Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2016 4:38 PM IST Updated On
date_range 2 July 2016 4:38 PM ISTതോട്ടം മേഖലയില്‍ വന്‍മരങ്ങള്‍ ഭീഷണി : രണ്ടുവര്‍ഷത്തിനിടെ മരം വീണ് പൊലിഞ്ഞത് 15 ജീവനുകള്‍
text_fieldsbookmark_border
നെടുങ്കണ്ടം: ഇടുക്കിയില്‍ മഴ കനത്തതോടെ തോട്ടം മേഖലയില്‍ വന്‍ മരങ്ങള്‍ ജീവനുകള്‍ അപഹരിക്കുന്നു. ബൈസണ്‍വാലിയില്‍ വെള്ളിയാഴ്ച ഏലത്തോട്ടത്തില്‍ മരം വീണ് മൂന്ന് സ്ത്രീതൊഴിലാളികള്‍ മരിച്ചതാണ് ഒടുവിലത്തെ സംഭവം. വന്‍മരങ്ങളെ ഭയന്നാണ് തോട്ടം തൊഴിലാളികള്‍ പണിയെടുക്കുന്നതും കാല്‍നടക്കാര്‍ റോഡരികിലൂടെ നടക്കുന്നതും. ജില്ലയിലെ ഏലത്തോട്ടങ്ങളിലും റോഡരികിലും വളര്‍ന്നുനില്‍ക്കുന്ന വന്‍മരങ്ങള്‍ ഭീതിയുണര്‍ത്തുകയാണ്. ഉണങ്ങിയ വന്‍ വൃക്ഷങ്ങള്‍ മുറിച്ചുമാറ്റാന്‍ തോട്ടം ഉടമകള്‍ക്ക് അധികാരമില്ല. കാലവര്‍ഷമെന്നോ വസന്തകാലമെന്നോ മഞ്ഞുകാലമെന്നോ വ്യത്യാസമില്ലാതെയാണ് വന്‍ മരങ്ങള്‍ കടപുഴകുന്നതും ഒടിയുന്നതും. ജീവന്‍ പണയംവെച്ചാണ് തൊഴിലാളികള്‍ ഏലത്തോട്ടങ്ങളില്‍ പണിയെടുക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ ഹൈറേഞ്ചില്‍ മാത്രം 15 ജീവനുകളാണ് പൊലിഞ്ഞത്. പാറത്തോട് രാംകോ എസ്റ്റേറ്റില്‍ ജോലിയില്‍ ഏര്‍പ്പെട്ട തൊഴിലാളിസ്ത്രീ വാസന്തിയും ചന്ദനപ്പാറ എസ്റ്റേറ്റില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ ബീനയും മരം വീണാണ് മരിച്ചത്. ഉടുമ്പന്‍ചോല വല്ലറക്കംപാറയില്‍ മരംവീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ഓടിക്കൊണ്ടിരുന്ന ഓട്ടോക്ക് മുകളിലേക്ക് വന്‍ മരം കടപുഴകി വീണായിരുന്നു മരണം. ആനവിലാസത്തിന് സമീപം ഓടിക്കൊണ്ടിരുന്ന ജീപ്പിന് മുകളിലേക്ക് മരം വീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. രാജാക്കാട് പേത്തൊട്ടിയില്‍ ഗുരുസ്വാമി എന്ന എസ്റ്റേറ്റ് സൂപ്പര്‍വൈസര്‍ ജോലിക്കിടയില്‍ മരം വീണ് മരിച്ചു. പാമ്പാടുംപാറ എസ്റ്റേറ്റിലും ഏലത്തോട്ടത്തില്‍ പണിയെടുത്ത തൊഴിലാളിസ്ത്രീ ഗീതയും മരം വീണാണ് മരിച്ചത്. മേപ്പാറയിലുണ്ടായ അപകടത്തില്‍ രണ്ട് സ്ത്രീതൊഴിലാളികള്‍ക്ക് പരിക്കേറ്റു. വന്‍മരങ്ങള്‍ ഉയര്‍ന്നുനില്‍ക്കുന്ന തോട്ടങ്ങളിലാണ് തൊഴിലാളികള്‍ പണിയെടുക്കുന്നത്. കനത്ത കാറ്റിലും മഴയിലും മാത്രമല്ല മരങ്ങള്‍ കടപുഴകിയും ഒടിഞ്ഞും വീണിട്ടുള്ളത്. പല മരങ്ങളുടെയും അടിഭാഗം ദ്രവിച്ച നിലയിലാണ്. ഏലത്തോട്ടങ്ങളിലും മറ്റും നില്‍ക്കുന്ന മരങ്ങള്‍ വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ്. ശിഖരങ്ങള്‍ ഒടിഞ്ഞുവീഴുകയും ഗതാഗത തടസ്സവും ഹൈറേഞ്ചില്‍ പതിവാണ്. ഹൈറേഞ്ചിന്‍െറ വിവിധ മേഖലകളിലെ റോഡുകളിലും സമാനരീതിയിലുള്ള മരങ്ങള്‍ അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഹൈറേഞ്ചിന്‍െറ വിവിധ ഭാഗങ്ങളിലുണ്ടായ അപകടങ്ങളില്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത് അദ്ഭുതകരമായാണ്. മൂന്നാര്‍-ഉദുമല്‍പേട്ട പാതയില്‍ വീടിന് മുകളിലേക്ക് മരംവീണെങ്കിലും രണ്ടുപേര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ജില്ലയിലെ ദേശീയ-സംസ്ഥാന പാതയോരങ്ങളിലും ഗ്രാമീണ റോഡരികിലും ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയില്‍ നിരവധി മരങ്ങളാണുള്ളത്. കൊല്ലം-തേനി ദേശീയപാതയിലെ കുട്ടിക്കാനത്തിനും 35ാംമൈലിനുമിടയില്‍ നിരവധി മരങ്ങളാണ് നിലംപൊത്താറായി നില്‍ക്കുന്നത്. നെടുങ്കണ്ടം-പൂപ്പാറ, പുളിയന്മല-തൂക്കുപാലം, തേക്കടി-മൂന്നാര്‍, കട്ടപ്പന-തൊടുപുഴ, മൂന്നാര്‍-ഉദുമല്‍പേട്ട, കട്ടപ്പന-കുട്ടിക്കാനം, മൈലാടുംപാറ-അടിമാലി തുടങ്ങിയ റോഡുകളിലെല്ലാം വന്‍മരങ്ങള്‍ റോഡിലേക്ക് ചരിഞ്ഞും ഉണങ്ങിയും ചുവട് ദ്രവിച്ചും അപകടഭീഷണി ഉയര്‍ത്തി നില്‍ക്കുകയാണ്. റോഡിന്‍െറ തിട്ടയില്‍ നില്‍ക്കുന്ന മരങ്ങളാണ് ഏറെയും അപകഭീഷണി ഉയര്‍ത്തുന്നത്. ഇവയുടെയെല്ലാം ചുവട്ടിലെ മണ്ണ് ഒലിച്ചുപോയിട്ടുണ്ട്. ശിഖരങ്ങള്‍ ഒടിഞ്ഞുവീഴുകയും ഗതാഗത തടസ്സവും വൈദ്യുതി മുടക്കവും പതിവാണ്. എല്ലാവര്‍ഷവും കാലവര്‍ഷം കനക്കുമ്പോള്‍ മരങ്ങള്‍ നിലംപൊത്താറുണ്ട്. ഏലത്തോട്ടങ്ങളില്‍ ഇടതൂര്‍ന്ന് നില്‍ക്കുന്ന മരങ്ങളില്‍ ചില്ലകള്‍ കൂടുതല്‍ വളര്‍ന്നുനില്‍ക്കുന്നതിനാല്‍ ശക്തമായ കാറ്റില്‍ നിലംപൊത്താന്‍ സാധ്യതയേറെയാണ്. ഈവര്‍ഷം നിരവധി അപകടങ്ങളുണ്ടായി. ഈമാസം കല്‍കൂന്തല്‍ കരടി വളവില്‍ ചോലമരം കടപുഴകി വീണ് ഇരുനില കെട്ടിടം തകര്‍ന്നു. കഴിഞ്ഞ ജൂണില്‍ ഉടുമ്പന്‍ചോലക്കടുത്ത് മാട്ടുതാവളത്ത് കാട്ടുമരം കടപുഴകി വീണ് നാല് തൊഴിലാളി സ്ത്രീകള്‍ക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ മരംവീണ് കുരിശടിയും വ്യാപാര സ്ഥാപനവും തകര്‍ന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story