കൗമാരകലയുടെ കേളികൊട്ടിന് മുരിക്കാശേരി ഒരുങ്ങി
text_fieldsചെറുതോണി: കൗമാരകലയുടെ കേളികൊട്ടിന് മുരിക്കാശേരി ഒരുങ്ങി. ചൊവ്വാഴ്ച മുതല്‍ നാലുനാള്‍ എട്ടു വേദികളിലായി കൊച്ചുകലാകാരന്മാരും കലാകാരികളും മാറ്റുരക്കും. 281 ഇനങ്ങളിലായി 3500 കലാപ്രതിഭകള്‍ മാറ്റുരക്കും. കലയുടെ വസന്തോത്സവത്തിന് ഒരുക്കം പൂര്‍ത്തിയായി. മുരിക്കാശേരി സെന്‍റ് മേരീസ് ഹൈസ്കൂളില്‍ രാവിലെ 9.30ന് രചനാ മത്സരം ആരംഭിക്കും. രജിസ്ട്രേഷന്‍ ഒമ്പതിന് തുടങ്ങും. മുരിക്കാശേരി സെന്‍റ് മേരീസ് ഹൈസ്കൂളിലും എല്‍.പി.എസിലും ഓപണ്‍ സ്റ്റേജുകള്‍ തയാറാക്കിയിട്ടുണ്ട്. ഇത് കൂടാതെ വാത്തിക്കുടി പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍, ഓഡിറ്റോറിയം, സെന്‍റ് മേരീസ് പാരിഷ് ഹാള്‍, മാതാ ഡ്രൈവിങ് സ്കൂള്‍ എന്നിവിടങ്ങളിലും വേദികള്‍ തയാറാക്കിയിട്ടുണ്ട്. ഗവ. ഹൈസ്കൂള്‍ പടമുഖം, സി.ആര്‍.പി എല്‍.പി.എസ് രാജമുടി, സെന്‍റ് മേരീസ് എല്‍.പി.എസ് തോപ്രാംകുടി, ഗവ. ഹൈസ്കൂള്‍ പതിനാറാംകണ്ടം, ഗവ. ഹൈസ്കൂള്‍ രാജപുരം എന്നിവിടങ്ങളിലാണ് കുട്ടികള്‍ക്ക് താമസസൗകര്യം. പടമുഖം, സി.ആര്‍.പി എല്‍.പി.എസ് രാജമുടി, സെന്‍റ് മേരീസ് യു.പി.എസ് തോപ്രാംകുടി, ഗവ. ഹൈസ്കൂള്‍ പതിനാറാംകണ്ടം, ഗവ. ഹൈസ്കൂള്‍ രാജപുരം എന്നിവിടങ്ങളിലാണ് കുട്ടികള്‍ക്ക് താമസ സൗകര്യം. പടമുഖം ഹൈസ്കൂള്‍, യു.പി സ്കൂള്‍ എന്നിവിടങ്ങളിലാണ് പെണ്‍കുട്ടികള്‍ക്ക് താമസിക്കാന്‍ സൗകര്യമൊരുക്കിയിരിക്കുന്നത്. മുരിക്കാശേരി സെന്‍റ് മേരീസ് ഹൈസ്കൂളിലാണ് കുട്ടികള്‍ക്കുള്ള ഭക്ഷണം തയാറാക്കുന്നതും നല്‍കുന്നതും. ഒരേസമയം 500 പേര്‍ക്കിരുന്ന് ഭക്ഷണം കഴിക്കാന്‍ സീറ്റുകള്‍ തയാറാക്കിയിട്ടുണ്ട്. തൃപ്പൂണിത്തുറ പരമേശ്വരനാണ് ഭക്ഷണത്തിന്‍െറ ചുമതല. താമസ സ്ഥലത്തുനിന്ന് വേദിയിലേക്കും അവിടെനിന്ന് തിരിച്ചും കുട്ടികളെ എത്തിക്കുന്നതിന് വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈകീട്ട് മൂന്നിന് നടക്കുന്ന ഉദ്ഘാടന സമ്മേളനം മന്ത്രി പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്യും. റോഷി അഗസ്റ്റിന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. അഡ്വ. ജോയ്സ് ജോര്‍ജ് എം.പി മുഖ്യപ്രഭാഷണം നടത്തും. ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പ്രഭാഷണം നടത്തും. എം.എല്‍.എമാരായ കെ.കെ. ജയചന്ദ്രന്‍, എസ്. രാജേന്ദ്രന്‍, ഇ.എസ്. ബിജിമോള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കൊച്ചുത്രേസ്യാ പൗലോസ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ സുരേഷ് മാത്യു എന്നിവര്‍ സംസാരിക്കും. ഉച്ചക്ക് ഒന്നിന് പാവനാത്മ കോളജ് ഗ്രൗണ്ടില്‍നിന്നാരംഭിക്കുന്ന വര്‍ണാഭമായ സാംസ്കാരിക ഘോഷയാത്ര ജില്ലാ പൊലീസ് മേധാവി കെ.വി. ജോസഫ് ഫ്ളാഗ് ഓഫ് ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.