Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2020 11:32 PM GMT Updated On
date_range 19 May 2020 11:32 PM GMTമുൾമുനയിൽ കർണാടക; 149 പേർക്ക് കോവിഡ്
text_fieldsbookmark_border
കേരളത്തിൽ നിന്നെത്തിയ മൂന്നുപേർക്ക് രോഗബാധ സംസ്ഥാനത്ത് മൂന്നു മരണം കൂടി 149പേരിൽ 113 പേരും ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയവർ ബംഗളൂരു: കർണാടകയിൽ ആദ്യമായി ഒറ്റ ദിവസത്തെ കോവിഡ് രോഗികളുടെ എണ്ണം 100 കടന്നു. ചൊവ്വാഴ്ച കേരളത്തിൽനിന്ന് എത്തിയ മൂന്നുപേർക്ക് ഉൾപ്പെടെ 149 പേർക്കാണ് കർണാടകയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 113 പേരും മഹാരാഷ്ട്ര ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിൽനിന്ന് മടങ്ങിയെത്തിയവരാണ്. ഇവരെല്ലാം സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിലായതിനാൽ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നാണ് കർണാടക ആരോഗ്യവകുപ്പ് അറിയിക്കുന്നത്. കഴിഞ്ഞ ദിവസത്തേതിൻെറ ഇരട്ടി പോസിറ്റിവ് കേസുകളാണ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,395 ആയി. മൂന്നുപേർ കൂടി മരിച്ചതോടെ ഇതുവരെ മരിച്ചവരുടെ എണ്ണം 40 ആയി. ശ്വാസകോശ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ബെള്ളാരി സ്വദേശിയായ 61കാരൻ, വിജയപുരയിലെ 65കാരൻ, ബംഗളൂരു സ്വദേശിയായ 54 കാരൻ എന്നിവരാണ് മരിച്ചത്. വിജയപുരയിലെ 65കാരനെ തിങ്കളാഴ്ച ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. തുടർന്നാണ് കോവിഡ് സ്ഥിരീകരിച്ചത്. കേരളത്തിൽനിന്ന് ശിവമൊഗ്ഗയിൽ എത്തിയ രണ്ടുപേർക്കും ദാവൻഗരെയിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച മാണ്ഡ്യയിൽ മാത്രം 71പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ബംഗളൂരു അർബനിൽ ആറുപേർക്ക് രോഗമുണ്ട്. ദാവൻഗരെ (22), ശിവമൊഗ്ഗ (10), കലബുറഗി (13), ഉഡുപ്പി (4), ഉത്തര കന്നട (4), ചിക്കമഗളൂരു (5), ബാഗൽകോട്ട് (5) ഹാസൻ (3), യാദ്ഗിർ(1), ചിത്രദുർഗ (1), വിജയപുര (1), ഗദഗ് (1), റായ്ച്ചൂർ (1), ബിദർ (1) എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്. ഇവരിൽ ഭൂരിഭാഗം പേരും മുംബൈ, സോളാപുർ, അഹമ്മദാബാദ്, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് എത്തിയവരാണ്. ബംഗളൂരുവിലെ ഉൾപ്പെടെയുള്ള മറ്റു പോസിറ്റിവ് കേസുകൾ സമ്പർക്ക പട്ടികയിലുണ്ടായിരുന്നവരാണ്. ആറു ദിവസത്തിനിടെ കർണാടകയിൽ റിപ്പോർട്ട് ചെയ്ത 436 കോവിഡ് കേസുകളിൽ പകുതിയിലധികവും മഹാരാഷ്ട്രയിൽനിന്ന് എത്തിയവരാണ്. 436 പോസിറ്റിവ് കേസുകളിൽ 251 പേരും മുംബൈയിൽനിന്ന് വന്നവരാണ്. മേയ് 15വരെ 64,674 പേരാണ് കർണാടകയിലേക്ക് തിരിച്ചെത്തിയത്. 1,16,761 പേർക്കാണ് സേവാ സിന്ധു വെബ്സൈറ്റ് വഴി പാസ് അനുവദിച്ചത്. മാണ്ഡ്യ, ഹാസൻ, ശിവമൊഗ്ഗ, റായ്ച്ചൂർ, കൊപ്പൽ, വിജയപുര, കലബുറഹി, യാദ്ഗിർ, ഉത്തര കന്നട ജില്ലകളിലേക്കാണ് മഹാരാഷ്ട്രയിൽനിന്ന് കൂടുതൽ പേർ എത്തുന്നത്. രണ്ടാഴ്ചക്കിടെ 2,000ത്തിലധികം കുടിയേറ്റ തൊഴിലാളികളാണ് മാണ്ഡ്യയിൽ തിരിച്ചെത്തിയത്. ഇവരെല്ലാം നിരീക്ഷണ കേന്ദ്രത്തിലാണ്. അതിനാൽ, ജില്ലകൾക്കുള്ളിൽ വ്യാപന സാധ്യത ഇപ്പോഴില്ല. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്ന് കർണാടകയിലേക്ക് പ്രവേശന വിലക്കുണ്ടെങ്കിലും പാസ് ലഭിച്ചവർക്ക് വരാം. ഇത്തരത്തിൽ ഇനിയും കൂടുതൽ പേർ എത്തുമ്പോൾ രോഗികളുടെ എണ്ണവും വർധിക്കും. ചൊവ്വാഴ്ച 13പേർ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. നിലവിൽ 811 പേരാണ് ചികിത്സയിലുള്ളത്.
Next Story