സോണിയ ഗാന്ധിക്കെതിരെ കർണാടക പൊലീസ്​ കേസെടുത്തു

05:04 AM
22/05/2020
ബംഗളൂരു: പി.എം കെയർസ് ഫണ്ടുമായി ബന്ധപ്പെട്ട ട്വീറ്റിൻെറ പേരിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ കർണാടകയിൽ കേസ് രജിസ്റ്റർ ചെയ്തു. ശിവമൊഗ്ഗ സാഗർ സ്വദേശിയും ബി.ജ.പി പ്രവർത്തകനുമായ അഡ്വ. കെ.വി. പ്രവീണിൻെറ പരാതിയിലാണ് െഎ.പി.സി 153, 505 ഒന്ന് ബി വകുപ്പുകൾ പ്രകാരം കേസെടുത്തത്. 'കുടിയേറ്റ തൊഴിലാളികളുടെ യാത്രക്കും വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനും അവർക്ക് സാമ്പത്തിക സഹായം നൽകാനും വിനിയോഗിക്കുന്നില്ലെങ്കിൽ പിന്നെ പ്രധാനമന്ത്രിയുടെ കെയർസ് ഫണ്ടുകൊണ്ട് എന്തുഗുണം' എന്നായിരുന്നു സോണിയ ഗാന്ധിയുടെ ട്വീറ്റ്. പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നതാണ് പ്രസ്തുത ട്വീറ്റ് എന്നാണ് പരാതി. സോണിയ ഗാന്ധിക്കെതിരായ പരാതി ദുരുദ്ദേശ്യപരവും രാഷ്ട്രീയ ലാക്കോടെയുള്ളതുമാണെന്ന് ചൂണ്ടിക്കാട്ടിയ കർണാടക കോൺഗ്രസ് പ്രസിഡൻറ് ഡി.കെ. ശിവകുമാർ, കേസ് അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പക്ക് കത്ത് നൽകി. ആരോഗ്യപരമായ വിമർശനത്തിനുള്ള അവകാശം വകവെക്കാതെയാണ് സാഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയ ശിവകുമാർ, നിയമം ദുരുപയോഗം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.
Loading...