Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2017 2:23 PM GMT Updated On
date_range 2017-05-13T19:53:31+05:30കുടുംബശ്രീ സംസ്ഥാന വാർഷികം: 17ന് വനിതകളുടെ ചെറുവള്ളങ്ങളുടെ മത്സരം; 19ന് ഇരുചക്ര വാഹന റാലി
text_fieldsആലപ്പുഴ: ഇൗ മാസം 20 മുതൽ 31 വരെ ആലപ്പുഴയിൽ നടക്കുന്ന കുടുംബശ്രീ 19-ാം സംസ്ഥാന വാർഷികം ചരിത്രസംഭവമാക്കാൻ ജില്ലയിലെ സി.ഡി.എസ് ചെയർപേഴ്സൺമാരുടെ യോഗം തീരുമാനിച്ചു. തയാറെടുപ്പുകൾ 79 സി.ഡി.എസുകളിലും തുടങ്ങി. ജില്ലയിലെ 1354 എ.ഡി.എസുകളിലും പ്രചാരണ ബാനറും ബോർഡുകളും സ്ഥാപിച്ചു. ജില്ലയിലെ 20,108 അയൽക്കൂട്ടങ്ങളും 10 വീതം കൈയെഴുത്ത് പോസ്റ്ററുകൾ സ്ഥാപിച്ചു. എല്ലാ അയൽക്കൂട്ടങ്ങളിലും വാർഷിക സന്ദേശജ്വാല തെളിച്ചു. 17ന് കാവാലത്ത് വനിതകൾ പങ്കെടുക്കുന്ന ചെറുവള്ളങ്ങളുടെ മത്സരം സംഘടിപ്പിക്കും. 19ന് ആലപ്പുഴ പട്ടണത്തിൽ 250 വനിതകൾ പങ്കെടുക്കുന്ന ഇരുചക്ര വാഹനറാലി സംഘടിപ്പിക്കും. 28ന് ഒരുലക്ഷം വനിതകൾ പങ്കെടുക്കുന്ന മഹാസംഗമം ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 20, 21 തീയതികളിൽ എസ്.കെ ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്ലീനത്തിൽ പങ്കെടുക്കുന്ന 1500 പേർക്കുള്ള രണ്ടുദിവസത്തെ ഭക്ഷണത്തിനുള്ള സാധനങ്ങൾ ജില്ലയിലെ 80 സി.ഡി.എസുകളിൽനിന്ന് ശേഖരിക്കും. 20ന് വൈകീട്ട് അഞ്ചിന് പിന്നണി ഗായിക ദലീമ ജോജോ നയിക്കുന്ന ഗാനമേള. 20, 21 തീയതികൾ നടക്കുന്ന പ്ലീനത്തിൽ എത്തുന്നവർക്കും 22,23 തീയതികളിലായി നടക്കുന്ന കലാമത്സരത്തിൽ പങ്കെടുക്കുന്നവർക്കും പുന്നപ്ര വടക്ക്, ആലപ്പുഴ വടക്ക്, ആലപ്പുഴ തെക്ക്, ആര്യാട്, മാരാരിക്കുളം തെക്ക് എന്നീ സി.ഡി.എസുകളിലെ കുടുംബശ്രീ അംഗങ്ങളുടെ ഭവനങ്ങളിലാണ് താമസം ഒരുക്കിയിരിക്കുന്നത്. 24 മുതൽ 31വരെ മുനിസിപ്പൽ ടൗൺഹാളിൽ നടക്കുന്ന ട്രേഡ് ഫെയറിൽ സംസ്ഥാനത്തെ വിവിധ സംരംഭക ഗ്രൂപ്പുകളുടെ സ്റ്റാളുകൾ ഉണ്ടാകും. ജില്ല മിഷനിലെ ഉദ്യോഗസ്ഥർ, ട്രെയിനിങ് ടീം അംഗങ്ങൾ, എം.ഇ.സിമാർ, കാസ് ടീം അംഗങ്ങൾ എന്നിവർ അടങ്ങുന്ന 80 അംഗ സംഘമായിരിക്കും വളൻറിയർമാരായി പ്രവർത്തിക്കുക. മന്ത്രി ജി. സുധാകരൻ ചെയർമാനായും ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ വർക്കിങ് ചെയർമാനായും കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടർ എസ്. ഹരികിഷോർ കൺവീനറുമായി സ്വാഗതസംഘം പ്രവർത്തിക്കുന്നു. ആലപ്പുഴ മുനിസിപ്പൽ ചെയർമാൻ തോമസ് ജോസഫാണ് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ.
Next Story