അരൂർ: മണ്ഡലത്തിലെ മനക്കോടം പ്രദേശത്ത് കാർഷിക നഴ്സറി നടത്തുകയാണ് അഞ്ചംഗ വനിത സംഘം. ലക്ഷ്മി തരു, ആര്യവേപ്പ്, പേര, റമ്പുട്ടാൻ, സപ്പോട്ട തുടങ്ങിയവയാണ് മുഖ്യമായും വിറ്റ ുപോകുന്നത്. ആവശ്യക്കാരുടെ വീടുകളിലെത്തി കുഴിയെടുത്ത് തൈകൾ വെച്ചും കൊടുക്കും. മുമ്പ് തൊഴിലുറപ്പ് തൊഴിലാളികളായ 60 പേരടങ്ങുന്ന സംഘമായിരുന്നു. വന്നുവന്ന് തങ്ങൾ ഇപ്പോൾ അഞ്ചരയാളുകളായി ചുരുങ്ങിയെന്ന് മുതിർന്ന അംഗം സാവിത്രി പാതി തമാശയിൽ പറയുന്നു. ആദ്യമൊക്കെ റോഡുകളുടെ ഇരുവശവും വെട്ടി വെളുപ്പിക്കുന്നതിൽ മത്സരിച്ചു.
സ്വകാര്യപറമ്പുകളിലും കാടുവെട്ടൽ അടക്കം നിരവധി പ്രവൃത്തികളിൽ ഏർപ്പെട്ടു. അടുത്തിടെയാണ് അഞ്ചുപേർ സ്വന്തം കൈയിൽനിന്ന് പണം മുടക്കി നഴ്സറി എന്ന ആശയത്തിന് രൂപംകൊടുത്തത്. അരൂർ മണ്ഡലത്തിലെ വോട്ടർമാരാണ് ഈ അഞ്ചംഗസംഘം. സുവർണയും സതിയും മണിക്കുട്ടിയും മേരിയുമാണ് മറ്റുള്ളവർ. ഉപതെരഞ്ഞെടുപ്പിൽ ആര് ജയിക്കും? ഉത്തരം അൽപം വിശദീകരണത്തിലൂടെയാണ് വന്നത്- ‘‘വോട്ട് രാഷ്ട്രീയം നോക്കിയാണ്’’. ഒരുകൂട്ടർ മനു സി. പുളിക്കലിന് ഒപ്പം. മറ്റൊരാൾ മാത്രം ഒന്നും മിണ്ടിയില്ല -മേരി. ‘‘അവൾ കോൺഗ്രസാണ്’’-കൂടെയുള്ളവരുടെ മറുപടി.