Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2015 4:54 PM IST Updated On
date_range 15 Nov 2015 4:54 PM ISTനാടിന് മാതൃകയായി പഴയവിടുതി ഗവ. യു.പി സ്കൂളിലെ കുട്ടികര്‍ഷകര്‍
text_fieldsbookmark_border
രാജാക്കാട്: ഹൈറേഞ്ചിലെ കൃഷിയിടങ്ങളില്‍നിന്ന് വര്‍ഷങ്ങള്‍ക്ക്മുമ്പ് പടിയിറങ്ങിയ മെയ്സ്, വയലറ്റും വെളുപ്പും നിറങ്ങളിലുള്ള കാബേജ്, താങ്ങുവള്ളികളില്‍ പടര്‍ന്നുകയറി പൂവും കായുമായി നില്‍ക്കുന്ന ബീന്‍സ് ചെടികള്‍ക്ക് കൂട്ടായി കുലച്ചുമറിഞ്ഞുനില്‍ക്കുന്ന കുറ്റി ബീന്‍സ് ചെടികള്‍, സലാഡിലും മറ്റും ചേര്‍ക്കുന്നതും കേരളത്തിലെ കൃഷിയിടങ്ങളില്‍ പുതുമോടിക്കാരനുമായ റാഡിഷ്, കൂട്ടമായി വളര്‍ന്നുനില്‍ക്കുന്ന ബീറ്റ്റൂട്ട്, പന്തലുകളിലേക്ക് പടര്‍ന്നുകയറാന്‍ തയാറെടുക്കുന്ന നാടന്‍ വള്ളിപ്പയര്‍ ചെടികള്‍, ഒരടിയിലേറെ നീളത്തിലുള്ള കായ്കളും പേറി നില്‍ക്കുന്ന വഴുതനച്ചെടികള്‍, പടര്‍ന്നുലഞ്ഞ് കോവല്‍, കൂട്ടിന് കത്തിരിയും ചേമ്പും മത്തനും. ഇവക്കെല്ലാം ഇടയിലൂടെ കാവല്‍ക്കാരെപ്പോലെ തലയുയര്‍ത്തി നില്‍ക്കുന്ന നേന്ത്രനും ഞാലിപ്പൂവനും പാളയംതോടനും. ജലസേചനത്തിനായി തലങ്ങും വിലങ്ങും ഇട്ടിരിക്കുന്ന എച്ച്.ഡി പൈപ്പുകള്‍. തഴച്ചുവളര്‍ന്നുനില്‍ക്കുന്ന ഈ വിളകള്‍ കാണുമ്പോള്‍ നാമത്തെിച്ചേര്‍ന്നിരിക്കുന്നത് ഏതോ മികച്ചൊരു കര്‍ഷകന്‍െറ പുരയിടത്തിലാണെന്നു തോന്നിപ്പോകും. എന്നാല്‍, ഈ വിളകള്‍ക്കിടയില്‍ പണിയെടുക്കുന്ന സ്കൂള്‍ യൂനിഫോമണിഞ്ഞ കൊച്ചുകുട്ടികളെയും അവരെ സഹായിച്ചും നിര്‍ദേശങ്ങള്‍ നല്‍കിയും നീങ്ങുന്ന അധ്യാപകരെയും കാണുമ്പോള്‍ മാത്രമാണ് നാം നില്‍ക്കുന്നത് ഒരു വിദ്യാലയ പരിസരത്താണെന്ന് തോന്നുക. കൊങ്ങിണിയും കമ്യൂണിസ്റ്റ് പച്ചയും ആളുയരത്തില്‍ വളര്‍ന്ന് കാടായിക്കിടന്ന സ്കൂള്‍ പരിസരം മികച്ച ജൈവകൃഷിയിടമാക്കി മാറ്റുകവഴി സംസ്ഥാനതലത്തില്‍ ശ്രദ്ധപിടിച്ചുപറ്റിയ പഴയവിടുതി ഗവ. യു.പി സ്കൂളാണിത്. സ്കൂളിലെ ഹരിത ക്ളബിന്‍െറ ആഭിമുഖ്യത്തില്‍ പരിസരത്തെ കാടും പടലും വെട്ടിത്തെളിച്ച് പയറും വെണ്ടയും ബീന്‍സും വിളയിച്ചുകൊണ്ടായിരുന്നു തുടക്കം. രാജാക്കാട് കൃഷിഭവനിലെ ഉദ്യോഗസ്ഥര്‍ സഹായവും നിര്‍ദേശങ്ങളുമായത്തെിയപ്പോള്‍ കുട്ടികളും അധ്യാപകരും ആവേശത്തിലായി. പുതിയ ഇനം വിത്തുകളും വിളപരിപാലന രീതികളും കോമ്പൗണ്ടിലെ പാഴിടങ്ങളില്‍ പ്രയോഗിച്ച് ഫലം കണ്ടു. തൊട്ടുചേര്‍ന്നുള്ള ഗ്രാമീണ ഗ്രന്ഥശാലയുടെ ഉപയോഗിക്കാതെ കിടന്ന സ്ഥലം കൂടി പാട്ടത്തിനെടുത്ത് വിത്തിറക്കി. കമ്പോസ്റ്റും ചാണകവും വേപ്പിന്‍ പിണ്ണാക്കുമൊക്കെയാണ് വളമായി നല്‍കുന്നത്. ജൈവ കീടനാശിനികള്‍ മാത്രമാണ് ഉപയോഗിക്കുന്നത്. വേനല്‍ക്കാലത്ത് ജലസേചനം നടത്താനായി പമ്പ് സ്ഥാപിച്ചതുകൊണ്ട് ഒരു വിളപോലും ഉണങ്ങി നശിക്കാറില്ല. അവധിക്കാലത്തും കുട്ടികളും അധ്യാപകരുമത്തെി ഓരോ ചെടിയെയും പരിപാലിക്കും. ഇന്നിപ്പോള്‍ നാനൂറോളം ചുവട് മെയ്സ് വിളവെടുപ്പിന് പാകമായി നില്‍പുണ്ട്. വിളയിക്കുന്നവ ഒന്നുംതന്നെ പുറത്ത് വില്‍ക്കാറില്ല. ഉച്ചഭക്ഷണത്തില്‍ ഇവകൂടി ഉള്‍പ്പെടുത്തി പോഷക സമൃദ്ധമായ ആഹാരമാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. സ്കൂളിന്‍െറ മുന്‍ഭാഗത്ത് വെറുതെകിടന്ന അല്‍പം സ്ഥലത്ത് ഗോതമ്പ് കൃഷിയും പരീക്ഷിച്ചു. മോശമല്ലാത്ത വിളവുകിട്ടി. സ്കൂളില്‍നിന്ന് ലഭിക്കുന്ന കൃഷിവിജ്ഞാനം കുട്ടികള്‍ സ്വന്തം വീടുകളിലും പരീക്ഷിച്ച് വിജയം വരിച്ചിട്ടുണ്ട്. കര്‍ഷകദിനമായ ചിങ്ങം ഒന്നിന് ഈ വര്‍ഷത്തെ മികച്ച കുട്ടിക്കര്‍ഷകനായി തെരഞ്ഞെടുത്ത് പഞ്ചായത്ത് ആദരിച്ച സൗരവ് സണ്ണി ഇവിടത്തെ എഴാം ക്ളാസ് വിദ്യാര്‍ഥിയെയാണെന്നത് സ്കൂളിന് ലഭിച്ച അംഗീകാരം കൂടിയാണ്. ഹെഡ്മാസ്റ്റര്‍ ജോയി ആന്‍ഡ്രൂസും അധ്യാപകരായ ജോഷി തോമസും കെ.വി. ഷിബുവുമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story