Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jan 2016 5:42 PM IST Updated On
date_range 4 Jan 2016 5:42 PM ISTവാഗമണ്‍-ഗവി-തേക്കടി വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ 95 കോടിയുടെ പദ്ധതി
text_fieldsbookmark_border
തൊടുപുഴ: വാഗമണ്‍-ഗവി-തേക്കടി എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ 95 കോടിയുടെ വികസനത്തിന് പദ്ധതി തയാറാകുന്നു. സംസ്ഥാന ടൂറിസം വകുപ്പും കേന്ദ്രസര്‍ക്കാറും തമ്മില്‍ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് ധാരണയായിട്ടുണ്ട്. ഗവി ടൂറിസം വികസനത്തിന് 30 കോടിയും വാഗമണ്‍, തേക്കടി എന്നിവിടങ്ങളില്‍ 65 കോടിയുടെയും വികസനമാണ് ലക്ഷ്യമിടുന്നത്. ജില്ലയുടെ വാണിജ്യ, വ്യാപാര, ടൂറിസം രംഗങ്ങളില്‍ വികസനത്തിന്‍െറ പുതിയ വാതായനങ്ങള്‍ തുറന്നിടുന്ന ഒന്നായി മാറും. ഏഴിന് തിരുവനന്തപുരത്ത് ചേരുന്ന ടൂറിസം വകുപ്പിന്‍െറ യോഗത്തില്‍ ഇത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചയാകും. ഇതോടൊപ്പം ഇടുക്കിയില്‍ ആവിഷ്കരിച്ച ഗ്രാമീണ ടൂറിസം പദ്ധതിയെക്കുറിച്ചും യോഗം ചര്‍ച്ചചെയ്യും. ജില്ലയുടെ ഉള്‍പ്രദേശങ്ങളിലെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയായിരിക്കും ഗ്രാമീണ ടൂറിസം പദ്ധതി നടപ്പാക്കുക. പരിസ്ഥിതിക്ക് കോട്ടം തട്ടാത്തവിധം പ്രകൃതിയുടെ സ്വാഭാവികമായ സവിശേഷതകളെല്ലാം നിലനിര്‍ത്തി, വിവിധ ഗ്രാമങ്ങളിലെ ടൂറിസം പ്രാധാന്യമുള്ള പ്രദേശങ്ങളെ കോര്‍ത്തിണക്കുന്ന വിപുലമായ പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. ഇതിലൂടെ അയല്‍ ജില്ലകളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ സഞ്ചാരികളെ ഇടുക്കിയിലേക്ക് ആകര്‍ഷിക്കാനാകുമെന്നും ഗ്രാമീണമേഖലകള്‍ക്ക് പുതിയ വികസനസാധ്യതകള്‍ തുറന്നുകൊടുക്കാനാകുമെന്നുമാണ് കണക്കുകൂട്ടല്‍. ഇടുക്കിക്ക് മാത്രമായാണ് ഇത്തരത്തില്‍ ഒരു ഗ്രാമീണ ടൂറിസം പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഇടുക്കി ഗ്രാമീണ ടൂറിസം പദ്ധതിക്കായി ഒരുകോടി രൂപ വകയിരുത്തിയരുന്നു. ഇതിന് പുറമെ കുളമാവിലെ വടക്കേപ്പുഴ കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതിയും കുയിലി പദ്ധതിയും ആവിഷ്കരിച്ചിരുന്നു. ജില്ലയിലെ പാല്‍കുളംമേട്, ഇലവീഴാപൂഞ്ചിറ, മീനുളിയാന്‍പാറ, കല്ല്യാണത്തണ്ട്, ടൂറിസ്റ്റ് പാറ, കാറ്റാടിപ്പാറ തുടങ്ങിയവ സ്വദേശികളും വിദേശികളുമായ സഞ്ചാരികളുടെ എക്കാലത്തെയും ആകര്‍ഷണങ്ങളാണ്. വേണ്ടത്ര വികസനമില്ലാത്തതിനാല്‍ സഞ്ചാരികള്‍ക്ക് അപ്രാപ്യമായ ഇത്തരം ഒട്ടേറെ പ്രകൃതിഭംഗി നിറഞ്ഞ പ്രദേശങ്ങള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായുണ്ട്. ഇവയെല്ലാം ഉള്‍പ്പെടുന്ന സമഗ്ര പദ്ധതിയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇത്തരം വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എത്തിപ്പെടാനുള്ള റോഡ്, സഞ്ചാരികള്‍ക്ക് വിശ്രമിക്കാനും കാഴ്ചകള്‍ ആസ്വദിക്കാനുമുള്ള സംവിധാനങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനാണ് ആദ്യഘട്ടത്തില്‍ ഊന്നല്‍ നല്‍കുന്നത്. തൊമ്മന്‍കുത്ത് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളെ പദ്ധതിയുടെ ഭാഗമാക്കുന്ന കാര്യവും പരിഗണിക്കും. എന്നാല്‍, റവന്യൂ ഡിപാര്‍ട്മെന്‍റിന്‍െറ അനുമതി ഇപ്പോഴും പല പദ്ധതികള്‍ക്കും തടസ്സമാകുന്നുണ്ട്. ടൂറിസം വകുപ്പിന്‍െറ നേതൃത്വത്തില്‍ വൈദ്യുതി ബോര്‍ഡിനെയും വനംവകുപ്പിനെയും ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ പദ്ധതി നടപ്പാക്കാനാകൂ. കുയിലി പദ്ധതിക്ക് അനുവദിച്ച 62.5 ലക്ഷത്തില്‍ 32 ലക്ഷം കൈമാറിയെങ്കിലും വനംവകുപ്പ് പരിസ്ഥിതിയുമായി ബന്ധപ്പെട്ട ചില തടസ്സവാദങ്ങള്‍ ഉന്നയിച്ചതിനത്തെുടര്‍ന്ന് പദ്ധതി ഉപേക്ഷിച്ച നിലയിലാണ്. ജില്ലയിലേക്ക് 2015ല്‍ എത്തിയ സഞ്ചാരികളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 15 ശതമാനം വര്‍ധന ഉണ്ടായതായി ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു. മുടങ്ങിക്കിടക്കുന്ന ഒട്ടേറേ പദ്ധതികള്‍ക്ക് പുതുജീവന്‍ നല്‍കാന്‍ കഴിഞ്ഞതും നേട്ടങ്ങളാണെന്നും കൂടുതല്‍ സഞ്ചാരികാരികളെ ഇനിയും ജില്ലയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നും ജില്ലാ ടൂറിസം വകുപ്പ് പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story