Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightപൊതു പ്രവേശന പരീക്ഷ...

പൊതു പ്രവേശന പരീക്ഷ ജൂലൈ 30ന്

text_fields
bookmark_border
ബംഗളൂരു: ലോക്ഡൗണിനെ തുടർന്ന് നീട്ടിവെച്ച കർണാടക പൊതു പ്രവേശന പരീക്ഷ ജൂലൈ 30, 31 തീയതികളിലായി നടത്തും. ഉപമുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ ഡോ.സി.എൻ. അശ്വത് നാരായണനാണ് തീയതി പ്രഖ്യാപിച്ചത്. ഏപ്രിൽ 23, 24 തീയതികളിൽ നടക്കേണ്ട പൊതു പ്രവേശന പരീക്ഷയാണ് (സി.ഇ.ടി) നീട്ടിവെച്ചത്. നേരത്തെ ജൂണിൽ നടത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പരീക്ഷക്കുള്ള ക്രമീകരണങ്ങൾ ഉൾപ്പെടെ നടത്തേണ്ടതിനാൽ ജൂലൈ അവസാനം നടത്താൻ നിശ്ചയിക്കുകയായിരുന്നു. കർണാടകയിൽ മെഡിക്കൽ, െഡൻറൽ, ആയുഷ് തുടങ്ങിയ പ്രഫഷനൽ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള പരീക്ഷക്കായി 1.90 ലക്ഷം വിദ്യാർഥികളാണ് അപേക്ഷിച്ചിരുന്നത്. രണ്ടാം വർഷ പ്രീ യൂനിവേഴ്സിറ്റി വിദ്യാർഥികളാണ് അപേക്ഷകർ. രണ്ടാം വർഷ പ്രീ യൂനിവേഴ്സിറ്റിയുടെ ഒരു പരീക്ഷ കൂടി ഇനി നടക്കാനുണ്ട്. നീറ്റ് ഉൾപ്പെടെയുള്ള പ്രവേശന പരീക്ഷ നീട്ടിവെച്ചതോടെ കഴിഞ്ഞ ഏപ്രിൽ 20 മുതൽ സംസ്ഥാന സർക്കാർ ഗെറ്റ് സെറ്റ് ഗോ എന്ന പേരിൽ സൗജന്യ ഒാൺലൈൻ ക്രാഷ് കോഴ്സും ആരംഭിച്ചിരുന്നു. പ്രവേശന പരീക്ഷക്ക് ഒരുങ്ങുന്ന വിദ്യാർഥികൾക്കുള്ള പരിശീലനമാണ് ഒാൺലൈൻ വഴി നൽകുന്നത്. 1,69,000 വിദ്യാർഥികളാണ് ഒാൺലൈൻ പരിശീലനം ഉപയോഗപ്പെടുത്തിയതെന്ന് ഉപമുഖ്യമന്ത്രി അശ്വത് നാരായൺ പറഞ്ഞു. കൂടുതൽ വിദ്യാർഥികൾ വെബ് പോർട്ടലിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയുമുള്ള ഒാൺലൈൻ പരിശീലനം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാമൂഹിക അകലം ഉൾപ്പെടെ പാലിച്ചായിരിക്കും പരീക്ഷ നടത്തുക. രണ്ടു വിമാനങ്ങളിലായി 218 പേർ സംസ്ഥാനത്തെത്തി ബംഗളൂരു: സിംഗപ്പൂരിൽനിന്നും ദുബൈയിൽനിന്നുമുള്ള രണ്ടു വിമാനങ്ങളിലായി 218 പേർ കർണാടകയിലെത്തി. ലോക്ഡൗണിൽ വിദേശത്ത് കുടുങ്ങിയവരാണ് പ്രത്യേക വിമാനത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ തിരിച്ചെത്തിയത്. െചാവ്വാഴ്ച രാത്രി 8.56 നാണ് സിംഗപ്പൂരിൽനിന്നുള്ള വിമാനം ബംഗളൂരു വിമാനത്താവളത്തിലിറങ്ങിയത്. മൂന്നു നവജാത ശിശുക്കൾ ഉൾപ്പെടെ 177 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ കർണാടക സ്വദേശികളായ 42 യാത്രക്കാരാണ് ബംഗളൂരുവിലിറങ്ങിയത്. ബാക്കിയുള്ള 135 പേർ കേരളത്തിലേക്കുള്ളവരായിരുന്നു. കർണാടക സ്വദേശികളെ ഇറക്കിയശേഷം വിമാനം കൊച്ചിയിലേക്ക് പോയി. ദുബൈയിൽനിന്നുള്ള വിമാനം ചൊവ്വാഴ്ച രാത്രി 10.30ന് മംഗളൂരു വിമാനത്താവളത്തിലെത്തി. 176 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. കർണാടക സ്വദേശികളായ 218 പേർ ചൊവ്വാഴ്ച രാത്രി ബംഗളൂരുവിലും മംഗളൂരുവിലുമായി എത്തിയത്. വിമാനത്താവളത്തിലെ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചശേഷം ഇവരെ പ്രത്യേക ബസിൽ നഗരത്തിലെ ഹോട്ടലുകളിൽ സർക്കാർ ഒരുക്കിയിരിക്കുന്ന നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി. യാത്രക്കാർക്കെല്ലാം വിമാനത്താവളത്തിൽ വെച്ച് പുതിയ സിം കാർഡും നൽകി. വന്ദേഭാരത് മിഷ‍ൻെറ മേയ് 15നുള്ളിൽ സൗദി അറേബ്യ, സിംഗപ്പൂർ, അമേരിക്ക എന്നീ രാജ്യങ്ങളിൽനിന്ന് മൂന്നു വിമാനങ്ങൾ കൂടി ബംഗളൂരുവിെലത്തും. ഇതിൽ 600 പേർ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിങ്കളാഴ്ച രാവിലെ ലണ്ടനിൽനിന്നും 343 യാത്രക്കാരുമായി ആദ്യ വിമാനം ബംഗളൂരുവിൽ എത്തിയിരുന്നു. അന്തർ സംസ്ഥാന തൊഴിലാളികൾക്കായി കൺട്രോൾ റൂം ബംഗളൂരു: അന്തർ സംസ്ഥാന തൊഴിലാളികളുടെ കൃത്യമായ വിവരങ്ങൾ ശേഖരിച്ച ശേഷമാണ് ട്രെയിൻ യാത്രാനുമതി നൽകുന്നതെന്നും ഇതിനായി ആഭ്യന്തര സുരക്ഷ വിഭാഗം 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ഒരോ ദിവസവും നിരവധിപേരാണ് കൺട്രോൾ റൂമിലേക്ക് വിളിക്കുന്നത്. കർണാടകത്തിൽനിന്നും തിരികെ എത്തുന്ന അന്തർ സംസ്ഥാന തൊഴിലാളികളുടെ പട്ടിക അതത് സംസ്ഥാന സർക്കാറുകൾക്ക് നൽകുന്നുണ്ടെന്ന് കർണാടക ആഭ്യന്തര സുരക്ഷാ വിഭാഗം എ.ഡി.ജി.പി അറിയിച്ചു. ബസിൽ റെയിൽവേ സ്റ്റേഷനിൽ എത്തിക്കുമ്പോഴും ട്രെയിനിലും സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നുണ്ട്. മേയ് രണ്ടു മുതല്‍ ഏഴുവരെ സംസ്ഥാനത്തിൻെറ വിവിധ പ്രദേശങ്ങളിലുള്ള ലക്ഷത്തിലധികം കുടിയേറ്റ തൊഴിലാളികളെയാണ് ബസുകളിൽ സൗജന്യമായി നാട്ടിലെത്തിച്ചത്. ട്രെയിൻ പുറപ്പെട്ട അന്തർ സംസ്ഥാന തൊഴിലാളികൾക്കായി ഇതുവരെ 32,000 ഭക്ഷണപ്പൊതികൾ തൊഴിൽ വകുപ്പ് നൽകി. ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് ട്രെയിനുകളിൽ കശ്മീരി വിദ്യാർഥികൾ ഉൾപ്പെടെ 28,360 പേർ മടങ്ങിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഇനി നഴ്സിങ് ഒാഫിസർമാർ ബംഗളൂരു: കർണാടകയിലെ സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്സുമാരുടെ തസ്തിക നഴ്സിങ് ഒാഫിസർ എന്ന് പുനർനാമകരണം ചെയ്തു. നഴ്സിങ് ദിനത്തിലാണ് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയത്. നഴ്സ് എന്നതിന് പകരമായി ഇനി മുതൽ നഴ്സിങ് ഒാഫിസർ എന്ന പേരിലായിരിക്കും ഇവർ അറിയപ്പെടുക. കർണാടക ഗവ. നഴ്സസ് അസോസിയേഷൻ ഈ ആവശ്യം സർക്കാറിന് മുമ്പാകെ വെച്ചിരുന്നു. കേന്ദ്ര സർക്കാർ വർഷങ്ങൾക്ക് മുമ്പ് തന്നെ പേരിൽ മാറ്റാം വരുത്താനുള്ള ഉത്തരവിറക്കിയിരുന്നെങ്കിലും സംസ്ഥാനം അത് നടപ്പാക്കിയിരുന്നില്ല. ശമ്പളത്തിലും മറ്റു ആനുകൂല്യങ്ങളിലും മാറ്റമുണ്ടാകില്ല. സ്റ്റാഫ് നഴ്സ് ഇനി മുതൽ നഴ്സിങ് ഒാഫിസറും സീനിയർ സ്റ്റാഫ് നഴ്സ്, സീനിയർ നഴ്സിങ് ഒാഫിസറുമായിരിക്കും. െക-സെറ്റ് ജൂൺ 21ന് ബംഗളൂരു: ലോക്ഡൗണിനെ തുടർന്ന് മാറ്റിവെച്ച കർണാടക സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (കെ-സെറ്റ്) ജൂൺ 21ന് നടക്കും. സംസ്ഥാനത്ത് ഒന്നാം ഗ്രേഡ് കോളജുകളിലേക്ക് അസി. പ്രഫസർ തസ്തികയിൽ ജോലിക്ക് കയറുന്നതിന് കെ-സെറ്റ് പാസായിരിക്കണം. മൈസൂരു യൂനിവേഴ്സിറ്റിയാണ് കെ-സെറ്റ് നടത്തുന്നത്. നേരത്തെ ഏപ്രിൽ 12നായിരുന്നു പരീക്ഷ നിശ്ചയിച്ചിരുന്നത്. ജൂൺ 21ന് നടത്തുന്ന പരീക്ഷക്കായി ഇതുവരെ അപേക്ഷിക്കാത്തവർക്ക് 250 രൂപ പിഴയോടുകൂടി മേയ് 25വരെ അപേക്ഷിക്കാമെന്ന് മൈസൂരു സർവകലാശാല അധികൃതർ അറിയിച്ചു. സംസ്ഥാനത്തെ 11 കേന്ദ്രങ്ങളിലായിട്ടാണ് 41 വിഷയങ്ങളിൽ പരീക്ഷ നടക്കുക.
Show Full Article
TAGS:LOCAL NEWS 
Next Story