Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2016 6:28 PM IST Updated On
date_range 14 Aug 2016 6:28 PM ISTനഗരത്തിലെ നടപ്പാതകള്‍ ആര്‍ക്കുവേണ്ടി?
text_fieldsbookmark_border
തൊടുപുഴ: കാല്‍നടക്കാര്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാന്‍ സജ്ജമാക്കിയ നടപ്പാതകള്‍ അവര്‍ക്ക് മാത്രം ഉപയോഗിക്കാന്‍ കഴിയാതായിരിക്കുന്നു. നഗരങ്ങളിലെ നടപ്പാതകള്‍ വ്യാപകമായി കൈയേറിയത് കാല്‍നടക്കാരുടെ സുരക്ഷക്കുപോലും ഭീഷണിയായിരിക്കുന്നു. ഇതുമൂലം ഗതാഗതക്കുരുക്കും ചെറുതും വലുതുമായ അപകടങ്ങളും ദിവസേന വര്‍ധിക്കുകയാണ്. ഇതിന് പുറമെയാണ് കൈയേറ്റക്കാര്‍ ഉയര്‍ത്തുന്ന ക്രമസമാധാന പ്രശ്നങ്ങള്‍. ജില്ലയിലെ പ്രധാന പട്ടണങ്ങളായ തൊടുപുഴ, അടിമാലി, കട്ടപ്പന, ചെറുതോണി എന്നിവിടങ്ങളിലെല്ലാം നടപ്പാത കൈയേറ്റം വ്യാപകമാണ്. പച്ചക്കറി കച്ചവടക്കാരാണ് പ്രധാനമായും നടപ്പാതകളില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്. തൊടുപുഴയില്‍ പാലാ റോഡ്, കാഞ്ഞിരമറ്റം ബൈപാസ്, മാര്‍ക്കറ്റ് റോഡ്, മൂവാറ്റുപുഴ റോഡ് എന്നിവിടങ്ങളിലെല്ലാം നടപ്പാതകള്‍ കൈയേറിയിട്ടും അധികൃതര്‍ കണ്ടില്ളെന്ന് നടിക്കുകയാണ്. കഴിഞ്ഞദിവസം തൊടുപുഴ നഗരത്തില്‍ പെണ്‍കുട്ടികളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് മൂന്ന് യുവാക്കളെ പാതയോരത്ത് കച്ചവടം നടത്തുന്നവര്‍ മര്‍ദിച്ച സംഭവത്തോടെ നടപ്പാത കൈയേറ്റം ഒഴിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. പാലാ റോഡില്‍ നടപ്പാതയിലേക്കിറക്കി ഷെഡുകള്‍ സ്ഥാപിച്ചും ഉന്തുവണ്ടികളിലും വിവിധതരം കച്ചവടങ്ങള്‍ വ്യാപകമാണ്. ചില കച്ചവടസ്ഥാപനങ്ങളുടെ മുന്‍ഭാഗത്ത് സൗകര്യം ഒരുക്കുന്നതിനായി നടപ്പാതകള്‍ കൈയടക്കിയിരിക്കുന്നു. ഓരോ മിനിറ്റിലും നൂറുകണക്കിന് യാത്രക്കാരും വാഹനങ്ങളും കടന്നുപോകുന്ന പാതകളിലാണ് കൈയേറ്റം. ഇതിന് പുറമെയാണ് നടപ്പാതകളിലെ പാര്‍ക്കിങ്. മുക്കിന് മുക്കിന് അനധികൃത ഓട്ടോസ്റ്റാന്‍ഡുകള്‍ പ്രത്യക്ഷപ്പെടുമ്പോഴും നടപടിയില്ല. നടപ്പാതകളിലെ പാര്‍ക്കിങ് മൂലം കാഞ്ഞിരമറ്റം ബൈപാസില്‍ അപകടങ്ങളും യാത്രക്കാര്‍ തമ്മില്‍ വാക്കുതര്‍ക്കങ്ങളും പതിവാണ്. നടപ്പാതകളില്‍ സൗകര്യമില്ലാത്തതിനാല്‍ കാല്‍നടക്കാര്‍ റോഡിലിറങ്ങി നടക്കേണ്ട അവസ്ഥയാണ്. ഇത് പലപ്പോഴും അപകടം ക്ഷണിച്ചുവരുത്തുന്നു. നടപ്പാതയും പുറമ്പോക്കും കൈയേറിയവരെ ഒഴിപ്പിക്കാനുള്ള നടപടിക്ക് പലപ്പോഴും നഗഭസഭയിലെ ചില ഭരണകക്ഷിയംഗങ്ങള്‍തന്നെയാണ് തുരങ്കം വെക്കുന്നത്. നഗരത്തിലെ കൈയേറ്റം ഒഴിപ്പിക്കാനൊരുങ്ങുന്നവരെ നഗരസഭാ പരിധിയിലെ എല്ലാ കൈയേറ്റങ്ങളും അടിയന്തരമായി ഒഴിപ്പിക്കണമെന്ന അപ്രായോഗിക നിര്‍ദേശംകൊണ്ട് പിന്തിരിപ്പിക്കുകയാണ് ഇക്കൂട്ടര്‍. ജില്ലാ ആസ്ഥാനമായ ചെറുതോണിയില്‍ നടപ്പാത കൈയേറി സ്ഥാപിച്ച പെട്ടിക്കടകള്‍ പൊളിച്ചുനീക്കാന്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നല്‍കിയെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. കട്ടപ്പനയില്‍ പഴയ ബസ്സ്റ്റാന്‍ഡ് മുതല്‍ പള്ളിക്കവല വരെ നടപ്പാത കൈയേറിയാണ് സ്വകാര്യ വക്തികള്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. നടപ്പാതയിലെ പാര്‍ക്കിങ് പൊലീസ് നിരോധിച്ചിട്ടുണ്ടെങ്കിലും വിലകല്‍പിച്ചിട്ടില്ല. ചില ഭാഗങ്ങളില്‍ യാചകരും നടപ്പാത കൈയടക്കിയിട്ടുണ്ട്. ഇടുക്കികവല-ഐ.ടി.ഐ റോഡിലെ നടപ്പാതയില്‍ വാഹനങ്ങള്‍ കുറുകെയിട്ട് വഴിമുടക്കുന്നതും പതിവാണ്. അടിമാലിയില്‍ നടപ്പാത കൈയേറി പാര്‍ക്കിങ് വര്‍ധിച്ചതോടെ കാല്‍നടക്കാര്‍ ദുരിതത്തിലാണ്. കല്ലാര്‍കുട്ടി റോഡ്, സെന്‍ട്രല്‍ ജങ്ഷന്‍, ബസ്സ്റ്റാന്‍ഡ് കവാടം, ബസ്സ്റ്റാന്‍ഡ്, ഗവ. സ്കൂള്‍ ജങ്ഷന്‍ എന്നിവിടങ്ങളിലെ നടപ്പാതകളാണ് വാഹനങ്ങളും വഴിവാണിഭക്കാരും കൈയടക്കിയിരിക്കുന്നത്. വ്യാപാരസ്ഥാപനങ്ങള്‍ പലതും റോഡരികില്‍ സാധനങ്ങള്‍ ഇറക്കുന്നുണ്ട്. പൊലീസ് സ്ഥാപിച്ച നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ പലതും അപ്രത്യക്ഷമായി. പല കച്ചവട സ്ഥാപനങ്ങളുടെ പരസ്യ ബോര്‍ഡുകളും പടിക്കെട്ടുകളും കാല്‍നടക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇതുസംബന്ധിച്ച് പഞ്ചായത്തിന് നിരവധി പരാതി നല്‍കിയെങ്കിലും നടപടിയെടുത്തില്ലത്രേ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story