Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2016 5:50 PM IST Updated On
date_range 28 May 2016 5:50 PM ISTജില്ലയില്‍ ഡെങ്കിപ്പനി വ്യാപകം; പക്ഷേ, കണക്കുകള്‍ വ്യക്തമല്ല
text_fieldsbookmark_border
തൊടുപുഴ: ജില്ലയില്‍ പല പഞ്ചായത്തുകളിലും ഡെങ്കിപ്പനി വ്യാപകമാകുമ്പോഴും രോഗബാധിതരുടെ കൃത്യമായ എണ്ണം ആരോഗ്യവകുപ്പിന്‍െറ കൈവശമില്ല. യഥാര്‍ഥ കണക്കുകളുടെ നാലിലൊന്ന് കേസുകള്‍ മാത്രമാണ് പല പഞ്ചായത്തുകളില്‍നിന്ന് ആരോഗ്യവകുപ്പിന്‍െറ കൈവശമുള്ളത്. എന്നാല്‍, വിവരം അധികൃതര്‍ മറച്ചുവെക്കുന്നതാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ 78 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തതെന്നാണ് ആരോഗ്യവകുപ്പിന്‍െറ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഡെങ്കിപ്പനി വ്യാപകമായ പഞ്ചായത്തുകളായ വണ്ണപ്പുറം, കോടിക്കുളം, അടിമാലി എന്നിവിടങ്ങളിലെ കണക്കുകളിലാണ് പൊരുത്തക്കേട്. തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ 20 പേര്‍ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയില്‍ കഴിയുമ്പോള്‍ തൊടുപുഴയില്‍ രണ്ടുപേര്‍ക്ക് മാത്രമേ സ്ഥിരീകരിച്ചിട്ടുള്ളൂ. ആറുപേര്‍ നിരീക്ഷണത്തിലാണെന്നാണ് ആരോഗ്യവകുപ്പിന്‍െറ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. വണ്ണപ്പുറം പഞ്ചായത്തില്‍ 23 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായും 75 പേര്‍ നിരീക്ഷണത്തിലാണെന്നും വകുപ്പ് പറയുമ്പോള്‍ ഇവിടെ സ്ഥിതി ആശങ്കാജനകമാണ്. സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ആശുപത്രികളിലുമായി നൂറോളം പേര്‍ ഇവിടെ ചികിത്സ തേടിക്കഴിഞ്ഞു. കോടിക്കുളം പഞ്ചായത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെ 11 പേര്‍ക്ക് പനി സ്ഥിരീകരിച്ചതായും 21 പേര്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യവകുപ്പ് പറയുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത കേസുകളാണ് ഇതെന്നും ഇതിന്‍െറ ഇരട്ടിയിലധികം പേര്‍ക്ക് പനി ബാധിച്ചിട്ടുണ്ടെന്നും പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു. തൊടുപുഴ മേഖലയില്‍ ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്ക് വേണ്ടത്ര സൗകര്യം ഏര്‍പ്പെടുത്താത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇതേതുടര്‍ന്ന് പലരും സമീപ ജില്ലകളിലെ ആശുപത്രികളിലേക്ക് ചികിത്സ തേടിപ്പോകുകയാണ്. കോട്ടയം മെഡിക്കല്‍ കോളജ്, കോലഞ്ചേരി എന്നിവിടങ്ങളില്‍ ഇടുക്കി സ്വദേശികളായ നിരവധി പേരാണ് ചികിത്സ തേടിയത്. കഴിഞ്ഞ തവണ ഡെങ്കിപ്പനി വ്യാപകമായി റിപ്പോര്‍ട്ട് ചെയ്ത അടിമാലി പഞ്ചായത്തില്‍ സമാന സാഹചര്യം നിലവിലില്ളെങ്കിലും അടിമാലി പഞ്ചായത്തില്‍ ഇതുവരെ 15 പേര്‍ ചികിത്സ തേടിയതായാണ് വിവരം. കൊതുകിന്‍െറ ഉറവിട നശീകരണവുമായി ആരോഗ്യ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും രംഗത്തിറങ്ങിയിട്ടുണ്ടെങ്കിലും മാലിന്യം അടിഞ്ഞ് കൊതുകുകളുടെ ആവാസസ്ഥലങ്ങളായ ഓടകളും തോടുകളും ശുചീകരിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല. റബര്‍ തോട്ടങ്ങള്‍ക്ക് സമീപവും വെള്ളം കെട്ടിക്കിടക്കുന്ന ഓടകള്‍ക്ക് സമീപവും കൊതുകുശല്യം രൂക്ഷമാണ്. എന്നാല്‍, ആശങ്കപ്പെടാനില്ളെന്നും പകര്‍ച്ചവ്യാധികള്‍ നിയന്ത്രണ വിധേയമാണെന്നുമാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. ബോധവത്കരണം, ഉറവിട മാലിന്യസംസ്കരണം എന്നിവ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കുകയാണെന്നും ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായും അവര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story