Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2016 6:13 PM IST Updated On
date_range 12 Aug 2016 6:13 PM ISTവ്യാജമദ്യം: ഇടുക്കിയില്‍ എക്സൈസ് പരിശോധന
text_fieldsbookmark_border
തൊടുപുഴ: ഓണം ലക്ഷ്യമിട്ട് ഇടുക്കി ജില്ലയില്‍ വ്യാജമദ്യം ഒഴുകാന്‍ ഇടയുണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കര്‍ശന പരിശോധനയുമായി എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് അധികൃതര്‍ രംഗത്ത്. തോട്ടംമേഖല, അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന ആരംഭിച്ചിരിക്കുന്നത്. ഇതരസംസ്ഥാനങ്ങളില്‍ നിന്നത്തെുന്ന ബസുകള്‍ , ചരക്ക് വാഹനങ്ങള്‍ എന്നിവയും കര്‍ശനമായി പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. ചെക്പോസ്റ്റില്‍ നിലവിലെ ഉദ്യോഗസ്ഥരെ കൂടാതെ ഡ്യൂട്ടിക്ക് കൂടുതല്‍പേരെ പരിശോധനക്ക് നിയമിച്ചിട്ടുണ്ട്. എക്സൈസ് ഡിവിഷന്‍ ഓഫിസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും രണ്ടു സ്ട്രൈക്കിങ് ഫോഴ്സ് ടീമിനെയും നിയോഗിച്ചിട്ടുണ്ട്. ചെക്പോസ്റ്റുകള്‍ വഴിയുള്ള പരിശോധന കര്‍ശനമാക്കാനാണ് തീരുമാനം. എന്തെങ്കിലും സൂചന ലഭിക്കുകയാണെങ്കില്‍ വിവരം അറിയിക്കണമെന്ന് പൊതുജനങ്ങള്‍ക്ക് അറിയിപ്പും നല്‍കിയിട്ടുണ്ട്. എന്നാല്‍, അതിര്‍ത്തികളിലെ ഊടുവഴികളിലൂടെയുള്ള സ്പിരിറ്റ് കടത്താണ് എക്സൈസ് സംഘത്തിന് തലവേദന സൃഷ്ടിക്കുന്നത്. കൊടും വനത്തിനുള്ളിലൂടെയാണ് ഇത്തരം പാതകള്‍ കൂടുതലും. അതിനാല്‍ പരിശോധന കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുമെന്ന് എക്സൈസ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. സ്പിരിറ്റില്‍ നിറം ചേര്‍ത്തശേഷം വ്യാജ ലേബല്‍ ഒട്ടിച്ച കുപ്പികളിലാക്കിയാണ് മദ്യം വില്‍പനക്ക് എത്തിക്കുന്നത്. അനധികൃത ബദല്‍ ബാറുകളുടെ പ്രവര്‍ത്തനവും സജീവമാണ്. തോട്ടം മേഖലയിലും മറ്റും കീടനാശിനിയുടെ കുപ്പികളില്‍ മദ്യം കലര്‍ത്തി കുടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടുണ്ടെന്ന് എക്സൈസ് അധികൃതര്‍ പറയുന്നു. സ്പിരിറ്റ് കടത്തല്‍ തടയാന്‍ കഴിഞ്ഞില്ളെങ്കില്‍ വിഷമദ്യ ദുരന്തങ്ങള്‍ക്ക് ജില്ല സാക്ഷ്യംവഹിക്കേണ്ടിവരും. അതിനാല്‍ ഇതു മുന്‍കൂട്ടി കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് എക്സൈസ് ലക്ഷ്യമിട്ടിരിക്കന്നത്. എക്സൈസ് ഡെപ്യൂട്ടി കമീഷണറുടെ മേല്‍നോട്ടത്തിലാണ് പരിശോധന നടക്കുന്നത്. മദ്യം, മയക്കുമരുന്ന്, മറ്റു ലഹരിവസ്തുക്കളുടെ കടത്ത്, ശേഖരണം, ഉപഭോഗം എന്നിവ തടയുന്നതിനായി പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍, കുടുംബശ്രീ യൂനിറ്റുകള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍, വനിതാ സംഘടനകള്‍, ഇതര വകുപ്പുകള്‍ എന്നിവയുടെ സഹകരണവും എക്സൈസ് മീഷണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന വ്യാപകമാകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ എല്ലാ വിദ്യാലയങ്ങളിലും പി.ടി.എ യോഗങ്ങളില്‍ എക്സൈസ് അധികൃതരുടെ ബോധവത്കരണ ക്ളാസുകളും സംഘടിപ്പിക്കണമെന്ന് എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story