Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightകോവിഡ് പോസിറ്റിവായ...

കോവിഡ് പോസിറ്റിവായ കോർപറേറ്റർക്ക് യാത്രയയപ്പ്; പൊലീസ് കേസെടുത്തു

text_fields
bookmark_border
-ക്വാറൻറീൻ നിയമം ലംഘിച്ച് അണികളെ വിളിച്ചുചേർത്തു ബംഗളൂരു: കോവിഡ് പരിശോധനഫലം പോസിറ്റിവായിട്ടും പ്രവർത്തകരുടെ യാത്രയയപ്പ് ഏറ്റുവാങ്ങി ആശുപത്രിയിലെത്തിയ ബംഗളൂരു കോർപറേഷൻ കോർപറേറ്റർക്കെതിരെ പൊലീസ് കേസെടുത്തു. ബംഗളൂരുവിലെ കോവിഡ് ക്ലസ്റ്റർ മേഖലയായ പദരായനപുര വാർഡിലെ ബി.ബി.എം.പി കോർപറേറ്ററും ജെ.ഡി.എസ് നേതാവുമായ ഇംറാൻ പാഷക്കെതിരെയാണ് കേസ്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി സഹകരിക്കുന്നില്ലെന്ന ബി.ബി.എം.പിയുടെ പരാതിയെ തുടർന്നാണ് പൊലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തത്. വെള്ളിയാഴ്ചയാണ് ഇംറാൻ പാഷക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറാൻ നിർദേശവും നൽകി. രാത്രി ആശുപത്രിയിലെത്താമെന്ന് ഇയാൾ അറിയിക്കുകയായിരുന്നു. എന്നാൽ, വെള്ളിയാഴ്ച രാത്രി ആശുപത്രിയിലെത്തിയില്ലെന്ന് ബി.ബി.എം.പി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. തുടർന്ന് ആരോഗ്യപ്രവർത്തകർ ശനിയാഴ്ച പാഷയുടെ വീട്ടിലെത്തുകയായിരുന്നനു. കാത്തിരിക്കാൻ നിർദേശിച്ചശേഷം വീടിനുള്ളിലേക്ക് പോയ പാഷ ഏറെ വൈകിയാണ് പുറത്തേക്കുവന്നത്. അപ്പോഴേക്കും വീടിന് മുന്നിലെത്തിയ ജെ.ഡി.എസ് പ്രവർത്തകർ പാഷക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചു. ആളുകൾ കൂട്ടംകൂടി നിൽക്കുകയായിരുന്നു. ഇതോടൊപ്പം ആംബുലൻസിലേക്ക് കയറുന്നതിനുമുമ്പ് ഇംറാൻ പാഷ പ്രായമായ സ്ത്രീയുടെ കാൽ തൊട്ട് വന്ദിക്കുകയും ചെയ്തു. തുടർന്ന് ആംബുലൻസിൽനിന്ന് സമീപത്തു നിൽക്കുകയായിരുന്ന ജനക്കൂട്ടത്തെ കൈവീശി അഭിവാദ്യം ചെയ്തശേഷമാണ് വാഹനത്തിലേക്ക് കയറിയത്. ബി.ബി.എം.പി ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ പാഷ അനുസരിച്ചില്ല. സംഭവത്തി‍ൻെറ വിഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവരുകയും ചെയ്തു. അറിഞ്ഞുകൊണ്ട് നിസ്സഹകരിക്കുകയും അണുബാധ പടരാനുള്ള സാധ്യത വർധിപ്പിക്കുകയുമായിരുന്നു ഇംറാൻ പാഷ ചെയ്തതെന്ന് ബി.ബി.എം.പി ആരോഗ്യ വിഭാഗം ഒാഫിസർ ഡോ. മനോരഞ്ജൻ ഹെഗ്ഡെ പറഞ്ഞു. അപകടകരമായ രോഗം പടർത്താനുള്ള അശ്രദ്ധമായ പ്രവൃത്തി, ക്വാറൻറീൻ നിയമലംഘനം, ദുരന്തനിവാരണ നിയമം തുടങ്ങിയവ പ്രകാരം ജഗജീവൻ റാം നഗർ പൊലീസാണ് കേസെടുത്തത്. ബംഗളൂരുവിൽ ഏറ്റവും കൂടുതൽ കോവിഡ് പോസിറ്റിവ് റിപ്പോർട്ട് ചെയ്ത വാർഡാണ് പദരായനപുര. ഇതുവരെ 67 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. പുതിയ അധ്യയന വർഷം; ഇന്നു മുതൽ ഒാൺലൈൻ ക്ലാസുകൾ ബംഗളൂരു: പുതിയ അധ്യയന വർഷം ആരംഭിക്കുന്നതു സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ലെങ്കിലും തിങ്കളാഴ്ച മുതൽ ഒാൺലൈൻ ക്ലാസുകൾ ആരംഭിക്കാനൊരുങ്ങി സംസ്ഥാനത്തെ സ്വകാര്യ സ്കൂളുകൾ. യൂനിഫോമും ധരിച്ച് വീട്ടിലെ ലാപ്ടോപ്പിലോ കമ്പ്യൂട്ടറിലോ ഒാൺലൈൻ ക്ലാസിൽ പങ്കെടുക്കാനുള്ള നിർദേശമാണ് വിദ്യാർഥികൾക്ക് സ്വകാര്യ സ്കൂൾ മാനേജ്മൻെറുകൾ നൽകിയിരിക്കുന്നത്. സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് ജൂലൈയിൽ തീരുമാനിക്കുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. എന്നാൽ, ക്ലാസുകൾ മുടങ്ങാതിരിക്കാൻ തിങ്കളാഴ്ച മുതൽ 2020-21 അധ്യയന വർഷത്തെ പാഠഭാഗങ്ങൾ ഒാൺലൈനായി എടുക്കാനാണ് സംസ്ഥാനത്തെ ഭൂരിഭാഗം സ്വകാര്യ സ്കൂളുകളും തീരുമാനിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി രക്ഷിതാക്കളുമായി ഒാൺലൈൻ വഴി ചർച്ച നടത്തിയിരുന്നു. ചെറിയ ക്ലാസിലെ കുട്ടികൾക്കൊപ്പം രക്ഷിതാക്കളും ഒാൺലൈൻ ക്ലാസിന് ഇരിക്കാൻ നിർദേശിച്ചിട്ടുണ്ട്. രക്ഷിതാക്കൾ ജോലിക്കു പോകുന്നവരാണെങ്കിൽ പകരം ബന്ധുക്കളെ വീട്ടിൽ നിർത്താനും നിർദേശിച്ചിട്ടുണ്ട്. കുട്ടികൾ ഇൻറർനെറ്റ് ഉപയോഗിക്കുന്നത് നിരീക്ഷിക്കാൻ രക്ഷിതാക്കൾ അതിനുള്ള ആപ്ലിക്കേഷൻ ഉപയോഗിക്കണം. സ്കൂൾ ടൈംടേബ്ൾ അനുസരിച്ചായിരിക്കും ഒാൺലൈൻ ക്ലാസുകളും നടക്കുക. രാവിലെ ഒമ്പതു മുതലായിരിക്കും ക്ലാസ് ആരംഭിക്കുക. ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ളവർക്കും രണ്ടാം വർഷ പ്രീ യൂനിവേഴ്സിറ്റി വിദ്യാർഥികൾക്കുമാണ് ഒാൺലൈൻ ക്ലാസ്. തീവ്രബാധിത സംസ്ഥാനങ്ങളിൽനിന്നുള്ളവർ അനധികൃതമായി എത്തുന്നു -പരാതിയുമായി റെസിഡൻറ്സ് അസോസിയേഷനുകൾ രംഗത്ത് ബംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ളവർ പാസ് എടുക്കാതെ അനധികൃതമായി ബംഗളൂരുവിൽ എത്തുന്നതായി പരാതി. ഇതുസംബന്ധിച്ച് വിവിധ െറസിഡൻറ്സ് വെൽഫെയർ അസോസിയേഷനുകളാണ് ബി.ബി.എം.പിക്ക് പരാതി നൽകിയത്. ഇതുവരെ 216 പരാതികളാണ് ബി.ബി.എം.പിക്ക് ലഭിച്ചിട്ടുള്ളതെന്നും മടങ്ങിവരുന്നവരില്‍ അധികവും ഹൈവേകള്‍ക്കു പകരം മറ്റു റോഡുകളിലൂടെയാണ് ബംഗളൂരുവിലെത്തുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സുരക്ഷ ജീവനക്കാര്‍, വീട്ടുജോലിക്കാര്‍, പാചകക്കാര്‍, ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ തീവ്രബാധിത സംസ്ഥാനങ്ങളില്‍നിന്നു ബംഗളൂരുവിലേക്കു മടങ്ങിയെത്തിയിട്ടുണ്ടെന്നും ഇതു നഗരത്തില്‍ കോവിഡ് വ്യാപനത്തിനുള്ള സാധ്യത കൂട്ടുന്നുവെന്നുമാണ് പരാതി. കോവിഡ് രൂക്ഷമായ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ നഗരത്തില്‍ അനധികൃതമായി എത്തുന്നുവെന്ന പരാതികള്‍ അന്വേഷിക്കാനും കര്‍ശന നടപടി സ്വീകരിക്കാനും ബി.ബി.എം.പി കമീഷണര്‍ ബി.എച്ച്. അനില്‍ കുമാര്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. അനധികൃതമായി എത്തുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നഗരത്തില്‍ മടങ്ങിയെത്തുന്നവര്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ ഉള്‍പ്പെടുന്ന നോട്ടീസ് കോര്‍പറേഷന്‍ പുറത്തിറക്കിയിരുന്നു. മേയ് ഏഴിനുശേഷം ബി.ബി.എം.പിയെയോ ജില്ല ഭരണകൂടത്തെയോ അറിയിക്കാതെ നഗരത്തിലെത്തിയവര്‍ അടിയന്തരമായി 9480685888 എന്ന വാട്‌സ്ആപ് നമ്പറില്‍ ബന്ധപ്പെടുകയോ 080 22660000 എന്ന നമ്പറില്‍ വിളിക്കുകയോ ചെയ്യണമെന്ന് കോര്‍പറേഷന്‍ പുറത്തിറക്കിയ നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു. നിയമം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കാനാണ് അധികൃതരുടെ തീരുമാനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story