Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2019 5:02 AM IST Updated On
date_range 26 Jun 2019 5:02 AM ISTവെള്ളക്കെട്ടിൽ തകർന്ന് ബാലഗ്രാം റോഡ്; ബസ് സർവിസ് നിർത്തി
text_fieldsbookmark_border
നെടുങ്കണ്ടം: ബാലഗ്രാം-അന്യാർതൊളു റോഡിലെ വെള്ളക്കെട്ട് യാത്രക്ലേശം രൂക്ഷമാക്കുന്നു. വെള്ളക്കെട്ടുമൂലം ബാല ഗ്രാം മുതൽ അന്യാർതൊളുവരെ ഏഴ് കിലോമീറ്റർ റോഡ് തകർന്ന് കുളമായി. റോഡ് പൂർണമായി തകർന്നതിനാൽ കാൽനട അസാധ്യമാണ്. നെടുങ്കണ്ടം-ബാലഗ്രാം-ഗജേന്ദ്രപുരം-നിർമലാപുരം വഴി അന്യാർതൊളുവിനുള്ള റോഡാണിത്. മാസങ്ങളായി തകർന്ന റോഡിൽ മഴ പെയ്തതോടെയാണ് വെള്ളക്കെട്ടായത്. ഈ വഴിയെ ആശ്രയിച്ചിരുന്ന ബാലഗ്രാം, ഗജേന്ദ്രപുരം, നിർമലാപുരം, തുളസിക്കവല, കാനംപടി, എടത്വാമെട്ട്, അന്യാർതൊളു, ഗണപതി പാലം തുടങ്ങിയ പ്രദേശങ്ങളിലെ നൂറുകണക്കിന് ആളുകൾ യാത്രക്ലേശത്താൽ പൊറുതിമുട്ടുകയാണ്. തോട്ടം തൊഴിലാളികളും വിദ്യാർഥികളും വയോധികരും രോഗികളുമാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ സർവിസ് നിർത്തി. ട്രിപ്പ് വാഹനങ്ങൾപോലും എത്തുന്നില്ല. ടാക്സിക്ക് അമിതകൂലി കൊടുക്കേണ്ടി വരുന്നതും പ്രദേശവാസികൾക്ക് വിനയായി. രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനും യഥാസമയത്ത് വിദ്യാലയങ്ങളിലും ഓഫിസുകളിലും എത്തിച്ചേരുന്നതിനും കഴിയാത്ത അവസ്ഥയാണിപ്പോൾ. 15 വർഷം മുമ്പ് നെടുങ്കണ്ടം ബ്ലോക്കിൻെറയും നബാർഡിൻെറയും സഹകരണത്തോടെ നിർമിച്ച റോഡാണിത്. നെടുങ്കണ്ടത്തുനിന്ന് എളുപ്പത്തിൽ കുമളിക്ക് എത്താവുന്നതും പാമ്പാടുംപാറ, കരുണാപുരം, വണ്ടൻമേട് പഞ്ചായത്തുകളിലൂടെയും വില്ലേജുകളിലൂടെയും കടന്നുപോകുന്നതും മൂന്ന് ഹൈവേകളെ തമ്മിൽ ബന്ധിപ്പിക്കുന്നതുമായ റോഡാണിത്. റോഡിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് പൊതുതാൽപര്യഹരജി നൽകാനും നിരാഹാരം ഉൾപ്പെടെ സമരങ്ങൾക്കും തയാറെടുക്കുകയാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story