മഴയിൽ വിറങ്ങലിച്ച് വടക്കൻ കർണാടക; മരണസംഖ്യ 12 ആയി
text_fieldsബംഗളൂരു: കഴിഞ്ഞദിവസങ്ങളിലായി തുടരുന്ന ശക്തമായ മഴ വടക്കൻ കർണാടക ഉൾപ്പെടെ സംസ ്ഥാനത്തെ 27 ജില്ലകളിലെ ജനജീവിതത്തെ സാരമായി ബാധിച്ചു. ചൊവ്വാഴ്ചയും ഇവിടങ്ങളിൽ ശക്ത മായ മഴ തുടരുകയാണ്. മഴയെതുടർന്നുള്ള അപകടങ്ങളിലായി ഇതുവരെ സംസ്ഥാനത്ത് മരിച്ച വരുടെ എണ്ണം 12 ആയി ഉയർന്നു. ബെളഗാവി നദികൾ കരകവിഞ്ഞൊഴുകുകയാണ്. ഇതോടെ പലയിടത്തും പ്രളയസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. പ്രളയക്കെടുതിയിലായവരെ രക്ഷിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. രണ്ടുമാസം മുമ്പുണ്ടായ പ്രളയത്തിൽനിന്നു കരകയറാൻ ശ്രമിക്കുന്നതിനിടെയാണ് വടക്കൻ കർണാടകയിൽ വീണ്ടും മഴ കനത്ത നാശം വിതക്കുന്നത്. അഞ്ചു ദിവസം കൂടി മഴ തുടരുമെന്നാണ് വിവരം. ഇതിൽ അടുത്ത 24 മണിക്കൂറിൽ ശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
റോഡുകൾ തകർന്നതും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതും വടക്കൻ കർണാടകയിലെ ജനജീവിതത്തെ സാരമായി ബാധിച്ചു. മഴയെതുടർന്ന് ഒറ്റപ്പെട്ടുപോയവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്ന നടപടിയും പുരോഗമിക്കുകയാണ്. പ്രളയക്കെടുതി നേരിടാൻ ചൊവ്വാഴ്ച അടിയന്തര മന്ത്രിസഭ യോഗം ചേർന്നു. പ്രളയബാധിത മേഖലകളിൽ നേരിട്ടെത്തി ദുരിതാശ്വാസ, രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ മന്ത്രിമാരെ ചുമതലപ്പെടുത്തി. അതത് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുടെയും ഡെപ്യൂട്ടി കമീഷണർമാരുടെയും നേതൃത്വത്തിലായിരിക്കും രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനവും നടക്കുകയെന്ന് മന്ത്രിസഭ യോഗത്തിനുശേഷം നിയമ മന്ത്രി ജെ.സി. മധുസ്വാമി അറിയിച്ചു. ബുധനാഴ്ച മുതൽ മന്ത്രിമാർ പ്രളയബാധിത മേഖലകൾ സന്ദർശിക്കും. ആഗസ്റ്റിലെ പ്രളയക്കെടുതിയിൽ ധനസഹായം ഉൾപ്പെടെ നൽകിവരുന്നുണ്ടെന്നും ഇപ്പോൾ ദുരിതത്തിലായവർക്കും അതുപോലെത്തന്നെ സഹായമെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ കൃത്യമായ കണക്ക് ലഭിക്കും.
തുടർന്ന് ദുരിതാശ്വാസ പ്രവർത്തനം ഉൾപ്പെടെ ഊർജിതമാക്കും. പ്രളയത്തിൽനിന്നും കരകയറുന്ന ബെളഗാവിയിൽ ഇത്തവണയും കനത്ത മഴയാണ് ലഭിക്കുന്നത്. ജില്ലകളിൽ അടിയന്തര സഹായം എത്തിക്കാൻ ഡെപ്യൂട്ടി കമീഷണർമാർക്ക് നിർേദശം നൽകിയിട്ടുണ്ട്. ഇതുവരെയുള്ള മഴയിൽ 12 പേർ മരിച്ചതായാണ് ഒൗദ്യോഗിക കണക്ക്. 5444 വീടുകൾക്കാണ് കേടുപാടു സംഭവിച്ചത്. 45ലധികം കന്നുകാലി തൊഴുത്തുകളും നശിച്ചു. ബെളഗാവി, ബാഗൽകോട്ട്, ചിക്കമഗളൂരു, കുടക്, ഹാവേരി, ചിത്രദുർഗ, ഗദഗ്, ധാർവാഡ് എന്നിവിടങ്ങളിലായി 12 ദുരിതാശ്വാസ ക്യാമ്പുകളാണ് ഇതുവരെ തുറന്നിട്ടുള്ളത്. 2176 പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്. ബെളഗാവിയിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് ടീമുകളെയും അയച്ചിട്ടുണ്ട്. മഴവെള്ളപ്പാച്ചിലിനെ തുടർന്ന് വടക്കൻ കർണാടകയിലെ റോഡുകളിൽ വെള്ളം കയറി ഗതാഗതം അവതാളത്തിലായി. നിരവധി പ്രദേശങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. കൃഷ്ണ, കാവേരി നദികളിലുള്ള ഡാമുകളും നിറഞ്ഞുകൊണ്ടിരിക്കുകയാണ്. ബെളഗാവിയിലെ പ്രളയബാധിത മേഖല പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
