Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Dec 2019 5:03 AM IST Updated On
date_range 28 Dec 2019 5:03 AM ISTയു.പി മാതൃകയിൽ കർണാടകയും; പ്രതിഷേധക്കാരുടെ സ്വത്ത് കണ്ടുകെട്ടാൻ നടപടി
text_fieldsbookmark_border
ബംഗളൂരു: ഉത്തർപ്രദേശിലെ ബി.ജെ.പി സർക്കാറിനു പിന്നാലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ പങ്കെടുത്തവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടിക്കൊരുങ്ങി കർണാടക സർക്കാറും. ഡിസംബർ 19ന് മംഗളൂരുവിൽ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ പൊതുമുതൽ നശിപ്പിച്ചതിനാണ് പ്രതിഷേധക്കാരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കാൻ ബി.എസ്. യെദിയൂരപ്പ സർക്കാർ ഒരുങ്ങുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച 130ഒാളം പേർക്ക് കഴിഞ്ഞദിവസമാണ് ഉത്തർപ്രദേശ് സർക്കാർ നോട്ടീസ് അയച്ചത്. 50 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകിയില്ലെങ്കിൽ സ്വത്ത് കണ്ടുകെട്ടുമെന്നായിരുന്നു മുന്നറിയിപ്പ്. ഇതിനു പിന്നാലെയാണ് മംഗളൂരുവിലെ അക്രമങ്ങളുടെ ഉത്തരവാദിത്തം പ്രതിഷേധക്കാരിൽ അടിച്ചേൽപിച്ച് നഷ്ടപരിഹാരം ഈടാക്കാൻ തീരുമാനിച്ചിരിക്കുന്നത്. മംഗളൂരുവിൽ നടന്ന അക്രമസംഭവങ്ങൾക്കിടെ, പ്രതിഷേധക്കാർ പൊതുമുതൽ നശിപ്പിച്ചിട്ടുണ്ടെങ്കിൽ അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികളെക്കുറിച്ച് ചർച്ച ചെയ്ത് അധികം വൈകാതെ തീരുമാനമെടുക്കുമെന്ന് റവന്യൂ മന്ത്രി ആർ. അശോക പറഞ്ഞു. മനഃപൂർവം കലാപമുണ്ടാക്കുകയായിരുന്നുവെന്നും പൊതുമുതൽ നശിപ്പിച്ചതിന് അവരിൽനിന്ന് തുക ഈടാക്കണമെന്നും ബി.ജെ.പി നേതാവ് സി.ടി. രവി ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നു. ഗുണ്ടാ നിയമപ്രകാരം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യണമെന്നും സി.ടി. രവി പറഞ്ഞു. ഇക്കാര്യത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻെറ രീതി പിന്തുടരണമെന്നാണ് യെദിയൂരപ്പയോട് മന്ത്രിമാർ ആവശ്യപ്പെട്ടത്. അതേസമയം, സമാധാനം വീണ്ടെടുക്കുന്നതിനു പകരം ഭീഷണിയിലൂടെയും പ്രതികാര നടപടിയിലൂടെയും സർക്കാർ പ്രതിഷേധത്തെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നാണ് പ്രതിപക്ഷത്തിൻെറ ആരോപണം. മംഗളൂരുവിലെ പ്രതിഷേധം സംഘർഷത്തിലേക്കു നയിച്ചത് പൊലീസാണെന്ന ആരോപണം നിലനിൽക്കെയാണ് പ്രതിഷേധക്കാർക്കെതിരെ നടപടിയുമായി ബി.ജെ.പി സർക്കാർ മുന്നോട്ടുപോകുന്നത്. പൊലീസുകാർ തന്നെ വാഹനങ്ങളും മറ്റും തകർക്കുന്നതിൻെറ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. മംഗളൂരുവിലെ പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story