Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Oct 2016 6:16 PM IST Updated On
date_range 4 Oct 2016 6:16 PM ISTകാഞ്ഞാര്‍-വാഗമണ്‍ പാതയില്‍ അപകടം പതിവ്
text_fieldsbookmark_border
മുട്ടം: ഏറെ സഞ്ചാരികള്‍ കടന്നുപോകുന്ന കാഞ്ഞാര്‍-വാഗമണ്‍ പാതയില്‍ അപകടം പതിവായി. രണ്ട് മാസത്തിനിടെ ആറ് അപകടങ്ങളിലായി ഒരാള്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെ വാഗമണില്‍ പരസ്യ ചിത്രീകരണത്തിന് ശേഷം വരുകയായിരുന്ന ആറംഗ സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ അമ്പത് അടിയോളം താഴ്ചയിലേക്ക് പതിച്ച് ഒരാള്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതാണ് ഒടുവിലത്തെ സംഭവം. കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ വാഗമണിന് പോയ തിരുവല്ല സ്വദേശികളുടെ ആള്‍ട്ടോ കാറും വാഗമണില്‍നിന്ന് തിരികെ വന്ന പെരുമ്പാവൂര്‍ സ്വദേശികളുടെ ഫൊര്‍ച്യൂണര്‍ കാറും തമ്മില്‍ കുടയത്തൂരില്‍ കൂട്ടിയിടിച്ചിരുന്നു. ആഗസ്റ്റ് 16ന് വാഗമണ്‍ കണ്ടുമടങ്ങിയ ചെന്നൈ സ്വദേശികള്‍ സഞ്ചരിച്ച കാര്‍ മണപ്പാടി വലിയാറിലെ ചെക്ഡാമിലേക്ക് മറിയുകയും ഇതില്‍ സഞ്ചരിച്ച പളനിയപ്പന്‍, ഭാര്യ ജയ എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആഗസ്റ്റ് 17ന് രാത്രി 8.30ന് വാഗമണ്‍ കണ്ടുമടങ്ങിയ നാലംഗ സംഘം സഞ്ചരിച്ച നാനോ കാര്‍ മണപ്പാടി പുത്തേട് കവലയില്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് നിന്നത്. കാറില്‍ കുടുങ്ങിക്കിടന്നവരെ രക്ഷിക്കാനത്തെിയവര്‍ക്ക് പൊട്ടിയ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റു. 15, 16, 17 തീയതികളിലായി തുടര്‍ച്ചയായ മൂന്ന് ദിവസമാണ് വാഗമണ്‍ കാണാനത്തെിയവര്‍ അപകടത്തില്‍പെട്ടത്. തുടര്‍ന്ന് സെപ്റ്റംബര്‍ 17ന് തൃശൂരില്‍നിന്ന് വാഗമണ്‍ കാണാനത്തെിയ അഞ്ചംഗ സംഘം സഞ്ചരിച്ച കാര്‍ മുട്ടം ശങ്കരപ്പള്ളിക്ക് സമീപം ആറടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു. കൂടാതെ അതുവഴിവന്ന ബൈക്ക് യാത്രിക്കാരനും പരിക്കേറ്റു. തുടര്‍ന്ന് സെപ്റ്റംബര്‍ 21ന് വാഗമണ്‍ കണ്ടുമടങ്ങിയ ആലുവ സ്വദേശികളായ നാലുപേര്‍ സഞ്ചരിച്ച കാര്‍ ശങ്കരപ്പള്ളിയില്‍ സമീപത്തെ പറമ്പിലേക്ക് മറിഞ്ഞ് അപകടം സംഭവിച്ചിരുന്നു. കൂടാതെ നിരവധി ചെറുതും വലുതുമായ അപകടങ്ങള്‍ ഈ വഴിയില്‍ സംഭവിക്കാറുണ്ട്. ഭാഗ്യംകൊണ്ടാണ് പലരും രക്ഷപ്പെടുന്നത്. ചെങ്കുത്തായ കയറ്റ ഇറക്കങ്ങളും അശാസ്ത്രീയമായ വളവുകളുമാണ് വാഗമണ്‍ റോഡില്‍. കൂടാതെ മിക്കപ്പോഴും മഞ്ഞുള്ളതിനാല്‍ ഡ്രൈവര്‍ക്ക് നല്ലരീതിയില്‍ റോഡ് കാണാന്‍ കഴിയില്ല. ഇതാണ് അപകടങ്ങള്‍ കൂടുന്നത്. നിരവധി അപകടകരമായ സ്ഥലങ്ങളില്‍ സംരക്ഷണ ഭിത്തിയുമില്ല. പുതുതലമുറ വാഹനങ്ങള്‍ക്ക് ഇണങ്ങുന്ന രീതിയിലല്ല റോഡിന്‍െറ നിര്‍മാണം. കരാറുകാരും ഉദ്യോഗസ്ഥരും ഒത്തുകൂടുമ്പോള്‍ ലാഭം വീതിക്കാന്‍ കഴിയുന്ന രീതിയില്‍ റോഡ് പണിയുകയാണ് പതിവ്. പുതിയ റോഡുകള്‍ നിര്‍മിക്കുമ്പോള്‍ പൊതുമരാമത്ത് വകുപ്പിലെ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് പ്ളാനിങ് വിഭാഗത്തെക്കൊണ്ട് പഠനം നടത്തി അവരുടെ നിര്‍ദേശമനുസരിച്ച് റോഡ് നിര്‍മിക്കണമൊണ് നിയമമെങ്കിലും ഇത് പാലിക്കപ്പെടാറില്ല. ഇതുമൂലം ജില്ലയിലെ ഭൂരിപക്ഷം റോഡുകളും അപകടക്കെണിയാവുന്നു. വാഗമണ്‍ റോഡില്‍ പലഭാഗങ്ങളിലും റോഡിന് വീതികുറവാണ്. വീതികൂട്ടി സംരക്ഷണ ഭിത്തികള്‍ നിര്‍മിച്ച് റോഡ് സുരക്ഷിതമാക്കിയില്ളെങ്കില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമായ വാഗമണിനുള്ള യാത്ര മരണക്കെണിയായി മാറും. വാഗമണ്‍ പോകുന്ന മിനി ബസുകള്‍ ഇറക്കത്തില്‍ കൂടുതല്‍ ബ്രേക്ക് ഉപയോഗിക്കുന്നത് അപകടത്തിന് കാരണമാകും. കയറ്റം കയറുന്ന അതേ ഗിയറില്‍തന്നെ ഇറക്കത്തിലും വാഹനം ഓടിച്ചാല്‍ ഈപ്രശ്നം ഒരുപരിധിവരെ ഒഴിവാക്കാനാകുമെന്ന് വിദഗ്ധര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story