Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jan 2016 4:17 PM IST Updated On
date_range 29 Jan 2016 4:17 PM ISTആദിവാസി കോളനികള്‍ കേന്ദ്രീകരിച്ച് മാഫിയ: വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് ലഹരി വില്‍പന
text_fieldsbookmark_border
തൊടുപുഴ: ജില്ലയിലെ ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ചും സ്കൂള്‍ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടും മദ്യം ഉള്‍പ്പെടെ ലഹരി വസ്തുക്കളുടെ വില്‍പന വ്യാപകം. ആദിവാസികളെ മദ്യത്തിന് അടിമകളാക്കാന്‍ ഗൂഢസംഘങ്ങള്‍ ആസൂത്രിത പ്രവര്‍ത്തനമാണ് നടത്തുന്നത്. പുറത്തുനിന്ന് വാങ്ങുന്ന മദ്യം കൂടിയ വിലയ്ക്ക് ആദിവാസികള്‍ക്കിടയില്‍ വിറ്റ് വന്‍ ലാഭം കൊയ്യുന്ന മാഫിയ പല കേന്ദ്രങ്ങളിലും ശക്തിപ്പെടുന്നതായാണ് വിവരം. അതിര്‍ത്തി കടന്നത്തെുന്ന മാരക ലഹരിപദാര്‍ഥങ്ങളാണ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വിറ്റഴിക്കപ്പെടുന്നത്. അടുത്തിടെ കഞ്ചാവുമായി ജില്ലയിലെ സ്കൂള്‍ പരിസരത്തുനിന്ന് നിരവധി പേരാണ് പിടിയിലായത്. ആദിവാസി കോളനികള്‍ക്ക് പുറത്തുള്ളവര്‍ ഉള്‍പ്പെട്ട സംഘങ്ങളാണ് പുറത്തുനിന്ന് മദ്യം വാങ്ങി കോളനികളില്‍ വിതരണം ചെയ്യുന്നത്. വര്‍ഷങ്ങളായി ഇത് തുടരുന്നുണ്ടെങ്കിലും ആരും ശ്രദ്ധിക്കാറില്ല. ഒട്ടേറെ യുവാക്കളാണ് ഇവരുടെ വലയില്‍ കുടുങ്ങി മദ്യത്തിനടിമകളായത്. നഗരപ്രദേശത്തെ ബിവറേജസ് കോര്‍പറേഷന്‍ ഒൗട്ലറ്റുകളില്‍നിന്ന് മദ്യം വാങ്ങിക്കൊണ്ടുവരാനും കോളനികളില്‍ പറഞ്ഞ സ്ഥലങ്ങളില്‍ എത്തിച്ചുനല്‍കാനും നിരവധി പേര്‍ പ്രവര്‍ത്തിക്കുന്നു. മദ്യം മൂന്നും നാലും ഇരട്ടി വിലയ്ക്കാണ് ആദിവാസി കോളനികളില്‍ വില്‍ക്കുന്നത്. കുറഞ്ഞ മുതല്‍മുടക്കില്‍ അധ്വാനമില്ലാതെ കൂടുതല്‍ ലാഭം കൊയ്യാമെന്നതിനാല്‍ ആദിവാസി കോളനികള്‍ക്ക് പുറത്തുള്ള ചിലര്‍ ഇത്തരം അനധികൃത മദ്യവ്യാപാരം ഉപജീവനമാര്‍ഗമായി സ്വീകരിക്കുന്നു. ജില്ലയിലെ മിക്ക ആദിവാസി മേഖലകളിലും ഇത്തരം കച്ചവടങ്ങള്‍ രഹസ്യമായി നടക്കുന്നുണ്ട്. നിരോധിച്ച പുകയില ഉല്‍പന്നങ്ങളാണ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് കൂടുതലും വിറ്റഴിക്കുന്നത്. അതിര്‍ത്തി ഗ്രാമങ്ങളിലെയും ഹൈറേഞ്ച് മേഖലകളിലെയും പെട്ടിക്കടകള്‍ കേന്ദ്രീകരിച്ചാണ് വില്‍പന. തമിഴ്നാട്ടില്‍നിന്ന് ഏജന്‍റുമാര്‍ വഴി എത്തുന്ന ഇവ ഉള്‍പ്രദേശങ്ങളിലെ പെട്ടിക്കടകളുടെ മറവിലാണ് വില്‍ക്കുന്നത്. പേരിന് അല്ലറചില്ലറ സാധനങ്ങള്‍ വില്‍പനക്കായി നിരത്തുന്ന പല പെട്ടിക്കടകളിലെയും പ്രധാന കച്ചവടം ലഹരി പദാര്‍ഥങ്ങളാണ്. സ്ഥിരമായി എത്തുന്നവര്‍ക്ക് മാത്രമേ ഇവിടെ നിന്ന് ഉല്‍പന്നങ്ങള്‍ കിട്ടൂ. വീര്യം കൂട്ടാനായി പല കൃത്രിമപദാര്‍ഥങ്ങളും ചേര്‍ത്താണ് ഇവ കേരളത്തില്‍ എത്തിക്കുന്നത്. ലഹരിപദാര്‍ഥങ്ങളിലെ പരീക്ഷണങ്ങളും വിദ്യാര്‍ഥികള്‍ക്കിടയില്‍ വ്യാപകമാണ്. കഞ്ചാവ് ഉപയോഗവും വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ധിച്ചു. ജില്ലയില്‍ അടുത്തിടെ കഞ്ചാവുകടത്ത് കേസില്‍ പിടിയിലായ പല പ്രതികളും വെളിപ്പെടുത്തിയത് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് കൊണ്ടുവന്നതാണെന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story