Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2016 4:48 PM IST Updated On
date_range 10 Jun 2016 4:48 PM ISTആരുണ്ട് അങ്കണവാടി കുരുന്നുകള്‍ക്ക്?
text_fieldsbookmark_border
തൊടുപുഴ: കാലവര്‍ഷം ശക്തി പ്രാപിക്കുമ്പോള്‍ കുരുന്നുകള്‍ ആദ്യക്ഷരം പഠിക്കുന്ന ജില്ലയിലെ നൂറുകണക്കിന് അങ്കണവാടികള്‍ അടിസ്ഥാന സൗകര്യമില്ലാതെ വലയുന്നു. വൈദ്യുതി, കുടിവെള്ളം, സ്വന്തം കെട്ടിടം എന്നിവ ഇല്ലാതെയാണ് ഭൂരിഭാഗം അങ്കണവാടികളും പ്രവര്‍ത്തിക്കുന്നത്. ഹൈറേഞ്ച് മേഖലയില്‍ അങ്കണവാടികള്‍ പലതും വര്‍ഷങ്ങളായി ചോര്‍ന്നൊലിക്കുന്ന കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. വാടകക്കെട്ടിടങ്ങളായതിനാല്‍ അടിസ്ഥാന സൗകര്യം തീരെ കുറവാണ്. മിക്ക അങ്കണവാടികളും ഒറ്റമുറിക്കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മതിയായ ടോയ്ലറ്റ് സൗകര്യവും ഇവിടങ്ങളിലില്ല. അങ്കണവാടികള്‍ക്ക് സുരക്ഷിതമായ കെട്ടിടങ്ങളും ആവശ്യമായ സൗകര്യവും സംവിധാനവും ഉറപ്പാക്കേണ്ട തദ്ദേശ സ്ഥാപനങ്ങളാകട്ടെ ഇക്കാര്യത്തില്‍ അനാസ്ഥ പുലര്‍ത്തുകയാണ്. മഴ ശക്തമായതോടെ ഒറ്റമുറിക്കെട്ടിടങ്ങളില്‍ ശോച്യാവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ അങ്കണവാടി കെട്ടിടങ്ങളും മാറ്റി പ്രവര്‍ത്തിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായി ഐ.സി.ഡി.എസ് ജില്ലാ പ്രോജക്ട് ഓഫിസര്‍ ആശമോള്‍ പറഞ്ഞു. അടിമാലി, അടിമാലി അഡീഷനല്‍, അഴുത, അഴുത അഡീഷനല്‍, ദേവികുളം, ദേവികുളം അഡീഷനല്‍, കട്ടപ്പന, കട്ടപ്പന അഡീഷനല്‍, നെടുങ്കണ്ടം, നെടുങ്കണ്ടം അഡീഷനല്‍, ഇളംദേശം, ഇടുക്കി, തൊടുപുഴ എന്നിങ്ങനെ 13 ഐ.സി.ഡി.എസ് പ്രോജക്ട് ഓഫിസുകള്‍ക്ക് കീഴിലായി 1561 അങ്കണവാടികളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ 361 അങ്കണവാടികള്‍ വാടകക്കെട്ടിടങ്ങളിലാണ്. സ്വന്തം കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവയെ അപേക്ഷിച്ച് വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവയാണ് കൂടുതല്‍ ദുരിതം പേറുന്നത്. കുടിവെള്ളക്ഷാമമാണ് ജില്ലയിലെ ഭൂരിഭാഗം അങ്കണവാടികളും നേരിടുന്ന പ്രധാന വെല്ലുവിളി. 2014-15ല്‍ സംസ്ഥാന സാമൂഹികക്ഷേമ വകുപ്പ് നടത്തിയ പഠനമനുസരിച്ച് ജില്ലയില്‍ സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികള്‍ 1200 എണ്ണമാണ്. 439 അങ്കണവാടികളില്‍ മാത്രമാണ് വൈദ്യുതി ഉള്ളത്. സ്വന്തമായി ശുദ്ധജല സംവിധാനമുള്ള അങ്കണവാടികള്‍ 666 ഉം ടോയ്ലറ്റ് സൗകര്യമുള്ളവ 1397 എണ്ണവുമാണ്. ഉടമകള്‍ വാടകവാങ്ങാതെ സൗജന്യമായി വിട്ടുകൊടുത്ത കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികള്‍ പലതും കുട്ടികള്‍ക്ക് ദുരിതകേന്ദ്രങ്ങളാണ്. കുട്ടികളുടെ മാനസിക ഉല്ലാസത്തിനുള്ള സൗകര്യവും പല അങ്കണവാടികളിലും കുറവാണ്. ഭൂരിഭാഗം അങ്കണവാടികള്‍ക്കും ശുദ്ധജലത്തിന് സംവിധാനമില്ല. സമീപത്തെ കിണറുകളെയും പൊതുവാട്ടര്‍ ടാപ്പുകളെയുമാണ് ആശ്രയിക്കുന്നത്. കുടിവെള്ള സൗകര്യമൊരുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് സമര്‍പ്പിച്ച പദ്ധതികള്‍ പലതും വര്‍ഷങ്ങളായി കടലാസിലുറങ്ങുകയാണ്. ചിലവ സ്വന്തമായി ജലസംഭരണികള്‍ സ്ഥാപിച്ചും ജലനിധി പദ്ധതികളുടെ ഭാഗമായും പ്രശ്നം പരിഹരിച്ചിട്ടുണ്ട്. ചോര്‍ന്നൊലിക്കുന്നതും കാലപ്പഴക്കം മൂലം ബലക്ഷയം സംഭവിച്ചതുമായ കെട്ടിടങ്ങള്‍ ജില്ലയുടെ പല ഭാഗങ്ങളിലുമുണ്ട്. ഹൈറേഞ്ച് മേഖലകളിലാണ് ഇത്തരം എണ്ണം കൂടുതലും. കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിക്ക് ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍ സമര്‍പ്പിച്ച പദ്ധതികളില്‍ പലതിലും പഞ്ചായത്തിന്‍െറ തുടര്‍നടപടിയുണ്ടായിട്ടില്ല. വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവയുടെ അറ്റകുറ്റപ്പണിക്ക് തദ്ദേശ വകുപ്പും ഫണ്ട് അനുവദിക്കുന്നില്ല. കുട്ടികളുടെ സുരക്ഷക്ക് ഭീഷണിയായ അങ്കണവാടി കെട്ടിടങ്ങള്‍ ജില്ലയിലെ പല പഞ്ചായത്തുകളിലുമുണ്ടെന്ന് രക്ഷിതാക്കള്‍ പറയുന്നു. കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി, പുനര്‍നിര്‍മാണം, കുടിവെള്ള-ടോയ്ലറ്റ് സൗകര്യം ഒരുക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് പല അങ്കണവാടികളുടെയും പദ്ധതികള്‍ ബന്ധപ്പെട്ട പഞ്ചായത്തുകള്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും തീരുമാനങ്ങള്‍ വൈകുകയാണ്. തൊടുപുഴ, കട്ടപ്പന, അടിമാലി എന്നിവിടങ്ങളിലാണ് ജില്ലയിലെ മോഡല്‍ അങ്കണവാടികള്‍ സ്ഥാപിച്ചിരിക്കുന്നത്. 23 ലക്ഷം രൂപ ചെലവിട്ടാണ് ഇവയുടെ നിര്‍മാണം. ശോച്യാവസ്ഥയിലും പരിമിതികളിലും കഴിയുന്ന അങ്കണവാടികളുടെ പ്രവര്‍ത്തനം നല്ല അന്തരീക്ഷങ്ങളിലേക്ക് മാറ്റണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story