Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2020 8:47 PM GMT Updated On
date_range 20 May 2020 8:47 PM GMTരാജ്യദ്രോഹ കേസ്: അമൂല്യ ലിയോണക്ക് ജാമ്യം നൽകരുതെന്ന് കർണാടക
text_fieldsbookmark_border
ബംഗളൂരു: പാകിസ്താൻ അനുകൂല മുദ്രാവാക്യം മുഴക്കിയെന്ന പേരിൽ രാജ്യദ്രോഹ കേസ് ചുമത്തി അറസ്റ്റ് ചെയ്ത കോളജ് വിദ്യാർഥിനിയും ആക്ടിവിസ്റ്റുമായ അമൂല്യ ലിയോണ നെറോണക്ക് (19) ജാമ്യം അനുവദിക്കുന്നതിനെ വീണ്ടും എതിർത്ത് കർണാടക സർക്കാർ. അമൂല്യ 'സ്വാധീനമുള്ള വ്യക്തി'യാണെന്നും ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്നും ഹൈകോടതിയെ സർക്കാർ അറിയിച്ചു. ഒളിവിൽ പോവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്നും അത് വിചാരണ നടക്കുന്ന കേസിനെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയ സർക്കാർ സബ്മിഷൻ, അമൂല്യക്ക് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു. അമൂല്യയുടെ മുദ്രാവാക്യം വിളിക്ക് പിന്നാലെ നിരവധി സംഘടനകളും ജനങ്ങളും തെരുവിലിറങ്ങിയത് സംസ്ഥാനത്ത് ക്രമസമാധാന നില തകരാറിലാക്കിയെന്നും സർക്കാർ കോടതിയിൽ വാദിച്ചു. കർണാടക ദലിത് സംഘർഷ സമിതി, ഹിന്ദു ജനജാഗ്രതി സമിതി തുടങ്ങിയ സംഘടനകൾ അമൂല്യക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് സമരത്തിനിറങ്ങിയതായും സർക്കാർ കോടതിയെ അറിയിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ ഫെബ്രുവരി 20ന് ഫ്രീഡം പാർക്കിൽ നടന്ന സമരവേദിയിൽനിന്നാണ് അമൂല്യ ലിയോണയെ പൊലീസ് അറസ്റ്റ് ചെയ്തത്. എ.െഎ.എം.െഎ.എം നേതാവ് അസദുദ്ദീൻ ഉൈവസി പെങ്കടുത്ത ചടങ്ങിനിടെയായിരുന്നു സംഭവം. മൂന്നുതവണ വേദിയിൽനിന്ന് 'പാകിസ്താൻ സിന്ദാബാദ്' എന്നു വിളിച്ചപ്പോൾ ജനങ്ങൾ പ്രതിഷേധിച്ച് ബഹളം വെച്ചു. തുടർന്ന്, 'ഹിന്ദുസ്ഥാൻ സിന്ദാബാദ്' എന്ന് മൂന്നുവട്ടം മുദ്രാവാക്യം മുഴക്കിയപ്പോൾ ജനം ഏറ്റുവിളിക്കുകയും ചെയ്തു. ഇതിനെ വിശദീകരിക്കാനുള്ള ശ്രമത്തിനിടെ സംഘാടകർ തന്നെ മൈക്ക് പിടിച്ചുവാങ്ങുകയും പൊലീസ് വേദിയിൽനിന്ന് അവരെ വലിച്ചിഴച്ച് കൊണ്ടുപോവുകയുമായിരുന്നു. എന്നാൽ, അമൂല്യക്ക് പറയാനുള്ളത് പൂർത്തിയാക്കാൻ അനുവദിക്കാതെ അവരെ തടയാനും അറസ്റ്റ് ചെയ്യാനും അമിതാവേശം കാണിച്ച സംഘാടകരുടെയും പൊലീസിൻെറയും നടപടിയെ കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ വിമർശിച്ചിരുന്നു. അഞ്ചു വർഷം വരെ തടവ് ലഭിക്കാവുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 എ, ബി വകുപ്പുകൾ ചേർത്താണ് ബംഗളൂരു ഉപ്പാർപേട്ട് പൊലീസ് കേെസടുത്തത്. പരിസ്ഥിതി പ്രവർത്തകനായ ചിക്കമഗളൂരു കൊപ്പ സ്വദേശി നൊസ്വാൾഡ് നൊറോണയുടെ മകളാണ് അമൂല്യ. ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന അമൂല്യയെ വധിക്കുന്നവർക്ക് 10 ലക്ഷം രൂപ സമ്മാനം നൽകുമെന്ന് ശ്രീരാമസേന പ്രഖ്യാപിച്ചിരുന്നു. അതേസമയം, പാകിസ്താൻ അനുകൂല മുദ്രാവാക്യം മുഴക്കിയെന്നു ചൂണ്ടിക്കാട്ടി ഫെബ്രുവരിയിൽ ഹുബ്ബള്ളിയിൽ മൂന്ന് കശ്മീരി വിദ്യാർഥികളും രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റിലായിരുന്നു. പ്രഥമദൃഷ്ട്യാ ഇൗകേസിൽ രാജ്യദ്രോഹപരമായ ഒന്നും കണ്ടെത്താനായില്ലെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടിയെങ്കിലും ഇതുവരെ ജാമ്യം അനുവദിച്ചിട്ടില്ല. -സ്വന്തം ലേഖകൻ
Next Story