ബി.എം.ടി.സി സർവിസ് വിപുലീകരിക്കും; പുതുതായി 6,000 ബസുകൾ നിരത്തിലേക്ക്
text_fieldsബംഗളൂരു: നഗരത്തിൽ സർവിസ് നടത്തുന്ന ബി.എം.ടി.സി ബസുകളുടെ എണ്ണം വർധിപ്പിച്ച് പൊതു ഗതാഗത സംവിധാനം കാര്യക്ഷമമാക്കാൻ സർക്കാർ ഒരുങ്ങുന്നു. ഘട്ടംഘട്ടമായി 6,000 പുതിയ ബസു കൾ നിരത്തിലിറക്കാനാണ് സർക്കാർ പദ്ധതിയെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ അറിയിച്ചു. ഇതിൽ 50 ശതമാനും ഇലക്ട്രിക് ബസുകളായിരിക്കും. ബസുകൾക്കായി പ്രത്യേക പാത ഒരുക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് ബി.എം.ടി.സിക്കായി കൂടുതൽ ബസുകൾ എത്തിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. നഗരത്തിലെ ഗതാഗതകുരുക്ക് കുറക്കാനും സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നവരെ ബസുകളിലേക്ക് ആകർഷിക്കാനുമായാണ് സർവിസുകളുടെ എണ്ണം വർധിപ്പിക്കുന്നത്. ഇതുകൂടാതെ ബി.എം.ടി.സി ബസുകളിലെ നിരക്ക് കുറക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.
നിരക്ക് കുറക്കുന്നതിലൂടെ കൂടുതൽ പേർ ബി.എം.ടി.സി ബസുകളിൽ യാത്ര ചെയ്യുമെന്നും അതിലൂടെ വരുമാന വർധനയുണ്ടാകുമെന്നുമാണ് കണക്കുകൂട്ടൽ. പുതിയ ബസ് ഇറക്കുന്നതിനൊപ്പം കാലപ്പഴക്കം ചെന്ന 1000 ബസുകൾ നിർത്തലാക്കും. ബസുകൾ പണം നൽകി വാങ്ങുന്നത് വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നതിനാൽ തൽക്കാലം സ്വകാര്യ ബസ് നിർമാതാക്കളിൽനിന്നും പാട്ടത്തിനെടുത്തായിരിക്കും സർവിസ് നടത്തുക. ബസുകൾ വാങ്ങുന്നതിനായി കോർപറേഷന് കോടികൾ മുതൽമുടക്കാനാകില്ല. ബസുകൾ പാട്ടത്തിനെടുക്കുന്നതിലൂടെ നൂറുകോടി മുതൽമുടക്കി സർവിസ് ആരംഭിക്കാനാകുമെന്ന് യെദിയൂരപ്പ പറഞ്ഞു. ബസുകളെ കൂടുതലായി ജനങ്ങൾ ആശ്രയിക്കുന്നതോടെ നഗരത്തിലെ ഗതാഗക്കുരുക്കും ഒപ്പം വായുമലിനീകരണവും കുറക്കാനാകും. പൊതുജനങ്ങള്‍ക്ക് ബസ് യാത്ര സുഗമമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കോർപറേഷന് ധനസഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇതുകൂടാതെ ഔട്ടര്‍ റിങ് റോഡ് ഉള്‍പ്പെടെ 12 തിരക്കേറിയ റോഡുകളില്‍ മുന്‍ഗണനാ പാതകള്‍ കൂടുതൽ ബസ് സര്‍വിസ് ഏര്‍പ്പെടുത്താനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
