തൊടുപുഴയിലെ ബിവറേജ്‌സ് ഗോഡൗണില്‍നിന്ന് ചെറുതോണിയിലേക്ക് പോയ ലോറി മറിഞ്ഞാണ് വെങ്ങല്ലൂര്‍ പുളിക്കാലില്‍ ഇസ്മായില്‍ (49) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു അപകടം. സ്ഥലത്തെത്തിയ പൊലീസ് ആദ്യം ചെയ്തത് ലോറിയില്‍നിന്ന് വീണ മദ്യക്കുപ്പികള്‍ നാട്ടുകാര്‍ കൈക്കലാക്കാതിരിക്കാന്‍ സംരക്ഷണമൊരുക്കുകയായിരുന്നെന്ന് സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. ഡ്രൈവർ വണ്ടിക്കടിയിൽപെട്ടിരിക്കാമെന്ന് ഓടിക്കൂടിയവർ പറഞ്ഞെങ്കിലും പൊലീസ് ചെവിക്കൊണ്ടില്ല. ഡ്രൈവര്‍ രക്ഷപ്പെട്ടു കാണുമെന്നായിരുന്നു പൊലീസിൻെറ നിഗമനം. അതിനിടെ ഡ്രൈവറെ കുരുതിക്കളം ചെക്പോസ്റ്റിന് സമീപം കണ്ടെത്തിയെന്ന് സന്ദേശം പരന്നു. വ്യാജസന്ദേശമാണെന്ന് മനസ്സിലായതോടെയാണ് രക്ഷാപ്രവർത്തനം ശക്തമാക്കിയത്. തുടർന്ന് കുപ്പികള്‍ക്കിടയില്‍ പരിക്കേറ്റ നിലയില്‍ ഇസ്മായിലിനെ കണ്ടെത്തുകയായിരുന്നു. മൂലമറ്റത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. നാടുകാണിയിലെ കൊടുംവളവില്‍ നിയന്ത്രണംവിട്ട ലോറി എതിര്‍ദിശയിലെ തിട്ടയില്‍ ഇടിച്ച ശേഷം 150 അടിയോളം താഴ്ചയിലേക്കാണ് മറിഞ്ഞത്. തൊടുപുഴ ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വെങ്ങല്ലൂർ വലിയവീട്ടിൽ പള്ളി ഖബർസ്ഥാനിൽ ഖബറടക്കി. കടിച്ച പാമ്പുമായി വയോധികൻ ആശുപത്രിയിൽ പീരുമേട്: കടിച്ച പാമ്പുമായി ആശുപത്രിയിൽ എത്തി ചികിത്സതേടി. ഏലത്തോട്ടത്തിൽ ജോലി ചെയ്യവെയാണ് വണ്ടിപ്പെരിയാർ ഇഞ്ചിക്കാട് സ്വദേശി മൂക്കയ്യനെ (60) മോതിരവളയൻ ഇനത്തിൽപെട്ട പാമ്പ് കടിച്ചത്. പീരുമേട് ചപ്പക്കുളത്തിന് സമീപത്തിലെ തോട്ടത്തിൽ ബുധനാഴ്ച രാവിലെ ഏലത്തിൻെറ ചുവട്ടിലെ കരിയിലകൾ നീക്കംചെയ്യുന്നതിനിടെ കൈപ്പത്തിയിൽ കടിക്കുകയായിരുന്നു. കടിച്ച പാമ്പിനെ തല്ലിക്കൊന്ന് പീരുമേട് ആശുപത്രിയിൽ എത്തുകയായിരുന്നു. പ്രാഥമിക ശുശ്രൂഷക്കുശേഷം വിദഗ്ധ ചികിത്സക്ക് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു. വസ്ത്രം വാഹനത്തിലുടക്കി; വാഹനം തട്ടി വീണ് വിദ്യാർഥിനിക്ക് പരിക്ക് വണ്ടിപ്പെരിയാർ: സ്കൂൾ വാഹനത്തിൽനിന്ന് ഇറങ്ങിയ വിദ്യാർഥിനിക്ക് വാഹനം തട്ടി ഗുരുതര പരിക്ക്. കുമളി വെള്ളാരംകുന്ന് സൻെറ് മേരീസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിക്കാണ് പരിക്കേറ്റത്. സ്കൂൾ ബസിൽനിന്ന് ഇറങ്ങിയ ശേഷം വാഹനം മുന്നോട്ടെടുക്കുന്നതിനിടെ വസ്ത്രം വാഹനത്തിൽ ഉടക്കുകയും വിദ്യാർഥിനി വീഴുകയുമായിരുന്നു. ടയറിൻെറ വശം ശരീരത്തിൽ തട്ടി മുറിവേൽക്കുകയും രക്തസ്രാവമുണ്ടാവുകയും ചെയ്തു. പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദ്യാർഥിനിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story