Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2019 5:03 AM IST Updated On
date_range 9 Nov 2019 5:03 AM ISTകബൻ പാർക്കിലെ കെട്ടിട നിർമാണത്തിനെതിരെ മനുഷ്യച്ചങ്ങല
text_fieldsbookmark_border
ബംഗളൂരു: ഹൈകോടതി സമുച്ചയത്തിനോട് ചേർന്ന് കബൻ പാർക്കിൽ ഏഴുനില കെട്ടിടം നിർമിക്കാനുള്ള നീക്കത്തിനെതിരെ പ്രത ിഷേധം തുടരുന്നു. പ്രതിഷേധം ശക്തമാക്കുന്നതിൻെറ ഭാഗമായി ശനിയാഴ്ച വാക്കേഴ്സ് അസോസിയേഷൻെറ നേതൃത്വത്തിൽ പാർക്കിൽ മനുഷ്യച്ചങ്ങല തീർക്കും. രാവിലെ എട്ടുമുതൽ 10 വരെയാണ് പ്രതിഷേധ പരിപാടി നടക്കുക. കബൻ പാർക്കിൽ സ്ഥിരമായി നടക്കാനെത്തുന്നവരുടെ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കെട്ടിട നിർമാണത്തിനെതിരെ മനുഷ്യച്ചങ്ങല തീർക്കുന്നത്. കെട്ടിടം നിർമിക്കാനുള്ള അനുമതി ഒക്ടോബറിൽ ഹൈകോടതി നൽകിയതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. കബൻ പാർക്കിൻെറ പരിസ്ഥിതിക്ക് ദോഷകരമാകുന്ന രീതിയിൽ കെട്ടിട നിർമാണം പാടില്ലെന്നാണ് പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെടുന്നത്. കെട്ടിട നിർമാണത്തിനെതിരെ നവംബർ അഞ്ചിന് കബൻ പാർക്ക് വാക്കേഴ്സ് അസോസിയേഷൻെറ പ്രസിഡൻറ് അഡ്വ. എസ്. ഉമേഷ് പൊതുതാൽപര്യ ഹരജിയും നൽകി. തെരഞ്ഞെടുപ്പ് കമീഷൻെറ പഴയകാല കെട്ടിടം പൊളിച്ചുനീക്കിയാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. ഈ കെട്ടിടം പൊളിക്കുന്നതിനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്. കർണാടക പാർക്ക് ആൻഡ് പ്ലേ ഗ്രൗണ്ട് പ്രിസർവേഷൻ ആക്ട് പ്രകാരമല്ല കെട്ടിട നിർമാണവുമായി സർക്കാർ മുന്നോട്ടുപോകുന്നതെന്നും ഹരജിയിൽ അടുത്തയാഴ്ച കോടതി വാദം കേൾക്കുമെന്നാണ് പ്രതീക്ഷയെന്നും ഉമേഷ് പറഞ്ഞു. ഹൈകോടതിയുടെ ഭാഗമായാണ് പ്രസ് ക്ലബിനും കെ.ജി.ഐ.ഡി കെട്ടിടത്തിനും ഇടയിൽ കബൻ പാർക്കിൽ പുതിയ കെട്ടിടം നിർമിക്കുന്നത്. കെട്ടിടം നിർമിക്കാനുള്ള തീരുമാനത്തിനെതിരെ ആരംഭിച്ച ഒാൺലൈൻ കാമ്പയിനിൽ ഇതുവരെ 17,000ത്തിലധികം പേരാണ് പിന്തുണയറിയിച്ചിരിക്കുന്നത്. പുരാതന കെട്ടിടം സംരക്ഷിക്കണമെന്നും കെട്ടിട നിർമാണവുമായി മുന്നോട്ടുപോകരുതെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഇതിനിടെ കബൻ പാർക്കിന് പൈതൃക പദവി ലഭ്യമാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ് സംഘടനകൾ. ബസ് ഡേ കാമ്പയിനുമായി ബി.എം.ടി.സി ബംഗളൂരു: രണ്ടു വർഷത്തെ ഇടവേളക്കുശേഷം ബി.എം.ടി.സി 'ബസ് ഡേ കാമ്പയിൻ' വീണ്ടും ആരംഭിക്കുന്നു. ബി.എം.ടി.സി ചെയർമാനായി ചുമതലയേറ്റ മുൻ ബി.ജെ.പി എം.എൽ.എ നന്ദിഷ് റെഡ്ഡിയാണ് പദ്ധതി ആരംഭിക്കാൻ താൽപര്യമുണ്ടെന്ന് അറിയിച്ചത്. നേരത്തേ ബി.ജെ.പി സർക്കാറിൻെറ കാലഘട്ടത്തിൽ ആരംഭിച്ച ബസ് ഡേ വീണ്ടും വ്യത്യസ്ത രീതിയിൽ അവതരിപ്പിക്കാൻ ആഗ്രഹമുണ്ടെന്ന് ബി.എം.ടി.സി ചെയർമാനായി ചുമതലയേൽക്കുന്ന ചടങ്ങിൽ നന്ദിഷ് റെഡ്ഡി പറഞ്ഞു. പൊതുഗതാഗതത്തിലേക്ക് മാറാൻ ജനങ്ങളോട് അഭ്യർഥിക്കുക എന്ന ലക്ഷ്യത്തോടെ 2010 മുതലാണ് കോർപറേഷൻ എല്ലാ മാസവും നാലാം തീയതി ബസ് ദിനം ആചരിക്കാൻ തുടങ്ങിയത്. ഇതിൻെറ ഭാഗമായി ഗതാഗത മന്ത്രി, സിനിമാ താരങ്ങൾ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ബസ് ദിനത്തിൽ ബി.എം.ടി.സി ബസുകളിൽ യാത്ര ചെയ്ത് ജനങ്ങൾക്ക് ബോധവത്കരണം നൽകിയിരുന്നു. ജനങ്ങളിൽ ബി.എം.ടി.സിയെക്കുറിച്ച് അവബോധം വളർത്തുന്നതിനായി കോർപറേഷൻ അന്ന് പുതിയ റൂട്ടുകളിലും സർവിസ് ആരംഭിച്ചിരുന്നു. എന്നാല്‍, പിന്നീട് ഉദ്യോഗസ്ഥർക്ക് ഇതിനോടുള്ള താൽപര്യം നഷ്ടപ്പെട്ടതോടെ ദിനാചരണം കടലാസിൽ ഒതുങ്ങുകയായിരുന്നു. 2017 ഡിസംബറിലായിരുന്നു അവസാനമായി ബസ് ദിനം ആചരിച്ചതെന്നും നന്ദിഷ് പറഞ്ഞു. 2010-11ൽ 6,110 ബസുകളാണ് ബി.എം.ടി.സിക്കുണ്ടായിരുന്നത്. ആ സമയത്ത് 43.50 ലക്ഷം പേരാണ് ബസുകളിൽ യാത്ര ചെയ്തിരുന്നത്. എന്നാൽ, ഇപ്പോൾ നിലവിൽ 6,486 ബസുകൾ സർവിസ് നടത്തുന്നുണ്ടെങ്കിലും യാത്രക്കാരുടെ എണ്ണം കുറഞ്ഞു. 36 ലക്ഷം മാത്രമാണ് ബി.എം.ടി.സി ബസുകളിൽ യാത്ര ചെയ്യുന്നത്. ഇതിനാൽ, ജനങ്ങളെ ബി.എം.ടി.സിയിലേക്ക് ആകർഷിക്കുന്നതിനായാണ് ബി.എം.ടി.സി ബസ് ഡേ കാമ്പയിൻ ആചരിക്കാൻ ഒരുങ്ങുന്നത്. പുതുതായി 6000 ബസുകൾ ഘട്ടംഘട്ടമായി നിരത്തിലിറക്കുമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയും അറിയിച്ചിരുന്നു. വീടുകളിൽ മോഷണം നടത്തുന്നയാൾ പിടിയിൽ മംഗളൂരു: നിരവധി വീടുകളിൽ മോഷണം നടത്തുന്ന യുവാവിനെ മണിപ്പാൽ പൊലീസ് പിടികൂടി. മംഗളൂരുവിലെ ബാജ്പേയ്ക്കടുത്തുള്ള ഹൊയ്ഗെപാഡുവിലുള്ള യോഗിഷ് ആണ് പിടിയിലായത്. ഇയാളുടെ പക്കൽനിന്ന് 133 ഗ്രാം സ്വർണാഭരണങ്ങളും അഞ്ച് ലാപ്ടോപ്പുകളും ഒരു ലക്ഷം രൂപയും ബൈക്കും പൊലീസ് കണ്ടെടുത്തു. കണ്ടെടുത്ത മോഷണവസ്തുക്കൾ എല്ലാം ചേർത്ത് 6,65,000 രൂപ വില വരുമെന്ന് പൊലീസ് അറിയിച്ചു. മണിപ്പാൽ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രദേശങ്ങളിൽ അടുത്തിടെ മോഷണം വർധിച്ചിരുന്നു. വീടുകളിൽനിന്നും ലാപ്ടോപ്, സ്വർണാഭരണങ്ങൾ തുടങ്ങിയവയാണ് വ്യാപകമായി മോഷണം പോയത്. ഇതേതുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മണിപ്പാലിലെ പേരമ്പള്ളിക്ക് സമീപത്തുനിന്നും പ്രതി പിടിയിലായത്. പ്രതിയെ പിടികൂടിയ സംഘത്തിൽ ഉൾപ്പെട്ട മണിപ്പാൽ പൊലീസ് ഇൻസ്പെക്ടർ എം. മഞ്ജുനാഥ് ഉൾപ്പെട്ട സംഘത്തിന് ക്യാഷ് അവാർഡും പൊലീസ് മേധാവി നിഷ ജെയിംസ് പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story