മണിയൻ തേച്ച് നിവർത്തുന്നു; പ്രാരബ്ധങ്ങളുടെ ചുളിവുകൾ
text_fieldsആലപ്പുഴ: നഗരത്തിരക്കിൽനിന്ന് ഒഴിഞ്ഞുമാറി കല്ലുപാലത്തിന് തെക്കുവശത്തെ ഒറ്റമ ുറിക്കടയിൽ ടി. മണിയൻ അരനൂറ്റാണ്ടായി ഇസ്തിരിപ്പെട്ടി ചലിപ്പിക്കുകയാണ്. വൈദ്യുത ി എത്തിനോക്കാത്ത കുടുസുമുറിയിലെ പഴകിയ മേശപ്പുറത്ത് ഈ വയോധികൻ വസ്ത്രങ്ങളോടൊപ്പം തേച്ച് നിവർത്താൻ ശ്രമിക്കുന്നത് പ്രാരബ്ധങ്ങൾ ചുളിവുകളായി മാറിയ ജീവിതം കൂടിയാണ്. കൂട്ടിനായി ആകെയുള്ളത് ഇരുളിനെയകറ്റുന്ന കൊച്ച് മണ്ണെണ്ണ വിളക്ക് മാത്രം. മറ്റ് തേപ്പുകാർ മിക്കവരും വൈദ്യുതി ഉപകരണത്തിന് വഴിമാറിയപ്പോൾ മണിയൻ പാരമ്പര്യം മുറുകെപിടിച്ച് കരിയിൽ തന്നെ തേപ്പ് തുടരുകയാണ്. മണിയെൻറ അച്ഛനും മുത്തച്ഛനും വീടുകൾ കയറി തുണികൾ ശേഖരിച്ച് കരിനിറച്ച ഇസ്തിരിപ്പെട്ടി കൊണ്ട് തേച്ച് നൽകിയിരുന്നവരാണ്. അവരിൽനിന്ന് വ്യത്യസ്തമായി 16ാം വയസ്സ് മുതൽ സ്വന്തമായി കടയിട്ട് തേപ്പ് പണി തുടങ്ങുകയായിരുന്നു മണിയൻ.
അഞ്ചാം ക്ലാസിൽ പഠനം അവസാനിപ്പിച്ചാണ് അച്ഛെൻറ കൂടെ പണിക്കിറങ്ങിയത്. കല്ലുപാലത്തിന് സമീപത്തെ പുത്തൻനാലകം തറവാട്ടിൽ തുണി ശേഖരിക്കാൻ പോകും. ആ കുടുംബവുമായുള്ള ബന്ധമാണ് അവരുടെ വക സ്ഥലത്തെ കടമുറി വാടകക്ക് ലഭിക്കാൻ കാരണം. അന്ന് പ്രതിമാസം 15 രൂപയായിരുന്നു വാടക. ഇപ്പോൾ 200 രൂപയായി. ഇൗ നിരയിലെ മറ്റ് കടകൾക്ക് 2500 മുതലാണ് വാടക. കുടുംബത്തിലെ മുഹമ്മദ് കോയക്ക് തന്നോടുള്ള സ്നേഹം കൊണ്ട് മാത്രമാണ് തുച്ഛമായ വാടകക്ക് കടമുറി നൽകുന്നതെന്ന കാര്യം മണിയൻ നന്ദിയോടെ ഓർക്കുന്നു. വീടുകളിലെല്ലാം തേപ്പുപെട്ടികൾ എത്തിയതോടെ ആദ്യകാലത്തെയത്ര പണി ഇല്ലാതായി. ഇസ്തിരി തീരെ ആവശ്യമില്ലാത്തയിനം തുണിത്തരങ്ങളും വിപണയിലെത്തി. എന്നാലും ഇസ്തിരി നിർബന്ധമായും വേണ്ട കോട്ടൺ, ഖാദി, ലിനൻ തുണികളിൽ തയ്ച്ച ഷർട്ടും ജുബ്ബയുമൊക്കെ വളരെയധികം പേർ ഇന്നും ധരിക്കുന്നുവെന്നതിനാൽ കഞ്ഞികുടി മുട്ടുന്നില്ലെന്ന് പറയാം. ഒരു ഷർട്ട് തേക്കാൻ 10 രൂപയാണ് നിരക്ക്.
മാന്യമായി പെരുമാറുന്ന നല്ലവരായ ആളുകളോട് കൂടുതൽ ചോദിക്കാൻ മനസ്സ് വരുന്നില്ലെന്ന് മണിയൻ പറയുന്നു. കട തുടങ്ങുന്ന കാലത്ത് ഏഴ് പൈസയായിരുന്നു നിരക്ക്. ഭാര്യയും നാല് മക്കളും അടങ്ങുന്ന കുടുംബം ഇക്കാലമത്രയും ജീവിച്ചതും മക്കൾക്ക് വിദ്യാഭ്യാസം നൽകാൻ കഴിഞ്ഞതും തേപ്പ് പണിയിലൂടെ കിട്ടിയ വരുമാനം കൊണ്ട് മാത്രമാണ്. പ്രായം എഴുപതിനോട് അടുക്കുന്നതിനാൽ ശാരീരിക അവശതകൾ അലട്ടുന്നുണ്ട്. അന്നത്തേക്കാൾ ഇന്ന് അധ്വാനം കൂടുതലാണ്. മക്കളൊക്കെ സാമാന്യം നല്ല ചുറ്റുപാടിലുമാണ്. എന്നിരുന്നാലും ആരോഗ്യം അനുവദിക്കും കാലത്തോളം സ്വന്തമായി പണിയെടുത്ത് ജീവിക്കണമെന്ന തീരുമാനത്തിൽ മാറ്റമില്ല. ദിനേന 300 രൂപയെങ്കിലും വരുമാനം ലഭിക്കുന്നുണ്ടെന്നും തനിക്കും ഭാര്യ രാധക്കും ചെലവിന് കഴിയാൻ അത് മതിയെന്നും പഴവീട് മുല്ലാത്ത് വടക്കേതിൽ വീട്ടിൽ താമസിക്കുന്ന മണിയൻ പറയുന്നു.