സ്നേഹംനിറച്ച് അധ്യാപകരും കൂട്ടുകാരും അജയ്യുടെ വീട്ടിൽ
text_fieldsചാരുംമൂട്: സ്കൂളിൽ പോകാൻ കഴിയാതെ വീട്ടിൽ കഴിയുന്ന ഭിന്നശേഷിക്കാരൻ അജയ് ആനന്ദ ിന് സഹപാഠികളുടെയും അധ്യാപകരുടെയും സാന്നിധ്യം ആവേശമായി. കൂട്ടുകാരും അധ്യാപകരും വീട്ടിലേക്ക് എത്തിയതോടെ അജയുടെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. താമരക്കുളം ചത്തിയറ വി.എച്ച്.എസ്.എസിലെ ഏഴാംക്ലാസ് വിദ്യാർഥിയായ അജയ്ക്ക് ജന്മനാ വൈകല്യങ്ങളും രോഗവും മൂലം ചുരുക്കം ദിവസങ്ങളിൽ മാത്രമാണ് സ്കൂളിലെത്താനാവുന്നത്. സഹപാഠികൾ അജയ്ക്ക് കളിപ്പാട്ടങ്ങളും പുസ്തകങ്ങളും കേക്കും മിഠായിയുമെല്ലാം സമ്മാനിച്ചു.
കേരളം ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുന്നതിെൻറ ഭാഗമായാണ് അജയ്യുടെ ഭവനസന്ദർശനം. താമരക്കുളം കളത്തിെൻറ കിഴക്കതിൽ സദാനന്ദൻ, ബിന്ദു ദമ്പതികളുടെ മകനാണ് അജയ് ആനന്ദ്. ചങ്ങാതിക്കൂട്ടം പരിപാടി ഭാഗമായി പി.ടി.എ പ്രതിനിധികളും വിദ്യാഭ്യാസ പ്രവർത്തകരും കുടുംബശ്രീ, സാംസ്കാരിക പ്രവർത്തകരും ജനപ്രതിനിധികളും അജയ്യുടെ വീട്ടിലെത്തി. പഞ്ചായത്ത് പ്രസിഡൻറ് വി. ഗീത ഉദ്ഘാടനം ചെയ്തു. താമരക്കുളം ഭിന്നശേഷി സൗഹൃദ പഞ്ചായത്തായി പ്രഖ്യാപിച്ചു. പി.ടി.എ പ്രസിഡൻറ് എസ്. ജമാൽ അധ്യക്ഷതവഹിച്ചു. സ്കൂൾ മാനേജർ കെ.എ. രുഗ്മിണിയമ്മ മുഖ്യാതിഥിയായി. പഞ്ചായത്ത് അംഗം എസ്.എ. റഹീം, പ്രിൻസിപ്പൽ കെ.എൻ. ഗോപാലകൃഷ്ണൻ, ഹെഡ്മാസ്റ്റർ ജി. വേണു, എസ്.എസ്.എ ട്രെയിനർ ബിന്ദു, കെ.എൻ. അശോക് കുമാർ, ഇന്ദു, ശിവപ്രകാശ്, ഉണ്ണികൃഷ്ണൻ, വിദ്യ, ഷീബ, അനീഷ് തുടങ്ങിയവർ പങ്കെടുത്തു.