കൗതുക കാഴ്ചയൊരുക്കി മാട്ടുപ്പെട്ടിയിൽ മലയണ്ണാൻ

06:42 AM
12/09/2018
മൂന്നാർ: മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് കൗതുകക്കാഴ്ചയായി മലയണ്ണാൻമാർ. മാട്ടുപ്പെട്ടിയില്‍നിന്ന് ടോപ്പ് സ്റ്റേഷനിലേക്കുള്ള വഴിയിലെ യൂക്കാലിപ്റ്റ്‌സ് മരങ്ങളിലാണ് വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയില്‍ ഉൾപ്പെട്ട മലയണ്ണാന്‍ യഥേഷ്ടം വിഹരിക്കുന്നത്. മരങ്ങളില്‍നിന്ന് മരങ്ങളിലേക്കുള്ള ഇവയുടെ ചാട്ടവും ഉയരമുള്ള മരത്തില്‍ അള്ളിപ്പിടിച്ച് അതിവേഗം കുതിക്കുന്ന കാഴ്ചയും സഞ്ചാരികൾക്ക് ഹരം പകരുന്നു. മറ്റ് അണ്ണാനുകളെ അപേക്ഷിച്ച് ഭാരം കൂടുതലാണെങ്കിലും ഇലകളില്‍ അള്ളിപ്പിടിച്ച് താഴെ വീഴാതെ മരങ്ങൾ തോറും ചാടും. അണ്ണാന്‍ വര്‍ഗത്തിലെ തലയെടുപ്പും സൗന്ദര്യവുമുള്ള ജീവിയാണ് മലയണ്ണാൻ. ശരീരത്തി​െൻറ പുറംഭാഗത്ത് കാണുന്ന ചുവപ്പു കലര്‍ന്ന തവിട്ടു നിറമാണ് ഇതിനെ ആകര്‍ഷകമാക്കുന്നത്. ഉദരഭാഗത്തിന് മഞ്ഞകലര്‍ന്ന ഓറഞ്ചുനിറമാണ്. ജീവിതകാലം മുഴുവന്‍ മരങ്ങളില്‍ കഴിച്ചുകൂട്ടുന്ന ഇവ ഭക്ഷണം കണ്ടെത്തുന്നതും മരത്തില്‍നിന്നുതന്നെ. ശരീരഭാഗത്തേക്കാള്‍ വാലിന് നീളമുള്ളത് ഇവയുടെ പ്രത്യേകതയാണ്. ഏഴ് മീറ്റര്‍ വരെ 'ആകാശച്ചാട്ടം' നടത്തുന്ന മലയണ്ണാന് രണ്ട് കിലോയോളം ഭാരം വരും. കേരളത്തിലെ പശ്ചിമഘട്ട മലനിരകളിലാണ് ഇവയെ സാധാരണ കണ്ടുവരുന്നത്. പൂര്‍ണമായി കാടുകളില്‍തന്നെ കഴിയുന്ന ഇവ പകല്‍ മാത്രേമ പുറത്തിറങ്ങാറുള്ളൂ. വലിയ മരങ്ങളിലാണ് കൂടുകൂട്ടുന്നത്. ഇന്ത്യന്‍ ജയൻറ് സ്‌ക്വിറില്‍ എന്നറിയപ്പെടുന്ന ഇവയുടെ ശാസ്ത്രീയ നാമം 'റാറ്റുഫാ ഇന്‍ഡിക്ക' എന്നാണ്.
Loading...
COMMENTS