Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2017 2:58 PM GMT Updated On
date_range 2017-05-17T20:28:09+05:30റോഡ് സുരക്ഷ കൗൺസിൽ യോഗം: കലക്ടറേറ്റ് ജങ്ഷനിലും പുലയൻവഴിയിലും സിഗ്നലിന് സാധ്യതാപഠനം
text_fieldsആലപ്പുഴ: ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന കലക്ടറേറ്റ് ജങ്ഷനിലും പുലയൻവഴി ജങ്ഷനിലും ട്രാഫിക് സിഗ്നൽ സ്ഥാപിക്കുന്നത് സംബന്ധിച്ച് കെൽട്രോണിനെക്കൊണ്ട് സാധ്യതാപഠനം നടത്താൻ കലക്ടർ വീണ എൻ. മാധവെൻറ അധ്യക്ഷതയിൽ ചേർന്ന ജില്ല റോഡ് സുരക്ഷ കൗൺസിൽ യോഗം തീരുമാനിച്ചു. മന്ത്രി ജി. സുധാകരൻ സമർപ്പിച്ച കത്തും അതുസംബന്ധിച്ച് ഉദ്യോഗസ്ഥർ തയാറാക്കിയ റിപ്പോർട്ടും പരിഗണിക്കുകയായിരുന്നു കൗൺസിൽ. ചെങ്ങന്നൂർ മണ്ഡലത്തിൽ ആഞ്ഞിലിമൂട് ജങ്ഷനിൽ മുന്നറിയിപ്പ് ബോർഡുകളും വേഗനിയന്ത്രണ സംവിധാനവും സ്ഥാപിക്കുന്നത് സംബന്ധിച്ച് കെ.കെ. രാമചന്ദ്രൻ നായർ എം.എൽ.എ നൽകിയ കത്തും കെ.എസ്.ടി.പി എക്സി. എൻജിനീയർ സമർപ്പിച്ച എസ്റ്റിമേറ്റും ഉദ്യോഗസ്ഥ റിപ്പോർട്ടും യോഗം പരിഗണിച്ചു. എസ്റ്റിമേറ്റ് കേരള റോഡ് സുരക്ഷ അതോറിറ്റിക്ക് കൈമാറാൻ തീരുമാനിച്ചു. കായംകുളം ഒ.എൻ.കെ ജങ്ഷനിലെ അശാസ്ത്രീയ സിഗ്നൽ ലൈറ്റുകൾ സംബന്ധിച്ച പരാതിപ്രകാരം നടത്തിയ അന്വേഷണ റിപ്പോർട്ടിൽ ചർച്ച നടത്തി. നാല് സിഗ്നൽ പോസ്റ്റുകളിൽ സിംഗിൾഫേസ് സിഗ്നൽ പോയൻറുകൾ ആക്കാനും സിഗ്നൽ പോസ്റ്റുകൾക്ക് സമീപം സ്റ്റോപ് സിഗ്നലും സീബ്രാലൈനും പരിഗണിക്കാനും തീരുമാനിച്ചു. ദേശീയപാതയോരത്തെ അനധികൃത ബോർഡുകൾ നീക്കം ചെയ്യാനും ഇവ െവച്ചവർക്ക് നോട്ടീസ് അയക്കാനും കലക്ടർ നിർദേശം നൽകി. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് എ.സി റോഡിൽ ചെയ്യേണ്ട കാര്യങ്ങൾ ഗതാഗതവകുപ്പ് മന്ത്രിയുടെ പ്രതിനിധി തങ്കച്ചൻ പടിഞ്ഞാറേക്കളം വിശദീകരിച്ചു. പള്ളിക്കൂട്ടുമ്മ ജങ്ഷനിൽ ഡിവൈഡർ പണിയാനും ബ്ലിങ്കിങ് ലൈറ്റുകൾ സ്ഥാപിക്കാനും മണലാടി ജങ്ഷനിൽ ബ്ലിങ്കിങ് ലൈറ്റുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച സാധ്യതാപഠനത്തിന് കെൽട്രോണിനെ ചുമതലപ്പെടുത്താനും തീരുമാനിച്ചു.യോഗത്തിൽ ആർ.ടി.ഒ എബി ജോൺ, ഡെപ്യൂട്ടി എക്സിക്യൂട്ടിവ് എൻജിനീയർ പി.വി. ജയിനമ്മ, ഡെപ്യൂട്ടി എക്സിക്യൂട്ടിവ് എൻജിനീയർ എസ്. ഉഷാകുമാരി, ഡിവൈ.എസ്.പി എം.ഇ. ഷാജഹാൻ എന്നിവർ പങ്കെടുത്തു.
Next Story