വാളയാർ മറക്കാതിരിക്കാൻ ഉണർന്നിരിക്കൽ സമരം

05:02 AM
03/12/2019
കോഴിക്കോട്: വാളയാര്‍ കേസ് സി.ബി.ഐക്ക് വിടുക എന്ന ആവശ്യവുമായി മതേതരസമാജം സംഘടനയുടെ ആഭിമുഖ്യത്തില്‍ മുതലക്കുളത്ത് 24 മണിക്കൂര്‍ ഉണര്‍ന്നിരിപ്പ് സമരം ആരംഭിച്ചു. രാവിലെ പത്തു മുതല്‍ ആരംഭിച്ച സമരം സൈറ വിജേഷ് എന്ന ബാലിക മെഴുകുതിരി കൊളുത്തി ഉദ്ഘാടനം ചെയ്തു. വാളയാറിലെ പെണ്‍കുട്ടികളുടെ അവസ്ഥ ആവര്‍ത്തിക്കാതിരിക്കാനും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാനും കേരള മനസ്സാക്ഷി ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്ന് പരിപാടിയിൽ സംസാരിച്ച എം.എന്‍. കാരശ്ശേരി പറഞ്ഞു. സി.ബി.ഐ അന്വേഷണത്തിലൂടെ കുറ്റവാളികള്‍ക്ക് ശിക്ഷ വാങ്ങി നല്‍കാനാവുമെന്നാണ് പ്രതീക്ഷ. പെണ്‍കുട്ടികളുടെ മരണം മറക്കാതിരിക്കാനും മറവിക്കെതിരെ ജനമനസ്സാക്ഷിയെ ഉണര്‍ത്താനുമാണ് ഉണര്‍ന്നിരിക്കല്‍ സമരമെന്നും അദ്ദേഹം വ്യക്തമാക്കി. വർക്കിങ് പ്രസിഡൻറ് കെ.ടി. രാജശേഖരൻ ആമുഖപ്രഭാഷണം നടത്തി. സംസ്കൃതി സംഘടനയുടെ പ്രതിനിധി ബിജു ആൻറണി, ഡോ. ആസാദ്, കവി രഘൂത്തമൻ പച്ചാളം, ഡോ. അജോയ് കുമാർ, പി.ടി. ഹരിദാസ്, കെ. അജിത, ശ്രീജ തുടങ്ങിയവർ സംസാരിച്ചു. രാവിലെ പത്തു മുതല്‍ ആരംഭിച്ച സമരത്തിന് ഐക്യദാര്‍ഢ്യവുമായി കലാകാരന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തിച്ചേര്‍ന്നിരുന്നു. കൊച്ചു പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ സമരപ്പന്തലില്‍ ഒരുക്കിയ കാന്‍വാസില്‍ ചിത്രരചനയും നടത്തി. സമരം ഇന്ന് രാവിലെ സമാപിക്കും.
Loading...