Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2016 5:44 PM IST Updated On
date_range 21 Jun 2016 5:44 PM ISTആദിവാസി ഹോസ്റ്റലുകളാണ്, അവഗണിക്കരുത്
text_fieldsbookmark_border
തൊടുപുഴ: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആദിവാസി ഹോസ്റ്റലുകള്‍ക്ക് പറയാനുള്ളത് പരാധീനതകളുടെ കഥകള്‍ മാത്രം. പന്ത്രണ്ടോളം ഹോസ്റ്റലുകളാണ് ജില്ലയിലുള്ളത്. ചിലതൊക്കെ നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നു. മറ്റ് ചിലതാകട്ടെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ വട്ടപ്പൂജ്യമാണ്. വൈദ്യുതിയില്ല, കുടിവെള്ളമില്ല, നേരെ ചൊവ്വേ കിടക്കാന്‍ സ്ഥലമില്ല. ചിലയിടത്ത് ഉള്‍ക്കൊള്ളാവുന്നതിലധികം അന്തേവാസികള്‍. പ്രശ്നങ്ങളും പരാതികളും പുതിയതല്ല. വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പക്ഷേ, കേള്‍ക്കാനും കാണാനും ആരുമില്ളെന്നുമാത്രം. തൊടുപുഴ താലൂക്കിലെ പൂമാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിനോടനുബന്ധിച്ച ട്രൈബല്‍ ഹോസ്റ്റല്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമുള്ളതാണ്. 80 കുട്ടികളെ പാര്‍പ്പിക്കാനാവശ്യമായ ഹോസ്റ്റലില്‍ 120 കുട്ടികളാണ് താമസിക്കുന്നത്. അതിന്‍േറതായ പ്രശ്നങ്ങളെല്ലാം ഇവിടെയുണ്ട്. വേനല്‍ക്കാലത്ത് കുടിവെള്ളത്തിന് നെട്ടോട്ടമോടണം. വൈകീട്ടായാല്‍ വോള്‍ട്ടേജ് ക്ഷാമം. കുട്ടികള്‍ക്ക് പഠിക്കാന്‍ ആവശ്യത്തിന് വെളിച്ചമില്ല. പ്ളസ് ടു വരെയുള്ള ഹോസ്റ്റലിന് മതിയായ സുരക്ഷയില്ളെന്നും രക്ഷിതാക്കള്‍ പറയുന്നു. ചെറുതോണിയില്‍ ഇടുക്കി മെഡിക്കല്‍ കോളജിന് സമീപത്തെ ട്രൈബല്‍ ഹോസ്റ്റല്‍ കെട്ടിടം മെഡിക്കല്‍ കോളജിന് വിട്ടുകൊടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇനിയിത് ഡോക്ടര്‍മാരുടെ ക്വാര്‍ട്ടേഴ്സായി രൂപം മാറും. പകരം പൈനാവില്‍ കേന്ദ്രീയ വിദ്യാലയത്തിന്‍െറ പഴയ കെട്ടിടമാണ് ഹോസ്റ്റലിന് നല്‍കുക. 33 കുട്ടികളാണ് ഹോസ്റ്റലിലുള്ളത്. വാഴത്തോപ്പില്‍ പഠിക്കുന്നവര്‍ക്ക് ഇപ്പോള്‍ നടന്നുപോകാവുന്ന ദൂരമേയുള്ളൂ. പൈനാവിലേക്ക് മാറുന്നതോടെ വാഹനസൗകര്യം തേടേണ്ടിവരും. പുതിയ സ്ഥലത്തെ സൗകര്യങ്ങളെക്കുറിച്ചും വിദ്യാര്‍ഥികള്‍ക്ക് ആശങ്കയുണ്ട്. കേന്ദ്രീയ വിദ്യാലയത്തിന്‍െറ കെട്ടിടം വിട്ടുകിട്ടുന്ന മുറക്ക് ഹോസ്റ്റല്‍ മെഡിക്കല്‍ കോളജിന് കൈമാറാനാണ് തീരുമാനം. വാത്തിക്കുടിയില്‍ ഒരേക്കര്‍ സ്ഥലത്ത് സ്ഥിതിചെയ്യുന്ന ട്രൈബല്‍ ഹോസ്റ്റല്‍ കെട്ടിടത്തില്‍ ഇപ്പോള്‍ താമസക്കാരില്ല. കുട്ടികളില്‍ നല്ളൊരുഭാഗം ചെറുതോണിയിലെ ഹോസ്റ്റലിലേക്ക് മാറിയതോടെ വാത്തിക്കുടിയിലെ ഹോസ്റ്റലിന്‍െറ പ്രവര്‍ത്തനം നിലച്ചു. ഇപ്പോള്‍ കാടുകയറി വെറുതെകിടക്കുകയാണ്. കാട്ടാന ഭീഷണിമൂലം ചിന്നക്കനാലില്‍നിന്ന് കുടിയിറങ്ങിയ 18 കുടുംബങ്ങള്‍ കുറച്ചുകാലം ഈ കെട്ടിടം കൈയേറി പാര്‍ത്തിരുന്നു. ഇവര്‍ പിന്നീട് പെരിഞ്ചാംകുട്ടി തേക്ക് പ്ളാന്‍േറഷനിലേക്ക് മാറി. അടിമാലി പഞ്ചായത്തിലെ മന്നാങ്കാലയില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ ഹോസ്റ്റലിലെ കുട്ടികള്‍ പകര്‍ച്ചവ്യാധി ഭീതിയിലാണ്. ആണ്‍കുട്ടികളുടെ ഹോസ്റ്റലിലെ കക്കൂസ് ടാങ്ക് പൊട്ടി മാലിന്യം ഓടയിലൂടെ ഒഴുകുന്നു. കൊതുക് ശല്യവും രൂക്ഷമാണ്. ജനല്‍ ചില്ലുകളെല്ലാം ഇളകിപ്പോയതിനാല്‍ ഹാര്‍ഡ്ബോഡും തുണിയും കൊണ്ട് മറച്ചാണ് തണുപ്പിനെയും കൊതുകിനെയും പ്രതിരോധിക്കുന്നത്. ചതുപ്പ് നിലത്ത് കക്കൂസ് ടാങ്ക് നിര്‍മിച്ചതാണ് പൊട്ടിയൊഴുകാന്‍ കാരണം. 120 കുട്ടികള്‍ക്ക് മാത്രം താമസസൗകര്യമുള്ള ഹോസ്റ്റലില്‍ 110 പെണ്‍കുട്ടികളും 90 ആണ്‍കുട്ടികളുമുണ്ട്. ദേവികുളം താലൂക്കിലെ ഇടമലക്കുടിയിയില്‍ നിന്നടക്കമുള്ള ആദിവാസി കുട്ടികളാണ് ഇവിടെ താമസിച്ച് പഠിക്കുന്നത്. ഹോസ്റ്റലിന്‍െറ ശോച്യാവസ്ഥയെക്കുറിച്ച് സ്പെഷല്‍ ബ്രാഞ്ച് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അതേസമയം, കുമളി, മറയൂര്‍, മൂന്നാര്‍, ഇരുമ്പുപാലം തുടങ്ങിയ സ്ഥലങ്ങളിലെ ട്രൈബല്‍ ഹോസ്റ്റലുകള്‍ മതിയായ സൗകര്യങ്ങളുള്ളവയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story