Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightപൊലീസിലെ കോവിഡ്...

പൊലീസിലെ കോവിഡ് വ്യാപനം; സുരക്ഷാനടപടികൾ ശക്തമാക്കാൻ തീരുമാനം

text_fields
bookmark_border
-അതിർത്തികളിൽ മൊബൈൽ വിശ്രമകേന്ദ്രങ്ങൾ ബംഗളൂരു: സംസ്ഥാനത്ത് കോവിഡ് ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് പലഭാഗങ്ങളിലായി രോഗം സ്ഥിരീകരിക്കുന്നതിൻെറ പശ്ചാത്തലത്തിൽ പുതുക്കിയ മാർഗനിർദേശം പുറത്തിറക്കാനൊരുങ്ങി സംസ്ഥാന പൊലീസ്. ഇതുവരെ 13ഒാളം പൊലീസുകാർക്കാണ് ഫലം പോസിറ്റിവായത്. ഇതിൽ ആറുപേർ രോഗമുക്തി നേടി. സംസ്ഥാനത്താകെ 400ലധികം പൊലീസുകാരാണ് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് നിരീക്ഷണത്തിലുള്ളത്. പൊലീസുകാർക്ക് വ്യാപകമായി േകാവിഡ് സ്ഥിരീകരിക്കുന്നത് സേനയുടെ പ്രവർത്തനത്തെ തന്നെ ബാധിക്കുമെന്ന ആശങ്ക നിലനിൽക്കെയാണ് മുൻകരുതൽ നടപടി ശക്തമാക്കാൻ അധികൃതർ തീരുമാനിച്ചത്. ബാഗൽകോട്ട്, ഉഡുപ്പി, ബംഗളൂരു റൂറൽ, കലബുറഗി, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലെ നിയന്ത്രിത മേഖലകളിലും അതിർത്തികളിലും ഡ്യൂട്ടിയിലുണ്ടായിരുന്നവർക്കാണ് കൂടുതലായി രോഗം ബാധിച്ചത്. കൂടുതൽ ആളുകൾ ഇടപഴകുന്ന ഡ്യൂട്ടിയിൽ 55 വയസ്സിനു മുകളിലുള്ളവരെ നിയോഗിക്കേണ്ടതില്ലെന്ന് നേരേത്തതന്നെ തീരുമാനിച്ചിരുന്നു. നിയന്ത്രിത മേഖലയിൽ ഉൾപ്പെടെ ഡ്യൂട്ടിയെടുക്കുന്ന പൊലീസുകാർക്ക് ഗ്ലൗസ്, ഫേസ് മാസ്ക് തുടങ്ങിയവ നിർബന്ധമാണ്. അതുപോലെ പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടി കഴിഞ്ഞ് വിശ്രമിക്കാനും തുണി അലക്കാനും മറ്റുകാര്യങ്ങൾക്കുമായി അടുത്തുള്ള ലോഡ്ജിൽ ആവശ്യമായ മുറികൾ എടുത്തുനൽകും. ഡ്യൂട്ടി കഴിഞ്ഞശേഷം വീടുകളിലേക്ക് പോകുന്നത് രോഗവ്യാപനത്തിന് ഇടയാകുമെന്നതിനെ തുടർന്നാണ് മുൻകരുതൽ. പൊലീസ് സ്റ്റേഷനിൽ എത്തുന്നവരെ ഗേറ്റിൽനിന്ന് അകത്തേക്ക് പ്രവേശിപ്പിക്കാതെ അവിടെനിന്നുതന്നെ സംസാരിക്കും. സ്റ്റേഷനിലേക്ക് അനാവശ്യമായി ആളുകളെ കയറ്റരുതെന്ന് നിർദേശിച്ചിട്ടുണ്ട്. സുരക്ഷാ മുൻകരുതൽ വ്യക്തമാക്കിയുള്ള വിശദമായ മാർഗനിർദേശം വൈകാതെ പുറത്തിറക്കും. അതുപോലെ, അതിർത്തികളിൽ ഡ്യൂട്ടിയെടുക്കുന്ന പൊലീസുകാർക്ക് വിശ്രമിക്കാനായി മൊബൈൽ വിശ്രമകേന്ദ്രങ്ങൾ സജ്ജമാക്കാനും തീരുമാനിച്ചു. അത്തിബല്ലെ, വിജയപുര, കലബുറഗി, റായ്ച്ചൂർ, ദൂൽകേദ്, നിപ്പാനി തുടങ്ങിയ വിവിധ സ്ഥലങ്ങളിലെ അതിർത്തികളിലാണ് വാഹനങ്ങളിൽ സജ്ജമാക്കിയ വിശ്രമകേന്ദ്രങ്ങൾ എത്തിച്ചുനൽകാൻ ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ നിർദേശിച്ചത്. അതിർത്തികളിൽ നിർത്തിയിടുന്ന ഇത്തരം വിശ്രമ കേന്ദ്രങ്ങളിൽ പൊലീസുകാർക്ക് ഉറങ്ങാനുള്ള സൗകര്യം ഉൾപ്പെടെയുണ്ടാകും. തുടർച്ചയായി ഡ്യൂട്ടിയെടുക്കുന്ന ഇവർക്ക് വീടുകളിലേക്ക് മടങ്ങാനാവാത്ത ബുദ്ധിമുട്ട് കണക്കിലെടുത്താണ് വിശ്രമകേന്ദ്രം സജ്ജമാക്കുന്നത്. നിയന്ത്രിത മേഖലയിലും അതിർത്തികളിലും ഡ്യൂട്ടിയിലുള്ള പൊലീസുകാരെയും അവരുടെ കുടുംബാംഗങ്ങളെയും കോവിഡ് പരിശോധനക്ക് വിധേയമാക്കാനും ഉത്തരവിട്ടിട്ടുണ്ട്. നിയന്ത്രിത മേഖലയിൽ നടപടികൾ കടുപ്പിക്കുന്നു ബംഗളൂരു: സമൂഹവ്യാപന സാധ്യത ഉൾപ്പെടെ ഒഴിവാക്കുന്നതിൻെറ ഭാഗമായി ബംഗളൂരു നഗരത്തിലെ നിയന്ത്രിത മേഖലകളിൽ നടപടികൾ കടുപ്പിക്കാൻ ബി.ബി.എം.പി തീരുമാനിച്ചു. കോവിഡ് പോസിറ്റിവ് റിപ്പോർട്ട് ചെയ്തതിനെതുടർന്ന് സീൽഡൗൺ ചെയ്ത മേഖലയിൽ കർശന നടപടികൾ സ്വീകരിക്കുന്നതിനായി മാർഗനിർദേശവും ബി.ബി.എം.പി പുറത്തിറക്കി. കോവിഡ് പോസിറ്റിവ് റിപ്പോർട്ട് ചെയ്തശേഷം അടുത്ത 28 ദിവസത്തേക്ക് കൂടുതൽ പോസിറ്റിവ് കേസുകൾ പ്രദേശത്ത് റിപ്പോർട്ട് ചെയ്യാതിരിക്കാനുള്ള മുൻകരുതൽ നടപടികളാണ് സ്വീകരിക്കുന്നത്. ആദ്യംതന്നെ എത്രയും വേഗം സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കും. നേരേത്ത നിയന്ത്രിത മേഖല 100 മീറ്റർ പരിധിയിലായിരുന്നെങ്കിലും പോസിറ്റിവ് റിപ്പോർട്ട് ചെയ്തതിൻെറ 200 മീറ്റർ പരിധി ബഫർ സോണായി കണക്കാക്കും. തുടർന്ന് ഈ പ്രദേശത്ത് കൃത്യമായ നിരീക്ഷണം നടത്തും. ഒപ്പം സാമൂഹിക അകലം പാലിക്കലും ഉറപ്പാക്കും. രോഗലക്ഷണമുള്ളവരെയും നേരേത്ത മുതൽ അസുഖബാധിതരായവരെയും കണ്ടെത്തി ഐസൊലേഷനിലാക്കും. ബഫർ േസാണുകളിൽ പൊതുപരിപാടികൾക്കും വിലക്കേർപ്പെടുത്തി. നിയന്ത്രിത മേഖലക്കുവേണ്ടി മാത്രമായി പ്രത്യേക ദ്രുതകർമ സേനയുണ്ടാകും. ബഫർ സോണുകളിൽ ഗർഭിണികളും ഹൃദയസംബന്ധമായ അസുഖബാധിതരും മറ്റു ഗുരുതര രോഗമുള്ളവരും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്ക് പ്രത്യേക പരിഗണനയും നൽകും. നിയന്ത്രിത മേഖലയിൽ വാഹന ഗതാഗതം പൂർണമായും തടയുന്നതിനുള്ള ബാരിക്കേഡ് സംവിധാനവും പൊലീസ് ഒരുക്കും. അവശ്യസാധനങ്ങൾ വീടുകളിൽ എത്തിക്കാനുള്ള സംവിധാനവും ഒരുക്കും.
Show Full Article
TAGS:LOCAL NEWS
Next Story