Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2020 5:04 AM IST Updated On
date_range 22 May 2020 5:04 AM ISTനിരീക്ഷണ കേന്ദ്രത്തിൽ യുവാവ് ആത്മഹത്യ ചെയ്തു
text_fieldsbookmark_border
ബംഗളൂരു: മൂഡബിദ്രിയിലെ സർക്കാർ ക്വാറൻറീൻ കേന്ദ്രത്തിൽ യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മുംബൈയിൽനിന്ന് തിരികെ എത്തിയ യുവാവും രണ്ടു സഹോദരിമാരും മൂഡബിദ്രിയിലെ സർക്കാർ സ്കൂളിലെ ക്വാറൻറീൻ കേന്ദ്രത്തിലായിരുന്നു കഴിഞ്ഞിരുന്നത്. വ്യാഴാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയിൽ യുവാവിൻെറ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഭാവിയെ കുറിച്ച് ആലോചിച്ച് യുവാവ് ഏതാനും ദിവസങ്ങളായി അസ്വസ്ഥനായിരുന്നു. ഇതാകാം ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്. ഇയാൾക്ക് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. ബംഗളൂരു ടെക് സമ്മിറ്റ് മാറ്റിവെച്ചു ബംഗളൂരു: കോവിഡിൻെറ പശ്ചാത്തലത്തിൽ ബംഗളൂരു ടെക് സമ്മിറ്റ് (ബി.ടി.എസ്) മാറ്റിെവച്ചതായി ഉപമുഖ്യമന്ത്രി അശ്വത് നാരായൺ അറിയിച്ചു. സെപ്റ്റംബർ 21 മുതൽ 23 വരെ നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. കോവിഡിൻെറ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര പ്രതിനിധികൾക്ക് സമ്മിറ്റിൽ പങ്കെടുക്കാൻ സാധിക്കാത്തതിനാലാണ് മാറ്റിയതെന്ന് മന്ത്രി പറഞ്ഞു. നവംബർ 19 മുതൽ 21വരെ നടത്താനാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. കോവിഡ് ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിൽ സമ്മിറ്റ് ശ്രദ്ധകേന്ദ്രീകരിക്കും. സമ്മിറ്റിൽ സിമ്പോസിയങ്ങളും സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ചർച്ചകളും ഉണ്ടായിരിക്കും. ബി.ടി.എസിൽ ശാരീരിക അകലം പാലിക്കാനുള്ള പ്രൊട്ടോക്കോളുകൾ സർക്കാർ ഇതിനകം തയാറാക്കിയിട്ടുണ്ട്. 2019 നവംബറിലായിരുന്നു ഏറ്റവും ഒടുവിലായി ബംഗളൂരു ടെക് സമ്മിറ്റ് നടന്നത്. കർണാടകയെ ഏഷ്യയിലെ ഇന്നോവേഷൻ ഹബ്ബായി ഉയർത്തുമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ സമ്മിറ്റിൽ പ്രഖ്യാപിച്ചിരുന്നു. ലോകത്തിൻെറ വിവിധ ഭാഗത്തുനിന്നുള്ള പ്രതിനിധികൾ സമ്മിറ്റിൽ പങ്കെടുത്ത് അവരുടെ നൂതന ആശയങ്ങൾ അവതരിപ്പിച്ചിരുന്നു. സംസ്ഥാന ഐ.ടി, ബി.ടി വകുപ്പാണ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്. നഗരത്തിൽ രണ്ടു നിയന്ത്രിത മേഖല കൂടി ബംഗളൂരു: കോവിഡ്19 പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ബംഗളൂരു നഗരത്തിൽ പുതുതായി രണ്ടു പ്രദേശം കൂടി നിയന്ത്രിത മേഖലയാക്കി. ജ്ഞാനഭാരതി, നാഗവാര എന്നീ പ്രദേശത്ത് കോവിഡ്19 പോസിറ്റിവ് കേസ് റിപ്പോർട്ട് ചെയ്ത 100 മീറ്റർ പരിധി സീൽ ഡൗൺ െചയ്തു. നാഗവാരയിൽ രോഗം സ്ഥിരീകരിച്ചയാളുമായി സമ്പർക്കം പുലർത്തിയ 53 പേരെ നിരീക്ഷണത്തിലാക്കി. നിലവിൽ നഗരത്തിലാകെ 20 നിയന്ത്രിത മേഖലയാണുള്ളത്. ശിവാജി നഗറിലാണ് ഇതുവരെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 46 േപർക്കാണ് രോഗം സ്ഥിരീകരിച്ചത്. ക്യൂൻസ് റോഡിലെ അൽ ശിഫ ആശുപത്രിയിൽ ആദ്യ കോവിഡ് പോസിറ്റിവ് റിപ്പോർട്ട് ചെയ്ത് ഒരു മാസം പിന്നിട്ടിട്ടും രണ്ടാമത്തെ പോസിറ്റിവ് കേസ് റിപ്പോർട്ട് ചെയ്യാത്തതിനെതുടർന്ന് നിയന്ത്രിത മേഖലയിൽനിന്ന് ഒഴിവാക്കി. ക്യൂൻസ് റോഡിലെ ഗതാഗതവും പുനഃസ്ഥാപിച്ചു. പ്രതികൾക്ക് കോവിഡ്; പൊലീസുകാർ നിരീക്ഷണത്തിൽ ബംഗളൂരു: പ്രതികളായ രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ബംഗളൂരുവിലെ ഹെബ്ബാഗൊടി പൊലീസ് സ്റ്റേഷനിലെ 30ലധികം പൊലീസുകാരെ നിരീക്ഷണത്തിലാക്കി. പ്രതികളെ ചോദ്യം ചെയ്ത എസ്.ഐ ഉൾപ്പെടെയുള്ളവരാണ് നിരീക്ഷണത്തിലായത്. പദരായനപുര, കെ.ആർ.പുരം സ്വദേശികളായ യുവാക്കൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഉരുക്ക് വിതരണത്തിൽ നടത്തിയ ക്രമക്കേടിൽ ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. 1,600 ടൺ ഉരുക്ക് ഇരുവരും ചേർന്ന് പലഘട്ടങ്ങളിലായി മോഷ്ടിച്ചുവെന്നാണ് കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ പൊലീസ് കസ്റ്റഡിയിലേക്ക് വിടുന്നതിന് മുമ്പ് പ്രോട്ടോകോൾ പ്രകാരം കോവിഡ് പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് ഇരുവരുടെയും പരിശോധന ഫലം പോസിറ്റിവായത്. പൊലീസുകാർക്കൊപ്പം കോടതിയിലെ ജഡ്ജിയും അദ്ദേഹത്തിൻെറ കുടുംബവും നിരീക്ഷണത്തിൽ കഴിയുകയാണ്. സംഭവത്തെ തുടർന്ന് ഗുരുതര കുറ്റകൃത്യങ്ങളിൽ മാത്രം തൽകാലത്തേക്ക് പ്രതികളുടെ അറസ്റ്റ് നടത്തിയാൽ മതിയെന്നും മുൻകരുതൽ സ്വീകരിക്കണമെന്നും പൊലീസിന് അധികൃതർ നിർദേശം നൽകി. പ്രതിഷേധ ധർണ ഇന്ന് ബംഗളൂരു: തൊഴിൽ നിയമം ഭേദഗതി ചെയ്ത് തൊഴിലാളി വിരുദ്ധ നടപടി സ്വീകരിക്കുന്ന കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കെതിരെ സംയുക്ത ട്രേഡ് യൂനിയൻെറ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കുന്നു. ഒരു ദിവസം എട്ടുമണിക്കൂർ ജോലി എന്നത് 12 മണിക്കൂർ ആക്കാനും ആഴ്ചയിലെ ജോലി സമയം 72 മണിക്കൂർ ആക്കാനും തൊഴിൽ ദാതാക്കൾ സർക്കാറിൽ സമ്മർദം ചെലുത്തുകയാണെന്ന് ട്രേഡ് യൂനിയൻ നേതാക്കൾ ആരോപിച്ചു. ജോ.കമ്മിറ്റി ഒാഫ് ട്രേഡ് യൂനിയൻസിൻെറ (ജെ.സി.ടി.യു) ആഭിമുഖ്യത്തിൽ ബംഗളൂരു ആനന്ദ് റാവു സർക്കിളിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ വെള്ളിയാഴ്ച രാവിലെ 11 മുതൽ അഞ്ചുവരെയാണ് ഏകദിന ധർണ നടക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story