ഇടമലക്കുടിയിലെ ഏലം കൃഷി അഴിമതി: വിജിലന്‍സ് അന്വേഷണം ഇഴയുന്നു
text_fieldsഅടിമാലി: ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ ഏലം കൃഷിയില്‍ നടന്ന അഴിമതിയെ സംബന്ധിച്ച വിജിലന്‍സ് അന്വേഷണം ഇഴയുന്നു. വനംവകുപ്പ് നടത്തിയ അന്വേഷണത്തില്‍ അഴിമതി ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് വനംവകുപ്പിന്‍െറ ശിപാര്‍ശപ്രകാരമാണ് അന്വേഷണം വിജിലന്‍സിന് കൈമാറിയത്. മൂന്നാര്‍ മുന്‍ ഡി.എഫ്.ഒ ഉള്‍പ്പെടെയുള്ള വനംവകുപ്പ് ജീവനക്കാരെ പ്രതിചേര്‍ത്ത് എഫ്.ഐ.ആര്‍ എടുത്താണ് അന്വേഷണം ആരംഭിച്ചതെങ്കിലും ഒച്ചിഴയുന്ന വേഗമാണ്.
സാങ്കേതികമായ എല്ലാ തെളിവുകളും ശേഖരിച്ചാണ് വനംവകുപ്പ് വിജിലന്‍സ് കേസ് പൊലീസ് വിജിലന്‍സിന് കൈമാറിയത്. വനംവകുപ്പ് നടത്തിയ അന്വേഷണത്തില്‍ ഡി.എഫ്.ഒ ഉള്‍പ്പെടെ വനംവകുപ്പ് ജീവനക്കാര്‍ 128 ലക്ഷം രൂപ തട്ടിയെടുത്തതായി കണ്ടത്തെി വിവരങ്ങള്‍ പൊലീസ് വിജിലന്‍സിന് കൈമാറിയിരുന്നു. മൂന്നാര്‍ ഡി.എഫ്.ഒയായിരുന്ന കെ.ജെ. സാമുവലിന്‍െറ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് വെട്ടിപ്പ് കണ്ടത്തെിയത്. കേസില്‍ മുന്‍ മൂന്നാര്‍ ഡി.എഫ്.ഒ ഡോ. എന്‍.സി. ഇന്ദുചൂഡന്‍ (റിട്ട.), മുന്‍ മൂന്നാര്‍ റെയ്ഞ്ച് ഓഫിസര്‍ ജോസി സെബാസ്റ്റ്യന്‍, ഇടമലകുടി ഫോറസ്റ്റര്‍ വി.സി. കാര്‍ത്തികേയന്‍, വനസംരക്ഷണ സമിതി സെക്രട്ടറിമാരായിരുന്ന ഫോറസ്റ്റ് ഗാര്‍ഡുകളായ അനില്‍ഘോഷ്, ആര്‍. റോയി, വി.എസ്.എസ് ഡിവിഷനല്‍ കോഓഡിനേറ്റര്‍ ഹരീന്ദ്രന്‍ നായര്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. ഇതില്‍ റിട്ട. ഡി.എഫ്.ഒ ഇന്ദുചൂഡന്‍ വനംവകുപ്പ് അട്ടപ്പാടിയില്‍ നടത്തുന്ന പദ്ധതിയുടെ നോഡല്‍ ഓഫിസറായി ജോലി നോക്കുന്നു. ബാക്കിയുള്ളവര്‍ സസ്പെന്‍ഷനിലാണ്.
ആദിവാസികള്‍ മാത്രം വസിക്കുന്ന ഇടമലക്കുടിയില്‍ അവരുടെ ഉന്നമനം ലക്ഷ്യമാക്കി 500 ഹെക്ടറില്‍ ഏലകൃഷിയും വനങ്ങളില്‍ ഏലം കൃഷിക്കൊപ്പം 300 ഹെക്ടറില്‍ വനവത്കരണവും ചെയ്യുന്ന ബൃഹത് പദ്ധതി സര്‍ക്കാര്‍ വനംവകുപ്പ് വഴി നടപ്പാക്കിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ നാഷനല്‍ അഫോറസ്റ്റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇടമലക്കുടിയില്‍ ഫണ്ട് അനുവദിച്ചത്. 1.71 കോടി മാറിയെടുത്തതില്‍ 1.28കോടി അഴിമതിയാണ് നടന്നതെന്നാണ് വനംവകുപ്പ് വിജിലന്‍സ് വിഭാഗം കണ്ടത്തെിയത്. ആദിവാസികള്‍ മാത്രം ഉള്‍പ്പെട്ട വനസംരക്ഷണ സമിതിയാണ് പദ്ധതി നടപ്പാക്കേണ്ടത്. ഇതിന് വനംവകുപ്പ് ജീവനക്കാര്‍ നേതൃത്വം നല്‍കി പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്.
പുതുതായി ഏലം കൃഷിയിറക്കുക, ആദിവാസികളുടെ പുരയിടത്തില്‍ ഏലകൃഷി വ്യാപിപ്പിക്കുക, വനം പുനരുദ്ധാരണം നടത്തുക എന്നിവയാണ് സര്‍ക്കാര്‍ ലക്ഷ്യമാക്കിയത്. 2009ല്‍ തുടങ്ങിയ പദ്ധതി 2012ല്‍ ഒന്നാംഘട്ടം പൂര്‍ത്തിയാക്കി ബില്‍ മാറിയിരുന്നു. ബാക്കിവന്ന തുക മാറിയെടുക്കാന്‍ റെയ്ഞ്ചോഫിസര്‍ വഴി ഇപ്പോഴത്തെ ഡി.എഫ്.ഒക്ക് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍, സംശയം തോന്നിയ ഡി.എഫ്.ഒ ഫണ്ട് മാറാതെ അന്വേഷണം നടത്താന്‍ തീരുമാനിച്ചു. ഇതോടെയാണ് വനംവകുപ്പ് ജീവനക്കാരുടെ അഴിമതി തെളിഞ്ഞത്.
പദ്ധതി പൂര്‍ണമായി പരാജയമാണെന്നും പണം തട്ടിയെടുക്കുക മാത്രം ലക്ഷ്യമിട്ടാണ് ഉദ്യോഗസ്ഥര്‍ പദ്ധതി നടപ്പാക്കിയതെന്നും കോതമംഗലം, എറണാകുളം ഫൈ്ളയിങ് സ്ക്വാഡ് ഡി.എഫ്.ഒമാര്‍ തയാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടില്‍ അന്ന് ഡി.എഫ്.ഒ ആയിരുന്ന ഇന്ദുചൂഡന്‍െറ പങ്കും വ്യക്തമായി വിവരിച്ചിട്ടുണ്ട്. വിജിലന്‍സിന്‍െറ ചുമതലയുള്ള അഡീഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കസര്‍വേറ്റര്‍ക്കാണ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ട് അംഗീകരിച്ച വനംവകുപ്പ് തുടര്‍ന്ന് പൊലീസിന്‍െറ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിന് ശിപാര്‍ശ നല്‍കിയിരുന്നു. നേരത്തേ തന്നെ ഈ കേസ് വിജിലന്‍സിന് വിടണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും രാഷ്ട്രീയ സമ്മര്‍ദം മൂലം വനംവകുപ്പിന്‍െറ വിജിലന്‍സിന് വിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.