Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2020 11:33 PM GMT Updated On
date_range 15 May 2020 11:33 PM GMTക്ഷേത്രങ്ങൾ തുറക്കാനൊരുങ്ങി മുസ്റായി വകുപ്പ്
text_fieldsbookmark_border
ബംഗളൂരു: കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് സംസ്ഥാനത്ത് ക്ഷേത്രങ്ങൾ തുറക്കാനുള്ള തയാറെടുപ്പുമായി മുസ്റിയാ (ദേവസ്വം) വകുപ്പ്. മേയ് 17 നുശേഷം കൂടുതൽ ലോക്ഡൗൺ ഇളവുകൾ വന്നശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുകയെന്ന് മന്ത്രി കോട്ട ശ്രീനിവാസ് പൂജാരി പറഞ്ഞു. ലോക്ഡൗൺ നിലവിൽ വന്ന മാർച്ച് 25 മുതൽ ക്ഷേത്രങ്ങൾ അടച്ചിട്ടിരിക്കുകയാണ്. സംസ്ഥാനത്ത് ചില മേഖലകളിൽ ഇളവു നൽകിയതോടെ കോവിഡ് മാർഗ നിർദേശങ്ങൾ പാലിച്ച് ക്ഷേത്രങ്ങൾ ദർശനത്തിനായി തുറന്നു നൽകണമെന്ന് ഭക്തർ ആവശ്യപ്പെടുന്നുണ്ട്. ക്ഷേത്രത്തിൽ നൽകുന്ന തീർഥത്തിനു പകരം കവാടത്തിൽ കൈകൾ ശുദ്ധീകരിക്കാൻ സാനിറ്റൈസർ നൽകാനാണ് മുസ്റായി വകുപ്പിൻെറ ആലോചന. ഇതോടൊപ്പം ദർശനത്തിന് എത്തുന്നവർ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവ നിർബന്ധമാക്കും. ഭക്തർക്ക് പൂക്കൾ, മാല, പഴങ്ങൾ, തേങ്ങ എന്നിവ ക്ഷേത്രത്തിൽ സമർപ്പിക്കാൻ അനുവാദമുണ്ടാകില്ല. ക്ഷേത്രങ്ങൾ തുറക്കുന്നത് സംബന്ധിക്കുമ്പോൾ പാലിക്കേണ്ട മാർഗ നിർദേശങ്ങൾ അന്തിമ ഘട്ടത്തിലാണെന്ന് മുസ്റായി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, പൂക്കൾ ക്ഷേത്രത്തിൽ സമർപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തുന്നത് പൂവിപണിയെ പ്രതികൂലമായി ബാധിക്കുമെന്ന് പൂക്കച്ചവടക്കാരും പറയുന്നു. പഴം, പച്ചക്കറി കർഷകർക്കായി 162 കോടി ബംഗളൂരു: ലോക്ഡൗണിൽ ദുരിതത്തിലായ പച്ചക്കറി, പഴവർഗ കർഷകർക്കും നെയ്ത്തുകാർക്കുമായി 162 കോടി രൂപയുടെ സാമ്പത്തിക ദുരിതാശ്വാസ പാക്കേജ് കർണാടക സർക്കാർ പ്രഖ്യാപിച്ചു. 50,083 ഹെക്ടർ പച്ചക്കറി കൃഷി ചെയ്ത കർഷകർക്കും 41,054 ഹെക്ടറിൽ പഴങ്ങൾ കൃഷി ചെയ്തവർക്കും ഹെക്ടറിന് 15,000 രൂപ വീതം നഷ്ടപരിഹാരമായി ലഭിക്കും. 137 കോടി രൂപ ഇതിനായി ചെലവഴിക്കുമെന്ന് നിയമ-പാർലമൻെററി കാര്യമന്ത്രി ജെ.സി. മധുസ്വാമി പറഞ്ഞു. പൂകൃഷിക്കാർക്കും ബാർബർമാർക്കും ടാക്സി ഡ്രൈവർമാർക്കും 1,610 കോടി രൂപയുടെ ദുരിതാശ്വാസം പ്രഖ്യാപിച്ച മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പഴം, പച്ചക്കറി കർഷകർക്കായി പ്രത്യേക ആനുകൂല്യം നൽകുമെന്ന് അറിയിച്ചിരുന്നു. പുതിയ പാക്കേജിൽ വാഴപ്പഴം, പപ്പായ, മുന്തിരി, പൈനാപ്പിൾ, തണ്ണിമത്തൻ തുടങ്ങിയ പഴങ്ങൾ വളർത്തുന്നവർ ഉൾപ്പെടും. പച്ചക്കറികളിൽ തക്കാളി, പച്ചമുളക്, കോളിഫ്ലവർ, കാബേജ്, മത്തങ്ങ, കാരറ്റ്, സവാള, കാപ്സിക്കം എന്നിവയും ഉൾപ്പെടും. കൈത്തറി തൊഴിലാളികൾക്ക് നൽകുന്ന രണ്ടായിരം രൂപ സഹായം 1.25 ലക്ഷം പവർ ലൂം യൂനിറ്റുകളിൽ ജോലി ചെയ്യുന്ന നെയ്ത്തുകാർക്കും ഒറ്റത്തവണ ദുരിതാശ്വാസമായി നൽകുമെന്ന് മധുസ്വാമി പറഞ്ഞു. പവർലൂം യൂനിറ്റിലും പ്രവർത്തിക്കുന്ന നെയ്ത്തുകാരന് 2,000 രൂപ നൽകും. ഇതിന് 25 കോടി രൂപ ചെലവാകും. ആദ്യ ദുരിതാശ്വാസ നടപടികൾ യെദിയൂരപ്പ സർക്കാർ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിൽ പൂകർഷകർക്ക് ഹെക്ടറിന് 25,000 രൂപ നഷ്ടപരിഹാരവും ബാർബർ, അലക്കുകാർ, ഒാട്ടോ-ടാക്സി ഡ്രൈവർമാർ, ചെരുപ്പുകുത്തികൾ എന്നിവർക്ക് 5,000 രൂപ വീതം ദുരിതാശ്വാസ സഹായവും പ്രഖ്യാപിച്ചിരുന്നു. ബി.ബി.എം.പി ബജറ്റിന് അംഗീകാരം ബംഗളൂരു: ബൃഹത് ബംഗളൂരു മഹാ നഗര പാലികെയുടെ (ബി.ബി.എം.പി) 2020-21 സാമ്പത്തിക വർഷത്തെ ബജറ്റിന് സംസ്ഥാന സർക്കാർ അംഗീകാരം നൽകി. 11,715 കോടി വകയിരുത്തിയുള്ള ബജറ്റ് ആണ് വിഡിയോ കോൺഫറൻസിലൂടെ നടത്തിയ കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ചിരുന്നത്. കോവിഡ്19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി തുക മാറ്റിവെക്കാത്തതിൽ പ്രതിപക്ഷ കൗൺസിലർമാരിൽനിന്നുള്ള പ്രതിഷേധങ്ങൾക്കിടെയാണ് ബജറ്റിന് അംഗീകാരം ലഭിക്കുന്നത്. മുഴുവൻ ബജറ്റിലെ ഒരു ശതമാനം മാത്രമാണ് ആരോഗ്യ മേഖലക്കായി മാറ്റിവെച്ചതെന്നാണ് പ്രതിപക്ഷ കൗൺസിലർമാരുടെ ആരോപണം. ലാൽ ബാഗ് പ്രഭാത സവാരിക്കാർക്ക് തുറന്നു നൽകണം ബംഗളൂരു: രാവിലെ നടക്കുന്നവർക്ക് വേണ്ടി മാത്രമായി ലാൽബാഗ് തുറന്നു നൽകണമെന്ന് സ്വാതന്ത്ര്യ സമര സേനാനി പ്രഫ. എം. ദൊരൈസ്വാമി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച കത്ത് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പക്ക് കൈമാറി. ലാൽ ബാഗ് അടച്ചതോടെ മുതിർന്നവർ ഉൾപ്പെടെയുള്ള പ്രഭാത സവാരിക്കാരാണ് ബുദ്ധിമുട്ടിലായതെന്നും കൃത്യമായ മാർഗനിർദേശത്തോടെ ലാൽബാഗ് തുറന്നുനൽകണമെന്നും ദൊരൈസ്വാമി ആവശ്യപ്പെട്ടു. ഒരുപാട് ഗുണങ്ങളുള്ള മരങ്ങളും ചെടികളും ലാൽബാഗിലുണ്ട്. ശുദ്ധവായു ശ്വസിക്കുന്നത് മുതിർന്നവർക്ക് ഉൾപ്പെടെ ഗുണം ചെയ്യും. മാസ്ക് ധരിച്ചു മാത്രമേ ആളുകൾ നടക്കാൻ എത്തുകയുള്ളുവെന്നും സാമൂഹിക അകലം ഉറപ്പാക്കുമെന്നും ദൊരൈസ്വാമി കത്തിൽ ഉറപ്പുനൽകി.
Next Story