Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2020 11:37 PM GMT Updated On
date_range 17 Jun 2020 11:37 PM GMTനൂറ് കടന്ന് കോവിഡ് മരണം; എട്ടുപേർ കൂടി മരിച്ചു
text_fieldsbookmark_border
-പുതുതായി 204 പേർക്ക് കൂടി കോവിഡ് -ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 7,734 ആയി ഉയർന്നു -ബംഗളൂരുവിൽ മരണ സംഖ്യയും രോഗികളുടെ എണ്ണവും മുകളിലേക്ക് ബംഗളൂരു: കർണാടകയിൽ കോവിഡ് മരണം 100 കടന്നു. സംസ്ഥാനത്ത് എട്ടുപേർ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 102 ആയി ഉയർന്നു. മരിച്ച എട്ടുപേരിൽ അഞ്ചുപേരും ബംഗളൂരുവിൽ ചികിത്സയിലായിരുന്നവരാണ്. ബംഗളൂരുവിൽ ചികിത്സയിലായിരുന്ന 70 കാരി, 39 കാരി, 64 കാരൻ, 61കാരൻ, 90 കാരൻ, ശിവമൊഗ്ഗയിൽ ചികിത്സയിലായിരുന്ന 56 കാരി, ബിദറിൽ ചികിത്സയിലായിരുന്ന 26 കാരൻ, ബെള്ളാരിയിൽ ചികിത്സയിലായിരുന്ന 62 കാരൻ എന്നിവരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ബംഗളൂരുവിൽ കോവിഡ് രോഗികളുടെയും മരിക്കുന്നവരുടെയും എണ്ണം കുത്തനെ ഉയരുന്നതും ആശങ്ക ഉയർത്തുന്നു. ബംഗളൂരൂവിൽ മാത്രം ഇതുവരെ 43 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ബംഗളൂരുവിൽ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 827 ആയി. നിലവിൽ 413 പേരാണ് ബംഗളൂരുവിൽ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ബുധനാഴ്ച 204 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 7,734 ആയി ഉയർന്നു. ബുധനാഴ്ച 348 പേർ രോഗ മുക്തി നേടി ആശുപത്രി വിട്ടു. ഇതോടെ രോഗ മുക്തി നേടിയവരുടെ എണ്ണം 4,804 ആയി ഉയർന്നു. നിലവിൽ 2,824 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 72 പേർ ഐ.സി.യുവിലാണ്. പുതുതായി രോഗം സ്ഥിരീകരിച്ച 204 പേരിൽ 55 പോസിറ്റിവ് കേസുകളും ബംഗളൂരുവിലാണ്. കഴിഞ്ഞ കുറെ നാളുകൾക്കിടെ ബംഗളൂരുവിൽ ഏറ്റവും കൂടുതൽ പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്തതും ബുധനാഴ്ചയാണ്. ബംഗളൂരുവിൽ സമ്പർക്കം വഴി 17 പേർക്കും ശ്വാസ കോശ അസുഖ ബാധിതരായ 18 പേർക്കും ഇൻഫ്ലുവൻസ അസുഖബാധിതരായ 14 പേർക്കും നിയന്ത്രിത മേഖലയിലെ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. ബംഗളൂരുവിൽ മറ്റു അഞ്ചുപേർക്ക് എവിടെ നിന്നാണ് രോഗം പകർന്നതെന്ന് കണ്ടെത്താനായിട്ടില്ല. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച 204 പേരിൽ 106 പേർ ഇതര സംസ്ഥാനങ്ങളിൽനിന്നും രണ്ടു പേർ വിദേശത്തുനിന്നും എത്തിയവരാണ്. ബംഗളൂരു (55), യാദ്ഗിർ (37), ബെള്ളാരി (29), കലബുറഗി (19), ബിദർ (12), ദക്ഷിണ കന്നട (8), ധാർവാഡ് (8), മാണ്ഡ്യ (7), ഹാസൻ (5), ഉഡുപ്പി (4), ബാഗൽകോട്ട് (4), ശിവമൊഗ്ഗ (4), ദാവൻഗരെ (3), ചിക്കബെല്ലാപുര (3), ഉത്തര കന്നട (3), റായ്ച്ചൂർ (1), മൈസൂരു (1), ബംഗളൂരു റൂറൽ (1) എന്നിങ്ങനെയാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. തുല്യവേതനമില്ല; കരാർ ഡോക്ടർമാർ പ്രതിഷേധത്തിൽ -506 ഡോക്ടർമാരാണ് രാജിക്കൊരുങ്ങുന്നത് ബംഗളൂരു: സംസ്ഥാനത്ത് കോവിഡ് 19 വ്യാപനം തുടരുന്നതിനിടെ പ്രതിസന്ധിയിലാക്കി ഡോക്ടർമാരുടെ പ്രതിഷേധം. കോവിഡ് പ്രതിരോധത്തിൽ രാപകൽ ഇല്ലാതെ അധ്വാനിക്കുന്ന സംസ്ഥാനത്തെ കരാർ േഡാക്ടർമാരാണ് തുല്യവേതനം ലഭിക്കാത്തതിൻെറ പേരിൽ രാജിക്കൊരുങ്ങുന്നത്. 506 കരാർ ഡോക്ടർമാരാണ് രാജിവെക്കുമെന്ന് അറിയിച്ചിരിക്കുന്നത്. സർക്കാർ ഡോക്ടർമാരുടേതിന് തുല്യശമ്പളം ലഭിക്കാത്തതിലും സർക്കാർ സ്ഥിരനിയമനം നൽകാത്തതിലും പ്രതിഷേധിച്ചാണ് ഡോക്ടർമാർ രാജിക്കൊരുങ്ങുന്നത്. സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളിലായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഡോക്ടർമാരാണ് രാജിവെക്കാൻ തീരുമാനിച്ചിരിക്കുന്നത്. രാജിവെക്കാനുള്ള തീരുമാനം വ്യക്തമാക്കി കര്‍ണാടകത്തിലെ കരാര്‍ ഡോക്ടര്‍മാരുടെ സംഘടന മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പക്ക് കത്തെഴുതി. ജോലിയില്‍ നിന്ന് ഉടൻ വിടുതല്‍ നല്‍കണമെന്നും ഡോക്ടര്‍മാര്‍ കത്തില്‍ ആവശ്യപ്പെട്ടു. നിലവില്‍ കരാര്‍ ഡോക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ 45,000 രൂപയാണ് മാസശമ്പളം നല്‍കുന്നത്. എന്നാല്‍, ഇതേ വകുപ്പിലെ റെഗുലര്‍ ഡോക്ടര്‍ക്ക് 80,000 രൂപയാണ് ശമ്പളം. അതിനാല്‍ തുല്യശമ്പളം വേണമെന്ന് കരാര്‍ ഡോക്ടര്‍മാര്‍ ദീര്‍ഘകാലമായി ആവശ്യപ്പെട്ടുവരികയായിരുന്നു. നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ 30 ശതമാനം തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണെന്നും കോവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ കരാര്‍ ഡോക്ടര്‍മാര്‍ റെഗുലര്‍ ഡോക്ടര്‍മാരുടെതിനു തുല്യമായി ജോലി ചെയ്തുവരികയാണെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു. രാജിവെച്ചാലും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സേവനം തുടരാനാണ് ഡോക്ടർമാരുടെ തീരുമാനം. ആന്ധ്രാപ്രദേശിലേക്ക് ബസ് സർവിസ് തുടങ്ങി ബംഗളൂരു: ലോക്ഡൗണിനുശേഷം കർണാടക ആർ.ടി.സി അന്തർ സംസ്ഥാന ബസ് സർവിസ് പുനരാരംഭിച്ചു. ബുധനാഴ്ച മുതൽ ആന്ധ്രാപ്രദേശിലേക്കുള്ള ബസ് സർവിസാണ് ആരംഭിച്ചത്. നോൺ എ.സി ബസുകളായിരിക്കും ആദ്യ ഘട്ടത്തിൽ സർവിസ് നടത്തുന്നത്. കെ.എസ്.ആർ.ടി.സി വെബ്സൈറ്റ് വഴിയും റിസർവേഷൻ കൗണ്ടറുകളിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാം. ബംഗളൂരുവിൽനിന്ന് അനന്ത്പുർ, ഹിന്ദുപുർ, കദ്രി, പുട്ടപർത്തി, കല്യാണദുര്‍ഗ, റായദുര്‍ഗ, കടപ്പ, പ്രൊഡത്തുര്‍, മന്ത്രാലയ, തിരുപ്പതി, ചിറ്റൂര്‍, മദനപള്ളി, നെല്ലൂര്‍, വിജയവാഡ എന്നിവിടങ്ങളിലേക്കും ബെള്ളാരിയിൽനിന്ന് വിജയവാഡ, അനന്തപുര്‍, കുര്‍ണൂല്‍, മന്ത്രാലയ എന്നിവിടങ്ങളിലേക്കും റായ്ച്ചൂരില്‍ നിന്ന് മന്ത്രാലയയിലേക്കും ഷഹ്പുരില്‍ നിന്ന് മന്ത്രാലയ, കുര്‍ണൂല്‍ എന്നിവിടങ്ങളിലേക്കുമാണ് ആദ്യഘട്ടത്തിൽ സര്‍വിസ് നടത്തുന്നത്. കേരളത്തിലേക്ക് ബസ് സർവിസ് നടത്താൻ കർണാടക ആർ.ടി.സി തീരുമാനിച്ചിരുന്നെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. കമ്പ്യൂട്ടർ വിതരണം ചെയ്തു ബംഗളൂരു: മലയാളം മിഷൻ കർണാടക ഘടകം നിർധനരായ കുട്ടികൾക്ക് 'ഓൺലൈൻ പഠനത്തിന് ഒരു കൈത്താങ്ങ്' എന്ന പരിപാടിയുടെ ഭാഗമായി ചിക്കഗുബ്ബി റസിഡൻറ്സ് അസോസിയേഷനുമായി സഹകരിച്ച് കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളും വിതരണം ചെയ്തു. മലയാളം മിഷൻ ഓർഗനൈസിങ് ജെയ്സൺ ലൂക്കോസ്, പ്രശാന്ത് ജോൺ, അനീഷ് ബേബി എന്നിവർ നേതൃത്വം നൽകി. കൈവശമുള്ള പഴയതും എന്നാൽ, ഉപയോഗപ്രദവുമായ കമ്പ്യൂട്ടർ, ലാപ്ടോപ്, സ്മാർട്ട് ഫോണുകൾ എന്നിവ മലയാളം മിഷൻ നേതൃത്വത്തിന് കൈമാറിയാൽ യോഗ്യരായ കുട്ടികളെ കണ്ടെത്തി ഉത്തരവാദിത്തത്തോടെ ഏൽപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഫോൺ : 8884840022.
Next Story