Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2019 5:02 AM IST Updated On
date_range 8 March 2019 5:02 AM ISTകര്‍ഷകരുടെ എല്ലാ വായ്പകളിലും മൊറട്ടോറിയം കര്‍ശനമായി നടപ്പാക്കും -കൃഷിമന്ത്രി
text_fieldsbookmark_border
തൊടുപുഴ: പൊതുമേഖല, വാണിജ്യ, സഹകരണ ബാങ്കുകളില്‍നിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും കര്‍ഷകരെടുത്ത എല്ലാ വായ്പകളിലും ഡിസംബര്‍ 31വരെ സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം പൂര്‍ണമായും നടപ്പാക്കുമെന്ന് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ വ്യക്തമാക്കി. ജില്ലയിലെ കാര്‍ഷിക മേഖലയിലെ പ്രളയാനന്തര നടപടി ഏകോപിപ്പിക്കുന്നതിനും കാര്‍ഷിക വായ്പ സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി ചേര്‍ന്ന ജില്ലതല ബാങ്കിങ് സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ എല്ലാ ധനകാര്യ സ്ഥാപനങ്ങളും ജപ്തി നടപടി അടിയന്തരമായി നിര്‍ത്തിവെക്കണമെന്നും കര്‍ഷകരുടെ പേരില്‍ ജപ്തി നടപടികളും റവന്യൂ റിക്കവറി നടപടികളും എടുക്കരുതെന്നും മന്ത്രി കര്‍ശന നിര്‍ദേശം നല്‍കി. കാര്‍ഷിക കടാശ്വാസ കമീഷന്‍ മുഖേന ഇടുക്കി, വയനാട് ജില്ലകളിലെ കര്‍ഷകരുടെ വായ്പകള്‍ക്ക് നല്‍കുന്ന ആനുകൂല്യം 2018 ആഗസ്റ്റ് 31വരെയുള്ള വായ്പകള്‍ക്ക് ബാധകമാക്കും. മറ്റ് ജില്ലകളിലെ 2014 ഒക്ടോബര്‍ 31വരെയുള്ള വായ്പകള്‍ക്ക് ഈ ആനുകൂല്യം ലഭ്യമാകും. സര്‍ഫാസി നിയമപ്രകാരം കൃഷി ഭൂമിക്കുമേല്‍ ബാങ്കുകള്‍ക്ക് നടപടി സ്വീകരിക്കാന്‍ കഴിയില്ലെങ്കിലും ചില ബാങ്ക് ഉദ്യോഗസ്ഥര്‍ കര്‍ഷകരെ ബുദ്ധിമുട്ടിക്കുന്ന നടപടി സ്വീകരിക്കുന്നത് സര്‍ക്കാര്‍ ഗൗരവമായെടുക്കും. അവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ മടിക്കില്ല. വായ്പ കുടിശ്ശികയുള്ള കര്‍ഷകരെയും അവരുടെ ബന്ധുക്കളെയും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്ന പ്രവണത പല ബാങ്കുകളും സ്വീകരിക്കുന്നു. ഇനിയും ഇത്തരത്തില്‍ ഭീഷണികളുണ്ടായാല്‍ നിയമ നടപടികള്‍ ഉണ്ടാകും. കര്‍ഷക കടാശ്വാസ കമീഷന്‍ മുഖേന നല്‍കുന്ന ആശ്വാസ നടപടികള്‍ 50,000 മുതല്‍ ഒരു ലക്ഷം രൂപവരെയുള്ള പരിധി രണ്ടുലക്ഷം രൂപവരെയുള്ള ആനുകൂല്യം ലഭിക്കുന്നതിന് നടപടി സ്വീകരിച്ചതായും സഹകരണ ബാങ്കുകളില്‍നിന്ന് മാത്രം ലഭിച്ചിരുന്ന ഈ ആനുകൂല്യം വാണിജ്യ ബാങ്കുകളില്‍നിന്നു കൂടി ലഭിക്കുന്നതിനും നടപടിയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ദീര്‍ഘകാല വിളകള്‍ക്ക് പുതുതായി അനുവദിക്കുന്ന വായ്പയുടെ പലിശ ഒമ്പതു ശതമാനംവരെ ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ വഹിക്കും. പട്ടയമില്ലാത്ത കര്‍ഷകര്‍ക്കും ആനുകൂല്യങ്ങള്‍ ലഭ്യമാക്കും. ജോയ്‌സ് ജോര്‍ജ് എം.പി, എം.എല്‍.എമാരായ പി.ജെ. ജോസഫ്, ഇ.എസ്. ബിജിമോള്‍, കൃഷിവകുപ്പ് ഡയറക്ടര്‍ ഡോ. പി.കെ. ജയശ്രീ, പ്രൈസസ് കമീഷന്‍ ചെയര്‍മാന്‍ ഡോ. രാജശേഖരന്‍, ആര്‍.ഡി.ഒ എം.പി. വിനോദ്, സംസ്ഥാന ബാങ്കിങ് സമിതി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എന്‍.കെ. കൃഷ്ണന്‍കുട്ടി, ബാങ്ക് മാനേജര്‍ രാജഗോപാല്‍, നബാര്‍ഡ് ഡി.ജി.എം അശോക്കുമാര്‍ നായര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ആന്‍സി ജോണ്‍, ബാങ്ക് ഓഫിസര്‍മാര്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നോട്ടീസ് ലഭിച്ച കര്‍ഷകരുടെ യോഗം 15നകം പഞ്ചായത്തുതലത്തില്‍ തൊടുപുഴ: വായ്പ കുടിശ്ശികക്ക് നോട്ടീസ് ലഭിച്ച കര്‍ഷകരുടെ യോഗം ഇൗ മാസം 15നകം പഞ്ചായത്ത് തലത്തില്‍ വിളിച്ചുചേര്‍ത്ത് സര്‍ക്കാര്‍ നടപടിയും സംസ്ഥാന ബാങ്കിങ് സമിതി സ്വീകരിച്ച നടപടികളും അവരെ അറിയിക്കണം. ജില്ലയിലെ എട്ട് ബ്ലോക്കുകളിലെ ഫിനാഷ്യല്‍ ലിറ്ററസി കൗണ്‍സിലേഴ്‌സും കൃഷി, റവന്യൂ, ബാങ്ക് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് പ്രസിഡൻറുമാര്‍ ഉള്‍പ്പെടെ ജനപ്രതിനിധികള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ യോഗങ്ങള്‍ നടത്തി കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന നടപടി സ്വീകരിക്കണം. കര്‍ഷകര്‍ക്ക് വായ്പ കുടിശ്ശിക, ജപ്തി നോട്ടീസ്, റവന്യൂ റിക്കവറി നോട്ടീസ് എന്നിവ അയച്ചത് സംബന്ധിച്ച ഓരോ ബാങ്കുകളില്‍നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് രണ്ടു ദിവസത്തിനകം ജില്ല ലീഡ് ബാങ്ക് മനേജറെ അറിയിക്കണം. കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ഷകരുടെ വീടുകള്‍ സന്ദര്‍ശിച്ച് വിശദ വിവരങ്ങള്‍ ആരായുകയും ആവശ്യമെങ്കില്‍ കൗണ്‍സലിങ് ഉള്‍പ്പെടെ സഹായം നല്‍കി കര്‍ഷകരുടെ മാനസിക സമ്മര്‍ദം കുറക്കാന്‍ നടപടി സ്വീകരിക്കുകയും വേണം. പ്രളയ ദുരിതാശ്വാസ തുകയുടെ 65 ശതമാനവും ഇതിനകം നല്‍കി കഴിഞ്ഞു. ശേഷിക്കുന്നത് നല്‍കാൻ 85 കോടി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. മാര്‍ച്ച് 31നകം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴി ഇത് ലഭ്യമാക്കും. സര്‍ക്കാര്‍ മാസന്തോറും കര്‍ഷക പെന്‍ഷനായി നല്‍കുന്നത് 1200 രൂപയാണ്. കുടിശിക ഉള്‍പ്പെടെ ഇത് ഏപ്രില്‍ അഞ്ചിനകം നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story